പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയിഷ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറും. എഫ് 16 വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്തതായി അമേരിക്ക.

മറ്റൊരു രാജ്യത്തിനെതിരെ വിമാനം ഉപയോഗിക്കില്ലെന്ന് കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക എഫ് 16 വിമാനം പാക്കിസ്ഥാന് നല്‍കിയത്. പാക്ക് പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി അമേരിക്ക വെട്ടികുറച്ചു.അതേ സമയം അതിര്‍ത്തിയില്‍ ഇന്നും പ്രകോപനം സൃഷ്ട്ടിച്ച് പാക്കിസ്ഥാന്‍ വെടിവയ്പ്പ്.

രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെതിരായ കുരുക്ക് മുറുകുന്നു.ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് കയറി ബോംബ് വര്‍ഷം നടത്താന്‍ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിനെതിരെ അമേരിക്ക രംഗത്ത് എത്തി.

അമേരിക്കന്‍ നിര്‍മ്മിത വിമാനമാണ് എഫ് 16.മറ്റൊരു രാജ്യത്തില്‍ അക്രമം നടത്താന്‍ ഉപയോഗിക്കരുതെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന് എഫ് 16 വിമാനം അമേരിക്ക കൈമാറിയത്.

നിലവില്‍ ഇന്ത്യ പുറത്ത് വിട്ട തെളിവുകള്‍ പ്രകാരം എഫ് 16 വിമാനം ഉപയോഗിച്ച് അതിര്‍ത്തി ലംഘിച്ചുവെന്ന് മാത്രമല്ല, ഇന്ത്യന്‍ മേഖലയില്‍ അമ്‌റാം മിസൈലുഖല്‍ വിക്ഷേപിക്കുകയും ചെയ്തു.എഫ് 16യില്‍ നിന്നുമാത്രം വിക്ഷേപിക്കാന്‍ കഴിയുന്നവയാണ് അമറാം വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍. എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന പാക്ക് വാദവും അമേരിക്ക തള്ളി.

പാക്ക് ആസ്ഥാനമായ ജയിഷ മുഹ്മദിന് പുല്‍വാമ സ്‌ഫോടനത്തിലുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് കൈമാറും. നിലവില്‍ ജയിശ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ്,ബ്രിട്ടന്‍,അമേരിക്ക എന്നിവര്‍ പ്രമേയം കൊണ്ട് വന്നിട്ടുണ്ട്.അമേരിക്ക പാക്കിസ്ഥാനെതിരായ നീക്കം ശക്തമാക്കി.

പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയോടെ നല്‍കിയിരുന്ന വിസ മൂന്ന് മാസത്തേയ്ക്ക് മാത്രമായി അമേരിക്ക വെട്ടിചുരുക്കി.തീവ്രവാദികള്‍ക്കെതിരെ സംരക്ഷിക്കുന്ന നടപടി പാക്ക് ഭാഗത്ത് നിന്നും ഉണ്ടാകുന്നസാഹചര്യത്തിലാണ് വിസ കാലാവധി വെട്ടികുറച്ചത്.

അതേ സമയം അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുന്നു. രജോരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ പുലര്‍ച്ചയോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം വെടിവച്ചു.