ഒരു ബദൽ ഉയർത്തിക്കൊണ്ടുവരണം; അതിനു ചുറ്റും എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്തണം; എങ്കിലേ ബിജെപിയെകാര്യക്ഷമമായി നേരിടാനാകൂ: പ്രകാശ് കാരാട്ട്

പുൽവാമയിലെ ഭീകരാക്രമണവും തുടർന്ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തി തിരിച്ചടിച്ചതും അതിനോടുള്ള പ്രത്യാക്രമണമെന്ന നിലയിൽ പാകിസ്ഥാൻ ഇന്ത്യൻ വ്യോമസേനാ വിങ‌് കമാൻഡർ അഭിനന്ദനെ പിടികൂടിയതും പിന്നീട് വിട്ടയച്ചതുമായ സംഭവങ്ങൾ മോഡി സർക്കാരിനും ബിജെപിക്കും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പുതിയ ആഖ്യാനത്തിന് വഴി ഒരുക്കിയിരിക്കുകയാണ്.

ഭരണപരാജയം മറയ്ക്കാൻ യുദ്ധോത്സുക ദേശീയവാദം

യുദ്ധോത്സുക ദേശീയവാദം ഉയർത്തുന്നതിന്റെ ഭാഗമായി ബിജെപി ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ദേശീയ സുരക്ഷ, രാജ്യത്തിന്റെ പ്രതിരോധം എന്നീ വിഷയങ്ങളിലാണ്. സൈന്യം കൈക്കൊണ്ട നടപടിയെയും വർധിച്ചതോതിൽ അവർ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. മോഡിക്കുമാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂവെന്നും ബിജെപി സർക്കാരിന്റെ കൈകളിൽമാത്രമേ രാജ്യത്തിന്റെ സുരക്ഷ ഭദ്രമായിരിക്കൂവെന്നുമാണ് മൊത്തം പ്രചാരണത്തിന്റെ ഉള്ളടക്കം.

ബിജെപിക്ക് ഏറ്റവും സൗകര്യപ്രദമായ മുദ്രാവാക്യമാണിത്. കാരണം, മോഡി സർക്കാരിന്റെ അഞ്ചുവർഷക്കാല ഭരണത്തിനിടയിലെ എല്ലാ രംഗത്തുമുള്ള പരാജയം മറച്ചുവയ‌്ക്കാൻ ഇതവർക്ക് സഹായകരമാകും. പുൽവാമ ആക്രണത്തിന് തൊട്ടുമുമ്പാണ് റഫേൽ ഇടപാട് സംബന്ധിച്ച് ‘ദ ഹിന്ദു’ ദിനപത്രം പ്രധാനമന്ത്രി മോഡിയെയും കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. രാജ്യസുരക്ഷയുമായി അടുത്ത ബന്ധമുള്ള വിഷയമായിരുന്നു അത്. പ്രധാനമന്ത്രി മോഡി നേരിട്ടാണ് ഈ ഇടപാടിൽ എത്തിയത്. വ്യോമസേനയുടെയോ രാജ്യത്തിന്റെയോ താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നില്ല ഈ ഇടപാട്.

അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ എതിരിടാനുറച്ച പ്രതിപക്ഷ പാർടികൾക്ക് പുതിയ സാഹചര്യം തരണംചെയ്യുന്നതിനുള്ള ഒരുക്കം ഫലപ്രദമായി നടത്താനായിരുന്നില്ല. ഉദാഹരണത്തിന് ഉത്തർപ്രദേശിലെയും ബിഹാറിലെയും പ്രധാന പാർടികൾ ജാതി അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുകൾ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ കണ്ടെത്തുകയും ചെയ്തു. മറ്റു ചില സംസ്ഥാനങ്ങളിലാകട്ടെ അവിടത്തെ സർക്കാരിന് നേതൃത്വം നൽകുന്ന കക്ഷികൾ വിചാരിച്ചത് വായ്പ എഴുതിത്തള്ളലും മറ്റ് ക്ഷേമനടപടികളുംവഴി അവർക്ക് ബിജെപിയെ ചെറുക്കാൻ കഴിയുമെന്നായിരുന്നു.

എന്നാൽ, ഇത്തരം നടപടികൾകൊണ്ടുമാത്രം ബിജെപിയുടെ ആക്രമണത്തെ ചെറുക്കാൻ കഴിയില്ല. കാരണം, ബിജെപിയുടെ പ്രചാരണം തീവ്ര ദേശീയവാദത്തിന്റെയും പാകിസ്ഥാനിൽനിന്നുള്ള ഭീകരവാദ ഭീഷണിയെക്കുറിച്ചുമായിരുന്നു. ഇത് നേരിടാൻ പുതിയ ആഖ്യാനം ആവശ്യമാണെന്നർഥം.

ജീവിതപ്രശ‌്നങ്ങൾ തെരഞ്ഞെടുപ്പ‌് വിഷയമാക്കണം

സമ്പദ‌്‌ വ്യവവസ്ഥയെക്കുറിച്ച് വരുന്ന എല്ലാ വസ്തുതകളും രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നു. എല്ലാ മേഖലകളും–- കാർഷിക, വ്യാവസായിക, തൊഴിൽ വ്യാപാര മേഖലകളെല്ലാം–- പ്രതിസന്ധിയിലേക്ക‌് കൂപ്പുകുത്തുകയാണ്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. കാർഷിക പ്രതിസന്ധി കർഷകരുടെ ജീവിതം തകർത്തെറിഞ്ഞിരിക്കുകയാണ്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അടുത്തിടെ ഇറക്കിയ കണക്ക‌് അനുസരിച്ച് നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിൽ കാർഷിക വരുമാന വളർച്ച കഴിഞ്ഞ 14 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി (2018 ഒക്ടോബർ–-ഡിസംബർ കാലത്ത്). 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു നരേന്ദ്ര മോഡിയുടെ വാഗ്ദാനം. തൊഴിലില്ലായ്മയുടെ കാര്യമെടുത്താൽ, ഇതുസംബന്ധിച്ച നാഷണൽ സാമ്പിൾ സർവേയുടെ പഠനം മോഡി സർക്കാർ പുഴ്ത്തിവച്ചു. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേത് എന്നാണ് ആ പഠനം വ്യക്തമാക്കുന്നത്.

റഫേൽ ഇടപാടിൽ തെളിഞ്ഞതുപോലെ ചങ്ങാത്തമുതലാളിത്തം എല്ലാ അതിർവരമ്പുകളും ഭേദിക്കുകയാണിപ്പോൾ. അനിൽ അംബാനിക്ക് കോടികളുടെ കരാറാണ് റഫേൽ ഇടപാടിൽ പങ്കാളിത്ത കമ്പനിയെന്ന നിലയിൽ ലഭിച്ചത്. സ്വകാര്യവൽക്കരണത്തിനു വച്ച തിരുവനന്തപുരത്തെ വിമാനത്താവളമുൾപ്പെടെ ആറ് വിമാനത്താവളവും അദാനി കമ്പനിക്ക് ലഭിച്ചിരിക്കുന്നു. കൂട്ടുകച്ചവടമാണ് ഇവിടെ തെളിയുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തെ മോഡി ഭരണകാലത്ത‌് കണ്ടതുപോലെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളുടെ നിഷേധവും മറ്റൊരുകാലത്തും ഉണ്ടായിട്ടില്ല. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയാണ് ആക്രമിക്കപ്പെടുന്നത‌്. ന്യൂനപക്ഷത്തെയാകട്ടെ ഭൂരിപക്ഷ വർഗീയത കടന്നാക്രമിക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങളണ് പ്രതിപക്ഷ പാർടികൾ ഉയർത്തേണ്ടതും ഊന്നേണ്ടതും. എങ്കിലേ ഫലപ്രദമായ ബദൽവേദി കെട്ടിപ്പടുക്കാനാകൂ. മതനിരപേക്ഷതയും ജനാധിപത്യവും ഒരു വിട്ടുവീഴ്ചയുമില്ലാതെ പ്രതിരോധിക്കണമെങ്കിലും ഇതാവശ്യമാണ്. മോഡി സർക്കാരിന്റെ വലതുപക്ഷ സാമ്പത്തികനയങ്ങൾക്കും പിന്തിരിപ്പൻ സാമൂഹ്യകാഴ്ചപ്പാടിനുമെതിരെയുള്ള സാമൂഹ്യ–- സാമ്പത്തിക നയങ്ങൾ ഉയർത്തി വിശ്വസനീയമായ ഒരു ബദൽ കെട്ടിപ്പടുക്കുകതന്നെവേണം. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ ആഖ്യാനം ‘പിന്നോട്ടു പോകൽ തടഞ്ഞ് ഇന്ത്യയെ മുന്നോട്ടു നയിക്കുക’ എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

മോഡിയുടെ കശ‌്മീർനയത്തെ തുറന്നുകാണിക്കണം

ഇതിനർഥം ഭീകരവാദം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങൾ ഒഴിവാക്കണമെന്നല്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതിന് സൈന്യത്തെമാത്രം ആശ്രയിച്ചുള്ള മോഡി സർക്കാരിന്റെ നയത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുകതന്നെ വേണം. 2016 സെപ്തംബറിലെ സർജിക്കൽ സ്ട്രൈക്കുകൊണ്ട് എന്തുകൊണ്ട് ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കാനായില്ലെന്ന ചോദ്യം പ്രസക്തമാണ്.

അതിനുശേഷമാണ് പുൽവാമയിലെ ഏറ്റവും ബീഭത്സമായ ഭീകരാക്രമണത്തിന് നാം ഇരയായത്. പാകിസ്ഥാനിലെ ബാലാകോട്ടിലെ ജയ‌്ഷെ മുഹമ്മദിന്റെ പരിശീലനകേന്ദ്രം വ്യോമാക്രമണത്തിലൂടെ നശിപ്പിച്ചതിനും അതിലെ അന്തേവാസികളെ വധിച്ചതിനും ഒരു തെളിവും ഇതുവരെയും ഹാജരാക്കാനയിട്ടുമില്ല. ഇതിനെല്ലാം പുറമെ കശ്മീർപ്രശ്നത്തെ രാഷ്ട്രീയമായി പരിഹരിക്കുന്നതിലുള്ള മോഡി സർക്കാരിന്റെ പരാജയവും കശ്മീരിലെ സ്ഥിതിഗതികൾ വഷളാക്കുന്നതിൽ മോഡി സർക്കാരിനുള്ള പങ്കും നാം ഉയർത്തിക്കാട്ടണം.

അതോടൊപ്പം ഫലപ്രദമായ ഒരു ബദൽപദ്ധതി ഉയർത്തിക്കാട്ടുന്നതിലും ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെ ദൃഢമായ സമീപനം സ്വീകരിക്കുന്നതിലും കോൺഗ്രസ് പാർടിയുടെയും ഇടതുപക്ഷ ഇതര പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദൗർബല്യം കണക്കിലെടുത്ത് സിപിഐ എമ്മും ഇടതുപക്ഷ പാർടികളും ശക്തമായ ഒരു ബദൽ ഉയർത്തിക്കൊണ്ടുവരണം. അതിനു ചുറ്റുമായി എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്തുകയും വേണം. ഇതിലൂടെമാത്രമേ ബിജെപിയുടെ കടന്നാക്രമണത്തെ കാര്യക്ഷമമായി നേരിടാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News