ബാലാകോട്ടിലെ ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കള്‍; വ്യോമാക്രണത്തിന് കൃത്യമായ തെളിവ് വേണമെന്നും ബന്ധുക്കള്‍

ബാലാകോട്ടില്‍ പാക ഭീകര ക്യാമ്പില്‍ വ്യോമസേന നടത്തിയ തിരിച്ചടിയുടെ തെളിവുകള്‍ ആവശ്യപ്പെട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ രംഗത്തെത്തി.

ഫെബ്രുവരി 14-ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരായ ഉത്തര്‍പ്രദേശ് സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശ് രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് വ്യോമാക്രമണത്തന് തെളിവ് ചോദിച്ച് രംഗത്തെത്തിയത്.

വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്ഥാന്‍ വാദിക്കുമ്പോള്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നത് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.

വ്യോമാക്രമണം നടന്നതായി തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ എവിടെ വ്യോമാക്രമണം നടത്തിയെന്നതിന് കൃത്യമായ തെളിവ് വേണം. തെളിവുകളില്ലാതെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും- രാം വകീലിന്‍റെ ഭാര്യ ഗീതാ ദേവിയും സഹോദരി രാംറക്ഷയും ചോദിക്കുന്നു.

ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും എന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും അതാകും തന്‍റെ സഹോദരന്‍റെ വീരമൃത്യുവിനുള്ള പ്രതികാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുല്‍വാമയില്‍ കണ്ടതുപൊലെ തെളിവുകള്‍ അപ്പുറത്തും കാണാനാഗ്രഹിക്കുകയാണ്.

പുല്‍വാമയില്‍ സൈനികരുടെ അറ്റുപോയ കൈകളും കാലുകളും മൃതദേഹങ്ങളും കണ്ടിരുന്നു. ഇതുപോലെ അവിടെയും കാണണമെന്നുണ്ട്.

വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്‍റെ അമ്മ സുലേലതയും ഇതേ ആവശ്യംതന്നെ മുന്നോട്ടുവെയ്ക്കുന്നു. ഞങ്ങള്‍ ഒരിക്കലും തൃപ്തരല്ല, അവിടെ ആരെയും മരിച്ചതായി കണ്ടില്ല.

അവിടെ മരിച്ചവരെ സംബന്ധിച്ച് സ്ഥിരീകരിച്ച വാര്‍ത്തകളുമില്ല. അവര്‍ മരിച്ചുകിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണമെന്നും സുലേലത പറഞ്ഞു

ബാലാകോട്ടിലെ വ്യോമാക്രമണത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചതെന്നും പാകിസ്ഥാന്‍ തുടക്കംമുതലേ വാദിച്ചിരുന്നു.

റോയിട്ടേ‍ഴ്സും ബി ബി സിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പാക് വാദങ്ങള്‍ ന്യായീകരിക്കുന്നവിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പ്രസ്താവനയില്‍ ഒട്ടേറെ ജയ്ഷെ ഭീകരരും പരിശീലകരും കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നു.

250ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്ന് ക‍ഴിഞ്ഞ ദിവസം ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടിരുന്നു. വ്യോമാക്രമണ വേളയില്‍ 300 ഓളം മൊബൈലുകള്‍ ബാലാകോട്ടില്‍ ജീവമായിരുന്നുവെന്നുവെന്ന എന്‍ ടി ആര്‍ ഒ റിപ്പോര്‍ട്ട് പുറത്തുവിട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണമറിയണമെങ്കില്‍ പ്രതിപക്ഷം പാകിസ്ഥാനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണിനോക്കണമെന്നും പരിഹസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News