സഭയിലെ പൊതുസ്വീകാര്യന്‍; പി രാജീവ് വീണ്ടും ലോക്സഭയിലേക്ക്; യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് തിരിച്ച് പിടിക്കാനൊരുങ്ങി ഇടതുപക്ഷം

പാർലമെണ്ടറി രംഗത്തും പൊതുപ്രവർത്തനത്തിലും കഴിവ് തെളിയിച്ച പി രാജീവിനെയാണ് ഇടതു മുന്നണി എറണാകുളത്ത് അങ്കത്തിന് ഇറക്കിയിരിക്കുന്നത്.

രാജീവിന്റെ ആഴത്തിലുള്ള വ്യക്തി ബന്ധങ്ങൾ ഇടത് മുന്നണിക്ക് അധിക കരുത്താകുമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും.

രാജീവ് മത്സര രംഗത്ത് എത്തിയതോടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി എറണാകുളം മാറിക്കഴിഞ്ഞു.

പി രാജീവ‌് ഒരു ഊഴംകൂടി പാർലമെന്റിലുണ്ടാകണമെന്ന് ആഗ്രഹിച്ചവർ ഇടതു നേതാക്കൾ മാത്രമായിരുന്നില്ല. അരുൺ ജെയ്റ്റ‌്‌ലിയും ഗുലാം നബി ആസാദും മായാവതിയുമൊക്കെ ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചവരാണ്
പാർലമെണ്ടിൽ ഉണ്ടാകണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പി രാജീവ‌് ലോക‌്സഭയിലേക്ക‌് ജനവിധി തേടുന്നു.

സംഘടാപ്രവർത്തനത്തെ ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക‌് വഴിതിരിച്ചുവിട്ട പൊതുപ്രവർത്തകൻ, എറണാകുളം നഗരത്തെ ജൈവജീവിതത്തിന്റെ പച്ചപ്പിലേക്ക‌ു നയിച്ച സംഘാടകൻ, നിരവധി കുടുംബങ്ങൾക്ക് വീട് യാഥാർഥ്യമാക്കിയ, ‘കനിവ്’ പദ്ധതിയുടെ അമരക്കാരൻ…

അങ്ങനെ നാടിന്റെ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളെ ഹൃദയത്തോടു ചേർത്ത് മുന്നോട്ടുനയിച്ച നേതാവ്. ഇങ്ങനെ ഒരു പാട് വിശേഷണങ്ങൾ ഉണ്ട് ഈ അൻപത്കാരന്‍

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം, ദേശാഭിമാനി പത്രാധിപർ എന്നീ ചുമതലകൾ വഹിച്ചുവരികയാണ‌്. അമ്പതുകാരനായ രാജീവ് 2005 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

2015ൽ തൃപ്പൂണിത്തുറയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ‌് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത‌്. 2018ൽ എറണാകുളത്തു ചേർന്ന ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി.

എസ‌്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസ‌്എഫ‌്ഐ നേതാവായിരിക്കെ സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തിൽ പൊലീസ് മർദനത്തിനിരയായി. ലോക്കപ്പിലും മർദനമേറ്റു.

1994ൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. 2009ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായി. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായി.

ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗൺസിലുകളിൽ പങ്കെടുത്തു. 2013ൽ ഐക്യരാഷ്ട്ര പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു.

എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നടത്തിയ ഇടപെടലുകൾ രാഷ‌്ട്രീയത്തിന‌് അതീതമായ അംഗീകാരം നേടി

2017ലെ മികച്ച എംപിക്കുള്ള സൻസത‌് രത്ന പുരസ‌്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ‌്, പി പി ഷൺമുഖദാസ‌് അവാർഡ‌്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ‌്കാരം എന്നിവ ലഭിച്ചു.

1997ൽ ക്യൂബയിലും 2010ൽ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാർഥി–‐യുവജന സമ്മേളനത്തിൽ പങ്കെടുത്തു.
ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങൾ, കാഴ്ചവട്ടം, പുരയ്ക്കുമേൽ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേർന്ന്), 1957- ചരിത്രവും വർത്തമാനവും (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.

എസ്എഫ്ഐയിലൂടെ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായ രാജീവ് മുഴുവൻസമയ പൊതുപ്രവർത്തകനായി മാറുകയായിരുന്നു. രാജീവിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News