ബാബ്‌റി മസ്ജിദ്; തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഹാരിക്കാന്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ഉത്തരവ്.

ഇതിനായി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മറ്റ് അംഗങ്ങള്‍. ചര്‍ച്ചകള്‍ അതീവ രഹസ്യമായിരിക്കണമെന്നും എട്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു.

ഒന്നര നൂറ്റാണ്ട് കാലമായി നീറിപ്പുകയുന്ന അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഹരിക്കാന്‍ ഇതാദ്യമായാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. പരസ്പര ചര്‍ച്ചകളിലൂടെ തര്‍ക്കത്തിന് എന്നന്നേക്കുമായി പരിഹാരം ഉണ്ടാകുമെന്നാണ് കോടതിയുടെ പ്രതീക്ഷ.

മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്ത ഹിന്ദു മഹാസഭയുടെയും രാം ലല്ലയുടെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും നിലപാടുകളെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എഫ് എം ഇബ്രാഹിം ഖലീഫുള്ളയായിരിക്കും സംഘത്തെ നയിക്കുക. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും, മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവും സംഘത്തിലുണ്ടാകും.

അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടുന്നതില്‍ നിയമപരമായി പ്രശ്നങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. സമിതിയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

നിയമപരമായ കാര്യങ്ങള്‍ക്ക് അഭിഭാഷകരുടെ സഹായവും തേടാം. ഒരാഴ്ചയ്ക്കകം സമിതി ചര്‍ച്ചയ്ക്കുള്ള നടപടികള്‍ ആരംഭിക്കണം. നാലാഴ്ചക്കകം പുരോഗതി റിപ്പോര്‍ട്ട് കോടിതിയില്‍ സമര്‍പ്പിക്കണം. എട്ടാഴ്ച്ചയാണ് ചര്‍ച്ചകള്‍ക്കായി സമയം അനുവദിച്ചിരിക്കുന്നത്. ചര്‍ച്ചകളിലെ വിവരങ്ങള്‍ രഹസ്യമായി വെക്കണം.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ഇതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ശാശ്വത പരിഹാരമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News