തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വേഛാപരമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

സ്വകാര്യവല്‍ക്കരണ തീരുമാനം പൊതുതാല്‍പ്പര്യത്തിനെതിരാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്താക്കുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്റെ സ്വത്താണെന്ന് ഹര്‍ജിയില്‍ വിശദമാക്കുന്നു. വിമാനത്താവളത്തിന് തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258.06 ഏക്കര്‍ ഭൂമി നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്.

2003 കാലഘട്ടത്തില്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്തു നല്‍കിയിരുന്നു. സ്വകാര്യവല്‍ക്കരണം ഉണ്ടാവില്ലെന്നാണ് അന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്.

അങ്ങനെ ആലോചിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ സ്വകാര്യവല്‍ക്കരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

വിമാനത്താവളം മറ്റാര്‍ക്കെങ്കിലും നല്‍കുന്നുവെങ്കില്‍ രണ്ടു വിമാനത്താവളം നടത്തി പരിചയമുള്ള കേരള സര്‍ക്കാരിന് തന്നെ നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഡല്‍ഹി, മുംബൈ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ മുന്‍പരിചയം നിര്‍ബന്ധമായിരുന്നു.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് യോഗ്യതയുള്ളതിനാലാണ് മുന്‍ പരിചയമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയാണ് സ്വകാര്യവല്‍ക്കരണ നീക്കമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഹര്‍ജി കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here