മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകള്‍; ‘വയലറ്റ്‌സു’മായി മുക്ത ദീദി ചന്ദ്

മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ വിഭാഗങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സിനിമ വരുന്നു. വയലറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട വനിതാ ദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീര നിര്‍വ്വഹിച്ചു. മീരയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

പാപ്പാത്തി മൂവ്‌മെന്റ്‌സിന് വേണ്ടി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുക്ത ദീദി ചന്ദാണ് സംവിധായിക.

സീമ, സജിത മഠത്തില്‍, പ്രിയങ്ക, സരസ ബാലുശ്ശേരി, അര്‍ച്ചന പത്മിനി എന്നിവര്‍ക്കൊപ്പം രാമു, കൈലാഷ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ വേഷമണിയുന്നു. സംവിധായകന്‍ ഹരിഹരന്‍ ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.

ബീനാപോള്‍ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും , ദീദി ദാമോദരന്‍ രചനയും നിര്‍വ്വഹിക്കുന്ന സിനിമക്ക് എ. ആര്‍. റഹ്മാന്റെ സഹോദരി ഫാത്തിമ റഫീഖ് ശേഖര്‍ മലയാളത്തില്‍ ആദ്യമായി തീം മ്യൂസിക്ക് ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.

പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. സംഗീത സംവിധാനം ദ്രുത പെണ്‍ ബാന്റിന് നേതൃത്വം നല്‍കുന്ന ശിവപാര്‍വ്വതി രവികുമാറാണ് .ഗാനരചന കവിയത്രി വി.എം. ഗിരിജ , കലാസംവിധാനം ദുന്ദു , വസ്ത്രാലങ്കാരം ഡെബലീന ബേറ , മെയ്ക്കപ്പ് അജ്ഞലി നായര്‍.

മുക്തയുടെ ആദ്യ ഫീച്ചര്‍ ഫീലീം സംരംഭമാണ് വയലറ്റ്‌സ്. കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ഷോട്ട് ഫിലീം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹധര്‍മ്മിണിയെക്കുറിച്ച് ചെയ്ത സുനന്ദ , കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തില്‍ നടന്ന ഇരിക്കല്‍ സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്ററികളുടെ തുടങ്ങി നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായികയാണ്.

സുനന്ദ കൊല്‍ക്കത്ത 2019 സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലീം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണ്‍ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറുമാണ് മുക്ത ദീദിചന്ദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here