മൂന്നാംവട്ട ചര്‍ച്ചയും പരാജയം; കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്സിന് രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്സ്. കൊച്ചിയില്‍ ചേര്‍ന്ന മൂന്നാംവട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്തിമ തീരുമാനം കേരള കോണ്‍ഗ്രസ്സ് നേതാക്കളെ അറിയിച്ചത്.

എന്നാല്‍ ഒരു സീറ്റില്‍ ഒതുക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് കെ എം മാണിയും നിലപാടെടുത്തു.അതേ സമയം കേരള കോണ്‍ഗ്രസ്സുമായി ഇനി ചര്‍ച്ചയില്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.

അങ്ങനെയെങ്കില്‍ തങ്ങളുടെ തീരുമാനമെന്തെന്ന് 7 ന് ചേരുന്ന പാര്‍ട്ടിയോഗത്തിനു ശേഷം അറിയിക്കാമെന്ന് കെ എം മാണിയും വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ്സ് നേതൃത്വവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ യു ഡി എഫിനകത്ത് വലിയ പൊട്ടിത്തെറിക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.

രണ്ടാം സീറ്റു കിട്ടിയേ മതിയാകൂ എന്ന് കേരള കോണ്‍ഗ്രസ്സ് ചര്‍ച്ചയില്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും വ‍ഴങ്ങാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല.

ഒരു സീറ്റ് മാത്രം തന്ന് തങ്ങളെ ഭിത്തിയോട് ചേര്‍ത്ത് ഒതുക്കാമെന്ന് കരുതേണ്ടെന്ന് കെ എം മാണി ചര്‍ച്ചയില്‍ ആഞ്ഞടിച്ചു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്ന് കോണ്‍ഗ്രസ്സും ആവര്‍ത്തിച്ചു. അങ്ങനെയെങ്കില്‍ ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

യു ഡി എഫ് തീരുമാനം കേരള കോണ്‍ഗ്രസ്സ് അംഗീകരിക്കുമെന്ന് ചര്‍ച്ചക്കു ശേഷം രമേശ് ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒരു സീറ്റില്‍ ഒതുക്കാനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ കെ എം മാണി അന്തിമ തീരുമാനം പാര്‍ട്ടി യോഗത്തിനു ശേഷം പറയാമെന്ന് മാധ്യമങ്ങളെ അറിയിച്ചു.

ഒരു സീറ്റുകൊണ്ട് മാണി വിഭാഗം തൃപ്തിപ്പെട്ടേയ്ക്കുമെങ്കിലും പി ജെ ജോസഫ് എന്തു നിലപാടെടുക്കുമെന്നാണ് മാണി വിഭാഗം ഉറ്റുനോക്കുന്നത്.

ഒരു സീറ്റ് മാത്രമാണെങ്കില്‍ അത് തങ്ങള്‍ക്ക് വേണമെന്ന് പി ജെ ജോസഫ് വിഭാഗം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി പിളര്‍ന്നാലും ശരി സീറ്റ് ജോസഫിന് വിട്ടുകൊടുക്കേണ്ടെന്നാണ് മാണി വിഭാഗത്തിന്‍റെയും നിലപാട്. ഈ സാഹചര്യത്തില്‍ 7ന് ചേരുന്ന കേരള കോണ്‍ഗ്രസ്സ് നേതൃയോഗം ഇരു വിഭാഗത്തിനും ഏറെ നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here