അയോധ്യയിലെ ഭൂമി തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ ഉത്തരവിടാന്‍ ഒരുങ്ങി സുപ്രീംകോടതി

അയോധ്യയിലെ ഭൂമി തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ ഉത്തരവിടാന്‍ ഒരുങ്ങി സുപ്രീംകോടതി. മധ്യസ്ഥത സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കക്ഷികള്‍ക്ക് ഇന്ന് വൈകുന്നേരം വരെ കോടതി സമയം നല്‍കി.

മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡ് അനുകൂലിച്ചപ്പോള്‍ ഹിന്ദു മഹാ സഭയും രാം ലല്ലയും ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തു.

അയോദ്ധ്യ കേസ് മതപരവും വൈകാരികവുമായ വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാന്‍ ആകൂവെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്.

ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി 45 മിനുട്ടോളം കക്ഷികളുടെ വാദം കോടതി കേട്ടു. അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് വാദിച്ച രാം ലല്ല തര്‍ക്കഭൂമിക്ക് പുറത്ത് മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ പൊതു ജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചു നല്‍കാമെന്ന് കോടതിയല്‍ വാദിച്ചു.

മധ്യസ്ഥ ശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനായി കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഇവരുടെ ആവശ്യം അംഗീകരിച്ചില്ല. മദ്ധ്യസ്ഥയെ അനുകൂലിച്ച മുസ്ലീം കക്ഷികള്‍ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന നിലപാട് എടുത്തു.

മധ്യസ്ഥതയിലൂടെ ഉണ്ടാകുന്ന തീരുമാനം കോടതി അംഗീകരിച്ചാല്‍ അത് വിധി തന്നെയാണെന്നും കക്ഷികള്‍ അല്ലാത്തവരും ഇത് അംഗീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചൂണ്ടികാണിച്ചു. ബാബര്‍ ചെയ്ത കാര്യങ്ങളില്‍ കോടതിക്ക് നിയന്ത്രണം ഇല്ല. ചരിത്രത്തെ ആര്‍ക്കും റദ്ദാക്കാന്‍ കഴിയില്ല.

തര്‍ക്കം എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. അയോദ്ധ്യ വിഷയം രണ്ടു സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമല്ല, രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

എന്നാല്‍ മധ്യസ്ഥ ചര്‍ച്ച നല്ലതാണെങ്കിലും അയോദ്ധ്യ കേസില്‍ അതിന്റെ ഫലപ്രാപ്തിയില്‍ സംശയം ഉണ്ടെന്നു അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടികാട്ടി.

കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി എങ്ങിനെ മുറിവുണക്കാം എന്നാണ് ആലോചിക്കുന്നതെന്ന് നിരീക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News