സ്ത്രീപ്രാതിനിധ്യത്തില്‍ ഇന്ത്യ 148-ാമത്; കേരളത്തില്‍ സ്ത്രീവോട്ടര്‍മാര്‍ മുന്നില്‍

ദേശീയരാഷ്ട്രീയത്തിലും അന്താരാഷ്ട്രതലത്തിലും സ്വാധീനം ചെലുത്തിയ കരുത്തരായ വനിതകള്‍ നമുക്കുണ്ട്. എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെക്കുറവാണ്.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുമ്പോഴും പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 148 (യുഎന്നിന്റെ വിമന്‍ ഇന്‍ പൊളിറ്റിക്‌സ് മാപ്പ്2017). ജനസംഖ്യയില്‍ പകുതിയും സ്ത്രീകളാണെന്നിരിക്കെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൊത്തം സ്ഥാനാര്‍ഥികളില്‍ സ്ത്രീകള്‍ 8.3 ശതമാനംമാത്രം.

ഇത് റെക്കോഡായിരുന്നു എന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. 1962നും 1996നും ഇടയില്‍ അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു സ്ത്രീ സ്ഥാനാര്‍ഥികള്‍. ഇപ്പോഴത്തെ വര്‍ധനയ്ക്ക് പട്ടികവിഭാഗ സംവരണവും മറ്റും സഹായകമായിട്ടുണ്ട്.

1980നും 2014നും ഇടയില്‍ സംവരണമണ്ഡലങ്ങളില്‍നിന്ന് മത്സരിച്ചവരില്‍ ഏഴു ശതമാനം സ്ത്രീകളാണ്. വിജയിക്കുന്നവരില്‍ 16.2 ശതമാനം സ്ത്രീകളാണ്. പൊതുമണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ 4.8 ശതമാനവും വിജയിച്ചവര്‍ 11. 5 ശതമാനവുമാണ്. എന്നാല്‍, വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും വര്‍ധിച്ചു.

16 പൊതുതെരഞ്ഞെടുപ്പിലും സ്ത്രീകളുടെ പോളിങ് നിരക്ക് പുരുഷന്മാരേക്കാള്‍ ഏറെ പിന്നിലായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 1967ല്‍ 66.7 ശതമാനം പുരുഷന്മാര്‍ വോട്ടുചെയ്തപ്പോള്‍ സ്ത്രീകള്‍ 55.5 ശതമാനംമാത്രം.

1971ല്‍ സ്ത്രീകളുടെ പോളിങ് 48 ശതമാനമായി. 1977ല്‍ 55 ശതമാനം സ്ത്രീകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 1980ല്‍ ഇടിവുണ്ടായി. 1984ലെ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയത് 59 ശതമാനം.

പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും സ്ത്രീകളുടെ പോളിങ് നിരക്ക് ഇടിഞ്ഞു. 1989ല്‍ 57ഉം 1991ല്‍ 52 ശതമാനവും. 1996ലെയും 1998ലെയും തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ടുചെയ്തു. 1996ല്‍ 53 ശതമാനമായിരുന്നത് 1998ല്‍ 57 ശതമാനമായി. 1999ലെയും 2004ലെയും തെരഞ്ഞെടുപ്പുകളില്‍ വീണ്ടും കുറഞ്ഞു. 2004ല്‍ 53 ശതമാനം സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്തിയത്. 2009ലും 2014ലും കൂടുതല്‍ സ്ത്രീകള്‍ വോട്ടുചെയ്തു.

2014ല്‍ 16ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുടെ പങ്കാളിത്തമുണ്ടായത്. ചരിത്രത്തിലാദ്യമായി 60 ശതമാനത്തിലധികം സ്ത്രീകള്‍ വോട്ടുചെയ്തു.

26 കോടിയിലധികം സ്ത്രീകളായിരുന്നു അന്ന് വോട്ടുചെയ്തത്. വോട്ടിങ് ശതമാനത്തിലെ സ്ത്രീപുരുഷ അന്തരം ഏറ്റവും കുറഞ്ഞതും ഈ തെരഞ്ഞെടുപ്പിലായിരുന്നു. പുരുഷന്മാര്‍ 67.1 ശതമാനവും സ്ത്രീകള്‍ 65.3 ശതമാനവും. 16 പൊതുതെരഞ്ഞെടുപ്പിലും പുരുഷന്മാരുടെ പോളിങ് ശതമാനം 50ല്‍ താഴെപോയിട്ടില്ല.

കേരളത്തില്‍ മുന്നില്‍ സ്ത്രീകള്‍

മിക്ക സംസ്ഥാനങ്ങളിലും സ്ത്രീവോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. തമിഴ്‌നാട്, സിക്കിം, നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പമോ അവരേക്കാള്‍ അധികമോ സ്ത്രീകള്‍ വോട്ടവകാശം വിനിയോഗിച്ചു.

കേരളത്തിലെ 2010ലെ കണക്കനുസരിച്ച് മൊത്തം 2,54,08,711 വോട്ടര്‍മാരില്‍ 1,31,11,189 സ്ത്രീവോട്ടര്‍മാരാണ്. പുരുഷന്മാര്‍ 1,22,97,403ഉം 119 ഭിന്നലിംഗക്കാരുമാണ്. തമിഴ്‌നാട്ടിലും സ്ത്രീകളാണ് വോട്ടര്‍മാരില്‍ മുന്നില്‍. പുരുഷന്മാര്‍ 2,88,76,791 ഉം സ്ത്രീകള്‍ 2,94,07,404 ആണ്. 5184 ഭിന്നലിംഗക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News