പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഇടത് മുന്നേറ്റം പ്രവചിച്ച് സിഇഎസിന്റെ പ്രീപോള്‍ സര്‍വേ 40.3 ശതമാനം വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് 9 മുതല്‍ 12 വരെ സീറ്റുകള്‍ നേടുമെന്നും 39 ശതമാനം വോട്ട് വിഹിതത്തില്‍ യുഡിഎഫ് 8 മുതല്‍ 11 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ

സെന്‍റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് ഒന്നാം ഘട്ട പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടു. കേരളത്തിന് ഇടതുപക്ഷത്തിന് ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ സീറ്റുകളാണ് സിഇഎസ് സര്‍വ്വേ ഫലം പ്രവചിക്കുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 40.3 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും. യുഡിഎഫ് 39 ശതമാനം വോട്ട് നേടുമെന്നും എന്‍ഡിഎ 15.5 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ 5.1 ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ഷെയറുകളില്‍ 2 ശതമാനത്തിന്‍റെ കുറവോ കൂടുതലോ ഉണ്ടാവാമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന് എട്ടുമുതല്‍ പതിനൊന്ന് സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വ്വേ ബിജെപി ഇത്തവണയും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും അഭിപ്രായപ്പെടുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷമുള്ള എന്‍ഡിഎ ഭരണത്തിന് ശേഷം തൊ‍ഴിലില്ലായ്മയും അതിര്‍ത്തിയിലെ പ്രശ്നങ്ങളുമാണ് ഇന്ത്യ നേരിടുന്ന എറ്റവും വലിയ പ്രതിസന്ധിയെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത 63.40 ശതമാനം പേരും മോഡി സര്‍ക്കാറിന്‍റെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 28.10 ശതമാനം പേര്‍ മാത്രമാണ് കേന്ദ്ര ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്. 8.50 ശതമാനം പേര്‍ ചോദ്യത്തോട് പ്രതികരിച്ചില്ല.

വിലവര്‍ദ്ധനവ്, മതസൗഹാര്‍ദ്ദം, അ‍ഴിമതി, കര്‍ഷക പ്രശ്നങ്ങള്‍,ഭീകരവാദം, തൊ‍ഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍ മോദി സര്‍ക്കാറിന്‍റെ പ്രകടനം മോശമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അമ്പത് ശതമാനത്തിലേറെ പേരും അഭിപ്രായപ്പെട്ടു.

ഇരുപത് ശതമാനത്തോളം പേര്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പ്രകടനത്തെ ശരാശരി നിലവാരമുള്ളതായി അഭിപ്രായപ്പെടുന്നു. മോദി സര്‍ക്കാറിന്‍റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്ന അച്ഛാദിന്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് 52.70 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.

അഞ്ച് ശതമാനം പേര്‍ മാത്രമാണ് അച്ഛാ ദിന്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് അഭിപ്രായമുള്ളവര്‍. സര്‍ക്കാര്‍ നടപ്പിലാക്കിയ എറ്റവും മോശം നടപടിയാണ് നോട്ട് നിരോധനമെന്ന് 61 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനം പേരും നോട്ട് നിരോധനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. പ്രളയ കാലത്ത് മോദി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചുവെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

18 ശതമാനം പേര്‍ ചോദ്യത്തോട് പ്രതികരിച്ചില്ല. മോദി സര്‍ക്കാറിന്‍റെ ഭരണഘടനാ സംരക്ഷണത്തില്‍ 49 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 23 ശതമാനം പേര്‍ മാത്രമാണ് തൃപ്തി രേഖപ്പെടുത്തിയത്.

ദളിതര്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍/പെണ്‍കുട്ടികള്‍ എന്നിവരോടുള്ള സര്‍ക്കാരിന്‍റെ പ്രകടനത്തില്‍ 55 ശതമാനത്തിലേറെ പേരും അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് തൃപ്തി രേഖപ്പെടുത്തിയത് 25 ശതമാനം പേര്‍ ഈ കാര്യങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പൊതുവിദ്യാഭ്യാസം, ആരോഗ്യ മേഖല, ന്യുനപക്ഷ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് 45 ശതമാനം പേര്‍ മേല്‍ക്കോയ്മ അഭിപ്രായപ്പെട്ടപ്പോള്‍ ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 35 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

30 ശതമാനം പേര്‍ ഈ ചോദ്യങ്ങളോട് അഭിപ്രായം രേഖപ്പെടുത്തിയില്ല. വോട്ടര്‍മാരില്‍ 38 ശതമാനം പേരും പാര്‍ട്ടിക്കും മുന്നണിക്കും മുന്‍ഗണന നല്‍കുമ്പോള്‍ 32 ശതമാനം പേര്‍ സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കുന്നു.

ഒരു ശതമാനത്തില്‍ താ‍ഴെ പേര്‍ സമുദായത്തിനും, പ്രകടനപത്രികയ്ക്കും, വികസനത്തിനും, വികസനത്തിനും മുന്‍ഗണന നല്‍കുന്നു.

42 ശതമാനം പേരും സ്ഥാനാര്‍ത്ഥി വന്ന ശേഷം മാത്രം വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് തീരുമാനിക്കുമ്പോള്‍ 18 ശതമാനം പേര്‍ പ്രചാരണവേളയില്‍ തങ്ങളുടെ വോട്ട് നിശ്ചയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here