റയലിനെ തകര്‍ത്തുവിട്ട് അയാക്സിന്‍റെ അട്ടിമറി; റൊണാള്‍ഡോയും സിദാനുമില്ലാത്ത റയലിന് ഇത് കിരീടമില്ലാത്ത വര്‍ഷം

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകന്‍ സിനദീൻ സിദാനും ടീം വിട്ടശേഷം റയൽ മാഡ്രിഡിന്‍റെ വമ്പന്‍ തോല്‍വികള്‍ തുടരുന്നു. തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ട് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനെത്തിയ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ അയാക്‌സ് ആംസ്റ്റര്‍ഡാം അവരുടെ തട്ടകത്തില്‍ വച്ചു തന്നെ തകര്‍ത്ത് തരിപ്പണമാക്കി.

രണ്ടാപാദ പ്രീക്വാര്‍ട്ടറില്‍ റയലിനെ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്ത അയാക്‌സ് 5-3 എന്ന ശരാശരിയിലാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നത്. ആദ്യ പാദത്തിലെ 2-1 എന്ന സ്‌കോറിന്‍റെ തോല്‍വിയിയില്‍ നിന്നുള്ള ഉജ്വലമായ തിരിച്ചുവരവരായിരുന്നു അയാക്‌സിനിത്. ഇത്തരമൊരു അട്ടിമറി നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ഡച്ച് ടീമായ അയാക്‌സ്.

ചാമ്പ്യന്‍സ് ലീഗിലെ റയലിന്‍റെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. 2012 നുശേഷം ഇതാദ്യമായാണ് റയല്‍ ആദ്യ നോക്കൗട്ട് റൗണ്ടില്‍ പുറത്താകുന്നത്. അന്ന് ചെല്‍സിയോടായിരുന്നു തോല്‍വി. സീസണില്‍ ഇത് റയലിന്‍റെ ഹോം മാച്ചിലെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ആദ്യം താരതമ്യേന ദുര്‍ബലരായ ജിറോണയോടും പിന്നീട് ബാഴ്‌സലോണയോട് കിങ്ങ്സ് കപ്പിലും ലാ ലിഗയിലുമാണ് റയല്‍ സ്വന്തം തട്ടകത്തില്‍ തോറ്റത്.

ഹക്കിം സിയെച്ച് (7), ഡേവിഡ് നീറസ് (18), ഡ്യൂസൻ ടാഡിച്ച് (62), ലാസ്സെ ഷോൺ (72) എന്നിവരാണ് അയാക്സിനായി ലക്ഷ്യം കണ്ടത്. റയലിന്‍റെ ആശ്വാസ ഗോൾ‌ മാർക്കോ അസെൻസിയോ (70) നേടി.

ആദ്യപാദത്തിൽ മഞ്ഞകാര്‍ഡ് ലഭിച്ച ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ കൂടാതെ കളിച്ച റയല്‍ അയാക്‌സിന് മുന്നില്‍ തീര്‍ത്തും ദുര്‍ബലരായിരുന്നു. ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ ലൂക്കാ മോഡ്രിച്ച്, കരിം ബെന്‍സേമ, കാസിമെറോ, യങ് സെന്‍സേഷന്‍ വിനീഷ്യുസ് ജൂനിയര്‍ എന്നിവരടങ്ങുന്ന റയലിനെതിരെ സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തോടെയാണ് അയാക്സ് പന്ത് തട്ടിയത്.

ഏഴാം മിനിറ്റില്‍ സിയേചിന്‍റെ ഗോളിലൂടെ അയാക്‌സ് ആദ്യം ലീഡെടുത്തു. പതിനെട്ടാം മിനിറ്റില്‍ നെരെസ് ലീഡുയര്‍ത്തി. അറുപത്തിരണ്ടാം മിനിറ്റില്‍ ടാഡിച്ചിന്‍റെ ഗോളില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തിയ അയാക്‌സിനെതിരേ എഴുപതാം മിനിറ്റില്‍ അസെന്‍സിയോ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ട് മിനിറ്റിനുള്ളില്‍ ഷോണ്‍ നാലാം ഗോള്‍ വലയിലാക്കി ജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ രണ്ടാം മഞ്ഞ കണ്ട് നാചോ പുറത്തായത് റയലിന്‍റെ പ്രഹരം ഇരട്ടിയാക്കി.

പതിമൂന്ന് തവണ കിരീടം നേടിയ റയലിനെ തകര്‍ത്ത അയാക്‌സ് ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷമാണ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. 2016 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം റയലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാര്‍. നാലുവട്ടം കിരീടം ചൂടിയ ചരിത്രമുണ്ട് അയാക്‌സിന്. 1995ലാണ് അവര്‍ അവസാനമായി ചാമ്പ്യന്മാരായത്. 1994ലെ യുവേഫ കപ്പിലെ തോല്‍വിക്കുശേഷം ഇതാദ്യമായാണ് റയല്‍ ഒരു യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യപാദത്തില്‍ ജയിച്ചശേഷം രണ്ടാംപാദത്തിലെ തോല്‍വിയോടെ പുറത്താകുന്നത്.

ബറൂസിയ ഡോര്‍ട്ട്മണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച ടോട്ടനം ഹോട്‌സ്പറും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാല്‍പത്തിയൊന്‍പതാം മിനിറ്റില്‍ ഹാരി കെയ്‌നാണ് ഗോള്‍ നേടിയത്. 4-0 ഗോള്‍ശരാശരിയിലായിരുന്നു ടോട്ടനത്തിന്‍റെ ജയം.

ഇന്ന് പി എസ് ജി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും പോര്‍ട്ടോ എ എസ് റോമമയെയും നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here