സ്റ്റാറ്റ്യൂട്ടറി ഓഫീസർ നിയമനവും പരീക്ഷനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കണം: ഗവർണർ

കോട്ടയം: പരീക്ഷകൾ നടത്തുന്നതിനും ഫലംപ്രഖ്യാപിക്കുന്നതിനും സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ എല്ലാ സർവകലാശാലകളിലും ഏകീകൃതരീതിയിൽ നടപ്പാക്കുന്നതിന് നിയമം നിർമിക്കണമെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം പറഞ്ഞു.

കോട്ടയത്ത് എം.ജി. സർവകലാശാലയിൽ നടന്ന ചടങ്ങിൽ കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്‌സ് അവാർഡ് മഹാത്മാഗാന്ധി സർവകലാശാലയ്ക്കും എമർജിങ് യങ് സർവകലാശാലയ്ക്കുള്ള അവാർഡ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയ്ക്കും സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സർവകലാശാലകളിലെ വൈസ്ചാൻലർമാരുടെ കാലാവധി പോലും വ്യത്യസ്തമാണ്. പരീക്ഷയിലും ഫലപ്രഖ്യാപനത്തിലും നിയമനത്തിലും ഏകീകൃത രീതി നടപ്പാക്കിയാൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിക്കും.

എല്ലാ സർവകലാശാലകൾക്കുമായി ഏകീകൃത അക്കാദമിക കലണ്ടർ നടപ്പാക്കാനുള്ള നടപടികൾ സ്വാഗതാർഹമാണ്.

കോടതികളിൽ കേസുകൾ നടക്കുന്നതിനാൽ സമയബന്ധിതമായി അധ്യാപകരെ നിയമിക്കുന്നതിലും വിവിധ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലും ബുദ്ധിമുട്ടു നേരിടുന്നു. നിയമപരമായ തർക്കങ്ങൾ നീളുന്നതുമൂലം സർവകലാശാലകൾക്ക് പലകാര്യങ്ങളിലും വലിയ നഷ്ടം സംഭവിക്കുന്നു.

നിയമനടപടികളിൽ കൃത്യമായ തുടർനടപടികളെടുക്കാൻ വൈസ് ചാൻസലർമാർ പ്രത്യേക സംവിധാനമൊരുക്കണം.

സർവകലാശാലകൾ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കുംകൂടി സഹായമാകുന്ന നിലയിൽ പ്രവർത്തിക്കണം.

ഗവേഷണത്തിനും മറ്റുമായി യു.ജി.സി. അടക്കമുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നതിനൊപ്പം കോർപറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ കൂടി പ്രയോജനപ്പെടുത്തണം.

വ്യവസായസ്ഥാപനങ്ങളുമായി സർവകലാശാലകൾ അക്കാദമിക ബന്ധം സ്ഥാപിക്കുന്നത് ഗവേഷണത്തിന് സഹായകമാകും.

സർവകലാശാലകളുടെ പ്രവർത്തനം പതിവായി വിലയിരുത്തുന്നതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് ചാൻസലേഴ്‌സ് അവാർഡ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ., ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ,

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഗവർണറുടെ പ്രസിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊതാവത്,

എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ. ദേവന്ദ്രകുമാർ സിങ്, രജിസ്ട്രാർ എം.ആർ. ഉണ്ണി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News