
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ നല്‍കി നിഷാ ജോസ് കെ മാണി പ്രചാരണം തുടങ്ങി. കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി പാര്‍ലമെന്ററി യോഗം ഞായറാഴ്ച്ച ചേരാനിരിക്കെയാണ് നിഷാ ജോസ് കെ മാണി പ്രചാരണം തുടങ്ങിയത്.
അതേസമയം, കേരളാ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കി കോട്ടയം സീറ്റ് കൈക്കലാക്കി കെ സി ജോസഫിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ അണിയറ നീക്കം.
കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ മാണി ജോസഫ് തര്‍ക്കം കൊടുമ്പിരികൊള്ളുമ്പോഴും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനകള്‍ നല്‍കി നിഷാ ജോസ് കെ മാണി ഭവന സന്ദര്‍ശനം തുടങ്ങി.
സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ പി ജെ ജോസഫിന്റെ എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് നിഷ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ അതിരമ്പുഴ കേന്ദ്രീകരിച്ചായിരുന്നു ഭവനസന്ദര്‍ശനം.
ജോസഫ് മാണി ശീതസമരം ശക്തമായ ഘട്ടത്തില്‍ രൂപീകരിച്ച കെ എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ചിന്റെ ചെയര്‍പേഴ്‌സണായിട്ടാണ് നിഷയുടെ രാഷ്ട്രീയ രംഗപ്രവേശം. ഈ നീക്കത്തെ ആശങ്കയോടെ നിരീക്ഷിച്ച് പാര്‍ട്ടിയിലെ യുവനിരയും പി ജെ ജോസഫ് വിഭാഗവും നീങ്ങുമ്പോഴാണ് നിഷാ ജോസ് കെ മാണി ഭവന സന്ദര്‍ശനത്തിലേക്ക് കടന്നത്.
അതേസമയം, കോട്ടയം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി പാര്‍ലമെന്ററി യോഗം ഞായറാഴ്ച്ച കോട്ടയത്ത് ചേരും. നിഷാ ജോസ് കെ മാണി പ്രചരണം തുടങ്ങിവച്ചതിലുള്ള എതിര്‍പ്പ് ജോസഫ് വിഭാഗം അറിയിക്കും.
പക്ഷെ കമ്മറ്റിയില്‍ പോലും ഭൂരിപക്ഷമില്ലാത്ത പി ജെ ജോസഫ് വിഭാഗത്തിന് കടുത്ത നടപടികളിലേക്ക് നീങ്ങാനാകില്ല. അതേസമയം, കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാക്കി ഇടുക്കി പി ജെ ജോസഫിന് നല്‍കി പകരം കോട്ടയം സ്വന്തമാക്കാനാണ് കോണ്‍ഗ്രസിലെ അണിയറ നീക്കം.
സീറ്റ് ലഭിച്ചാല്‍ ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ കെ സി ജോസഫിനെതിരെയുള്ള പട പാളയത്തില്‍ ഒരുങ്ങി കഴിഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here