സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടി അലങ്കോലമാക്കി സംഘപരിവാര്‍.ദില്ലിയിലെ കേരളാ ക്ലബ് സാഹിത്യസഖ്യം പ്രിയനന്ദനുമായി നടത്താന്‍ തീരുമാനിച്ച സംവാദ പരിപാടിയാണ് സംഘപരിവാര്‍ ഗുണ്ടകള്‍ അലങ്കോലപ്പെടുത്തിയത്.

പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ സിനിമയുടെ ഭാഗമായാണ് സംവാദം നിശ്ചയിച്ചത്. എന്നാല്‍ ചര്‍ച്ചയുടെ ആമുഖം അവതരിപ്പിച്ചതിന് പിന്നാലെ ശബരിമല വിഷയത്തില്‍ പ്രിയനന്ദന്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്ത് 20ഓളം പേര്‍ ചേര്‍ന്ന് ചര്‍ച്ച അലങ്കോലമാക്കുകയായിരുന്നു.

കുഴപ്പമുണ്ടാക്കരുതെന്ന സംഘാടകരുടെ അഭ്യര്‍ത്ഥന ചെവികൊള്ളാന്‍ തയ്യാറാകാഞ്ഞ സംഘപരിവാറുകള്‍ സംഘാടകരെ കയ്യേറ്റവും ചെയ്തു.

വിമാനം വൈകിയത് മൂലം പ്രിയനന്ദന്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കില്‍ പ്രിയനന്ദനെയും കയ്യേറ്റം ചെയ്യാനായിരുന്നു ഇവരുടെ നീക്കം.

സംവിധായകനെതിരെ ഇവര്‍ കൊലവിളിയും നടത്തി. പ്രിയനന്ദനെ ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും വെല്ലുവിളിച്ചു.

ചര്‍ച്ചയുടെ ഭാഗമായി പ്രദര്‍ശനത്തിനൊരുക്കിയ കാര്‍ട്ടൂണുകളും പ്രിയനന്ദന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ കോപ്പികളും സംഘപരിവാറുകാര്‍ കീറിയെറിഞ്ഞു.

അടുത്തിടെ ഇതേ വിഷയത്തില്‍ പ്രിയനന്ദനെ സംഘപരിവാറുകാര്‍ ആക്രമിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് പ്രിയനന്ദന്റെ പരിപാടി അലങ്കോലപ്പെടുത്തിയ സംഘപരിവാര്‍ അതിക്രമം.