‘ഭരണഘടനാ അവകാശങ്ങള്‍ പരിരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, ഇടതുപക്ഷമാണ് സ്ത്രീപക്ഷം, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക’ – ഇവയാണ് ഇത്തവണ സാര്‍വദേശീയ മഹിളാ ദിനത്തില്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യങ്ങള്‍

(ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിയുടെ ലേഖനം)

ഭരണകൂടങ്ങളുടെ സ്ത്രീവിരുദ്ധനയങ്ങള്‍ക്കെതിരെ ലോകത്തെമ്പാടും സ്ത്രീകളുടെ പ്രതിഷേധസമരങ്ങള്‍ ഉയര്‍ന്നുവരുന്ന സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഇത്തവണത്തെ സാര്‍വദേശീയ മഹിളാദിനാചരണം.അടിമത്തവ്യവസ്ഥയ്‌ക്കെതിരെ 1830കളില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ അവകാശപോരാട്ടങ്ങള്‍ ഭൂമുഖത്ത് ശക്തിപ്പെട്ടുവന്നത്. മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളെ ശാസ്ത്രീയമായ അപഗ്രഥനത്തിന് വിധേയമാക്കിക്കൊണ്ട് 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സ്ത്രീപ്രശ്‌നങ്ങളും ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെട്ടത്.സമൂഹത്തില്‍ തുല്യ അവകാശങ്ങളുള്ള മനുഷ്യരാണ് സ്ത്രീകള്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ ഉതകുന്നതായിരുന്നു മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച ആശയങ്ങള്‍.

ലൈംഗികപീഡനങ്ങള്‍ വര്‍ധിച്ചു

സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ സ്ത്രീകളുടെ സജീവമായ സാന്നിധ്യം ലോകത്തെല്ലായിടത്തും പ്രകടമാകുകയാണ്. ഭരണവര്‍ഗത്തിന്റെ സ്ത്രീവിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സ്ത്രീസമൂഹം മുന്നോട്ടുവരികയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുയര്‍ത്തി പ്രചാരണരംഗത്തുവന്ന ഡോണള്‍ഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തുവന്നു.

സ്വാതന്ത്ര്യലബ്ധിയുടെ നീണ്ട എഴുപത്തിരണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന നമ്മുടെ രാജ്യത്തും സ്ത്രീകളെ കേവലം വോട്ട് ബാങ്കുകളായി കണ്ടുകൊണ്ടുള്ള നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിച്ചുവന്നിട്ടുള്ളത്. ലിംഗനീതിയിലധിഷ്ഠിതമായ ഭരണഘടന വച്ചുകൊണ്ട് അധികാരത്തില്‍ തുടരുമ്പോഴും സ്ത്രീകളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോ തുല്യമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനോ ഉള്ള നടപടികള്‍ ഉണ്ടായിട്ടില്ല. നിയമനിര്‍മാണ സഭകളിലും പാര്‍ലമെന്റിലും തീരുമാനമെടുക്കുന്ന വേദികളിലുമെല്ലാം സ്ത്രീസാന്നിധ്യം നാമമാത്രമാണ്. യുപിഎ ഗവണ്‍മെന്റ് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേവല ഭൂരിപക്ഷമുള്ള നരേന്ദ്ര മോഡി സര്‍ക്കാരിനുണ്ടായിട്ടില്ല.

ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനുപകരം ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും സ്ത്രീകളുടെ മഹനീയമായ പദവികളെക്കുറിച്ചുമെല്ലാം അവര്‍ ഊറ്റംകൊള്ളുകയാണ്. മനുസ്മൃതിയില്‍ അന്തര്‍ലീനമായ കുലസ്ത്രീധര്‍മത്തെക്കുറിച്ച് ഭരണാധികാരികള്‍തന്നെ ഉദ്‌ഘോഷിക്കുകയാണ്. ഒരു ഭാഗത്ത് വീടിന്റെ വിളക്കായും ഐശ്വര്യത്തിന്റെ പ്രതീകമായും ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന മഹത്തായ കര്‍ത്തവ്യം നിറവേറ്റുന്നവരായുമെല്ലാം സ്ത്രീകളെ വാഴ്ത്തിപ്പാടുകയും മറുഭാഗത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നരകതുല്യമാക്കി മാറ്റുകയും ചെയ്യുന്ന നയങ്ങളാണ് ഇക്കാലമത്രയും ഇന്ത്യന്‍ ഭരണാധികാരികള്‍ അനുവര്‍ത്തിച്ചിട്ടുള്ളത്.

പട്ടിണിമരണങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളും ദുരഭിമാനഹത്യകളുമെല്ലാം രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതം ദുരിതക്കയങ്ങളിലേക്ക് ചെന്നെത്തുകയാണ്. ജാതിമത പ്രായഭേദമെന്യേ സ്രീക്കള്‍ക്കെതിരെ നടക്കുന്ന ലൈംഗികപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. കശ്മീരിലെ കഠ്വയില്‍ കേവലം എട്ടു വയസ്സുമാത്രമുള്ള പിഞ്ചുബാലികയെ ഹീനമായി കൊലപ്പെടുത്തിയ സമാനതകളില്ലാത്ത ക്രൂരത കണ്ട് ലോകമാകെ നടുങ്ങി. സംഘപരിവാറുകാരായ പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ ബിജെപി മന്ത്രിമാര്‍ രംഗത്തുവന്നത് കണ്ട് നാം അമ്പരന്നു.

സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ ബേഠി ബചാവോ ബേഠി പഠാവോ, സ്വഛ് ഭാരത്, ഉജ്വല്‍ ജ്യോതി, നിര്‍ഭയപദ്ധതി എന്നിവയെല്ലാം കേവലം പരസ്യപ്രചാരണത്തിനുള്ള മുദ്രാവാക്യങ്ങള്‍മാത്രമായി പരിണമിച്ചിരിക്കുന്നു. ജീര്‍ണിച്ച സ്ത്രീവിരുദ്ധ ഫ്യൂഡല്‍ ആശയങ്ങള്‍ തിരിച്ചുകൊണ്ടുവരാനും ശാസ്ത്രീയചിന്തകളും യുക്തിബോധവുമെല്ലാം നഷ്ടപ്പെടുന്നതിനും ഭരണനേതൃത്വംതന്നെ സര്‍ക്കാര്‍ചെലവില്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ്. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും സ്ത്രീകളെ തളച്ചിടാന്‍ ഉതകുന്ന പ്രചാരണങ്ങളാണ് ഏറെയും. തികച്ചും വികലമായ ഒരു സ്ത്രീസങ്കല്‍പ്പം പടുത്തുയര്‍ത്തുന്നതിനും കുലസ്ത്രീ ധര്‍മമനുസരിച്ച് ജീവിക്കുന്നതിനും ഈ പ്രബുദ്ധകേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ രംഗത്തുവന്നത് ശബരിമല സ്ത്രീപ്രവേശന കേസിലെ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ്.

യാഥാസ്ഥിതികവും പ്രതിലോമകരവും സ്ത്രീവിരുദ്ധവുമായ ആശയങ്ങളും പുരോഗമനചിന്തകളും തമ്മിലുള്ള സംവാദങ്ങളാണ് കേരളീയസമൂഹത്തിലാകെ ഉയര്‍ന്നുകേട്ടത്. ഈ സാമൂഹ്യസംവാദങ്ങളില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകള്‍ പൊതുസമൂഹത്തിന്റെയാകെ അംഗീകാരം പിടിച്ചുപറ്റി. ഇടതുപക്ഷമാണ് സ്ത്രീപക്ഷം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്ത്രീകളാകെ രംഗത്തുവന്നു. ജനുവരി ഒന്നിന് കേരളത്തിന്റെ ദേശീയപാതയില്‍ തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് സ്ത്രീകള്‍ പടുത്തുയര്‍ത്തിയ വനിതാമതില്‍ കേരളചരിത്രത്തിലെ പ്രധാന ഏടായിമാറി.

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീപീഡകര്‍ക്കെതിരെ മുഖംനോക്കാതെ നടപടികളെടുക്കുന്നതിനും ജന്റര്‍ ബജറ്റിങ് എന്ന ആശയമുയര്‍ത്തി വനിതാക്ഷേമപദ്ധതികള്‍ക്ക് ഫണ്ട് അലോട്ട് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന സമീപനത്തിലുടെ ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സ്ത്രീയുടെ അധ്വാനശേഷി നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താനും അതുവഴി സ്ത്രീപദവി ഉയര്‍ത്താനും കഴിയേണ്ടതുണ്ട്. ആണിനെപ്പോലെ പെണ്ണിനും ജീവിക്കാനുള്ള ഇടമായി നമ്മുടെ നാട് മാറ്റപ്പെടുകതന്നെ വേണം. ജനാധിപത്യപരവും മതനിരപേക്ഷവുമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ ഇടതുപക്ഷശക്തികള്‍ക്കേ കഴിയൂ. ജനസംഖ്യയുടെ പകുതിയിലേറെവരുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുന്ന ഒരു സാമൂഹ്യസാഹചര്യം സൃഷ്ടിക്കാന്‍ കഴിയേണ്ടതുണ്ട്. ഇത്തവണത്തെ സാര്‍വദേശീയ മഹിളാദിനത്തില്‍ ‘ഭരണഘടനാ അവകാശങ്ങള്‍ പരിരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, ഇടതുപക്ഷമാണ് സ്ത്രീപക്ഷം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക’ എന്ന മുദ്രാവാക്യവുമായി സ്ത്രീകളെയാകെ അണിനിരത്താന്‍ കഴിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News