തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ..?; വിടുവായത്തം പറഞ്ഞ് വീണ്ടും വെട്ടിലായി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വിടുവായത്തം വി‍ളിച്ചു പറഞ്ഞ് വീണ്ടും വെട്ടിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പ് അടുത്തതോടെ ശശി തരൂരിനെതിരെ പരോക്ഷമായി ആരോപണമുന്നയിച്ചാണ് ശ്രീധരന്‍ പിള്ള വീണ്ടും വെട്ടിലായത്.

‘തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്’.

ബിജെപിയോ താനോ അത് ചോദിക്കുന്നില്ലെങ്കിലും ജനങ്ങള്‍ അത് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശശി തരൂരിനെതിരായ ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

മൂന്ന് ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂരുകാരിയാണെന്നും അടൂരിലെ അഭിഭാഷകനായ മദുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു ഇവരെന്നും കേസ് നിയമോപദേശത്തിനായി തന്‍റെ അടുത്ത് വന്നിരുന്നുവെന്നും പിള്ള പറഞ്ഞു.

രാഷ്ട്രീയമായി ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍, തിലോത്തമ മുഖര്‍ജിയെയും യുഎന്‍ ഉഗ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സിനെയും സുനന്ദ പുഷ്‌കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തത്. എന്നാല്‍ അടൂര്‍ സ്വദേശിനിയുടെ പേര് ശ്രീധരന്‍ പിള്ള തരൂരുമായി ബന്ധപ്പെടുത്തിയതെങ്ങനെയെന്നു വ്യക്തമല്ല.

അതിന് ശേഷം മൂന്ന് ഭാര്യമാര്‍ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോൾ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാൾ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയുമാണ് ഉണ്ടായതെന്നുമാണ് പിള്ള തിരുത്തിയത്.

കേരളത്തിലെ സമസ്ത ജീവിത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ‌് ബിജെപിയുടേതെന്ന‌് ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സിപി എമ്മിനെയും കോണ്‍ഗ്രസിനെക്കാളും വലിയ കക്ഷി ബിജെപിയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News