റഫേല്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ദില്ലി: റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. കേന്ദ്രം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും നടപടിയെടുക്കണമെന്നുമുള്ള ഹര്‍ജിയും കോടതി പരിഗണിക്കും.

ഇന്ത്യാ പാക് സംഘര്‍ഷത്തിനിടയിലും റഫേല്‍ യുദ്ധ വിമാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടെയാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നത്.

റഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ അനുദിനം പുറത്ത് വരുന്ന പശ്ചാത്തലത്തിലാണ് ഡിസംബര്‍ 14ലെ റഫേല്‍ വിധിന്യായം തുറന്ന കോടതിയില്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറായിരിക്കുന്നത്.

റഫേല്‍ യുദ്ധവിമാന ഇടപാടില്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. യുദ്ധവിമാന ഇടപാടില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതുസംബന്ധിച്ച കോടതിയുടെ നിരീക്ഷണത്തില്‍ ഗുരുതരമായ പിഴവ് പറ്റിയെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. സീല്‍ ചെയ്ത കവറില്‍ കേന്ദ്രം രഹസ്യമായി സമര്‍പ്പിച്ച രേഖകള്‍ കോടതിയെ തെറ്റുധരിപ്പിച്ചുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

ഇതിന് കാരണക്കാരനായ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിക്കെതിരെ നടപടിയും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ആവശ്യങ്ങളെല്ലാം തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന സുപ്രീംകോടതി തീരുമാനം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നു. വിധിന്യായത്തിലെ തെറ്റുകള്‍ക്കെതിരെ തിരുത്തല്‍ അപേക്ഷയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News