വാറും ഇഞ്ച്വറി ടൈമും തുണച്ചു; യുണൈറ്റഡ് അകത്ത്; പിഎസ്ജി പുറത്ത്

വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായത്തോടെ ലഭിച്ച ഇഞ്ചുറി ടൈം പെനാല്‍റ്റികളിലൂടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും പോര്‍ച്ചുഗീസ് ക്ലബ് എഫ് സി പോര്‍ട്ടോയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തൊണ്ണൂറ്റിനാലാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് യുണൈറ്റഡ് പി എസ് ജിയെ പ്രീക്വാര്‍ട്ടറില്‍ തന്നെ പുറത്താക്കിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു എവെ മത്സരത്തില്‍ യുണൈറ്റഡിന്‍റെ ജയം.

സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആദ്യപാദ മത്സരത്തില്‍ തോറ്റ യുണൈറ്റഡിന്‍റെ ഉജ്വല തിരിച്ചുവരവാണ് പാരീസില്‍ കണ്ടത്. പോള്‍ പോഗ്ബയുടെ അസാന്നിധ്യത്തില്‍ ഇരട്ടഗോള്‍ നേടിയ റൊമേലു ലുക്കാക്കുവാണ് മാഞ്ചസ്റ്ററിന്‍റെ വിജയ ശില്‍പ്പി.

ഇന്നലത്തെ ജയത്തോടെ ഗോള്‍ ശരാശരി 3-3 ആയെങ്കിലും കൂടുതല്‍ എവെ ഗോള്‍ നേടിയതിന്‍റെ ബലത്തിലാണ് യുണൈറ്റഡ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. യുണൈറ്റഡ് മൂന്ന് എവെ ഗോളുകള്‍ നേടിയപ്പോള്‍ പി എസ് ജി രണ്ട് എവെ ഗോളുകളാണ് നേടാനായത്. ചാംപ്യൻസ് ലീഗിൽ സ്വന്തം മൈതാനത്തെ ആദ്യ
പാദം രണ്ടു ഗോളുകൾക്ക് തോറ്റശേഷം തിരിച്ചടിച്ചു ജയിക്കുന്ന ആദ്യ ടീമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

രണ്ടാം മിനിറ്റില്‍ ബെല്‍ജിയം താരം റൊമേലു ലുക്കാക്കുവാണ് യുണൈറ്റഡിനെ ആദ്യം മുന്നിലെത്തിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ ബെര്‍നറ്റ് പി എസ് ജിയെ ഒപ്പമെത്തിച്ചെങ്കിലും മുപ്പതാം മിനിറ്റില്‍ ലുക്കാക്കു വീണ്ടും ലക്ഷ്യം കണ്ട് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമിന്‍റെ നാലാം മിനിറ്റിലായിരുന്നു യുണൈറ്റഡിനെ വിജയത്തിലെത്തിച്ച റാഷ്‌ഫോര്‍ഡിന്‍റെ പെനാല്‍റ്റി ഗോള്‍.

ഡിയോഗോ ഡാലറ്റിന്‍റെ കിക്ക് കിംബെപ്പെയുടെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റാഷ്‌ഫോര്‍ഡ് ചുവന്ന ചെകുത്താൻമാർക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചു. വാറിന്‍റെ അടിസ്ഥാനത്തിലാണ് സ്ലൊവേനിയന്‍ റഫറി ഡാമിര്‍ സ്‌കോമിന പെനാല്‍റ്റി അനുവദിച്ചത്.

മറ്റൊരു മത്സരത്തില്‍ ക‍ഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ എ എസ് റോമയെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പിച്ച് എഫ് സി പോര്‍ട്ടൊയും ക്വാര്‍ട്ടറിലെത്തി. ആദ്യപാദത്തില്‍ 2-1 എന്ന സ്‌കോറില്‍ വിജയിച്ച റോമ, 4-3 എന്ന ഗോള്‍ശരാശരിയിലാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

ഇരുപത്തിയാറാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ സോറസാണ് പോര്‍ട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. 37-ാം മിനിറ്റില്‍ ഡി റോസി റോമയെ ഒപ്പമെത്തിച്ചു. എന്നാല്‍, 52-ാം മിനിറ്റില്‍ മറെഗയുടെ ഗോളില്‍ പോര്‍ട്ടോ വീണ്ടും മുന്നിലെത്തി. മുഴുവൻ സമയത്ത് ഇരുപാദങ്ങളിലുമായി റോമയും പോർട്ടോയും 3–3 സമനില പാലിച്ചതിനാൽ എക്സ്ട്രാ ടൈമിലാണ് വിജയികളെ കണ്ടെത്തിയത്.

അവസാന നിമിഷങ്ങളില്‍ വാറിന്‍റെ പിന്‍ബലത്തോടെ കിട്ടിയ വിവാദ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സ് ടെല്ലെസ് പോര്‍ട്ടോയ്ക്ക് ആധികാരിക ജയവും ക്വാര്‍ട്ടര്‍ബര്‍ത്തും സമ്മാനിച്ചു.

ബോക്‌സില്‍ ഫെര്‍ണാണ്ടോയെ അലെസ്സാന്‍ഡ്രോ ഫ്‌ളോറെന്‍സി പിറകില്‍ നിന്ന് വലിച്ചിട്ടതിനെ തുടര്‍ന്നാണ് വാറിന്‍റെ സഹായത്തോടെ പെനാല്‍റ്റി വിധിച്ചത്. 2014നുശേഷം ഇതാദ്യമായാണ് പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News