തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര സർക്കാരിനും അദാനിക്കും ഹൈക്കോടതി നോട്ടീസ്‌

സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും അദാനി അടക്കമുള്ള എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

കേന്ദ്രസര്‍ക്കാര്‍ മുമ്പ് സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണമെന്നും ടെന്‍ഡര്‍ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച്ച സിംഗിള്‍ബെഞ്ചിന്റെ പരിഗണനക്ക് വരും. ടെണ്ടറില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയും വ്യാഴാഴ്ച്ച കോടതി പരിഗണിക്കും.

1932ല്‍ തിരുവിതാംകൂര്‍ നല്‍കിയ 258.06 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിച്ചത്. ഈ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. പിന്നീട് 2003ല്‍ 27 ഏക്കര്‍ ഭൂമി പണം മുടക്കി ഏറ്റെടുത്തു സൗജന്യമായി നല്‍കി.

ആകെയുള്ള ഭൂമിയില്‍ 0.5756 ഹെക്ടര്‍ മാത്രമാണ് എയര്‍പോര്‍ട് അതോറിറ്റിക്കു(എഎഐ) സ്വന്തം. വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്‌പിവി) രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാറിന്റെ ഓഹരിയായി കണക്കാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. ഇത് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണത്തിന് നീക്കം.

ഏകപക്ഷീയമായ ഈ നടപടി അറിഞ്ഞയുടന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. സര്‍ക്കാര്‍ വക ഭൂമി വിമാനത്താവളത്തിനായി വിനിയോഗിച്ചിട്ടുണ്ട്.

കണ്ണൂര്‍, കൊച്ചി എയര്‍പോര്‍ട്ടുകളുടെ മാതൃകയില്‍ വികസന പ്രവര്‍ത്തനങ്ങളും നടത്തിപ്പും തിരുവനന്തപുരത്ത് സാധ്യമാണ്. ആ നിലയ്ക്ക് സ്വകാര്യവത്കരണത്തില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിനെ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാറിനോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇതു പരിഗണിക്കാതെ എയര്‍പോര്‍ട്ട് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.

വിമാനത്താവള നടത്തിപ്പില്‍ സംസ്ഥാനസര്‍ക്കാരിന് മുന്‍പരിചയമുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്. മുന്‍പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. എന്നിട്ടും സര്‍ക്കാരിന് മുന്‍ഗണന നല്‍കിയില്ല.

മാത്രമല്ല, മുന്‍പരിചയം വേണമെന്ന മുന്‍കാല വ്യവസ്ഥ ബോധപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന കാലത്ത് മുന്‍പരിചയം നിര്‍ബന്ധമായിരുന്നു. ഇതിന് പുറമെ മുന്‍പരിചയമുള്ള ഒരുകമ്പനിയെ ഒഴിവാക്കുകയും ചെയ്തു.

അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത നിരക്ക് തന്നെ നല്‍കാമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുപറഞ്ഞിട്ടും അവരെ തന്നെ തിരഞ്ഞെടുത്ത എഎഐയുടെ നടപടി പൊതുതാല്‍പര്യത്തിന് വിരുദ്ധവും നിയമങ്ങളുടെ ലംഘനവുമാണ്. ഇത് സംസ്ഥാനസര്‍ക്കാരിന്റെ ഭൂമിയിലുള്ള അവകാശത്തെയും ഹനിക്കും.

കേരളത്തിലെ ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാല്‍ വിമാനത്താവള നടത്തിപ്പ് സര്‍ക്കാരിന് തന്നെ നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ഭരണഘടനാ തത്വങ്ങള്‍ പറയുന്നത്.

സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുള്ള കരാര്‍ നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് ഹര്‍ജി ആവശ്യപ്പെടുന്നത്. കെഎസ്‌ഐഡിസി മുഖേന സര്‍ക്കാര്‍ നല്‍കിയ ടെണ്ടര്‍ അംഗീകരിക്കാന്‍ എഎഐക്കു ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണം, ടെണ്ടര്‍ നടപടികളടക്കമുള്ള രേഖകള്‍ വിളിച്ചു വരുത്തി റദ്ദാക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുന്നയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News