സിപിഐ എം കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നു : എസ്. രാമചന്ദ്രൻ പിള്ള

സിപിഐ എം കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നു. അതിനായി അവർ പുതിയ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് എസ്. രാമചന്ദ്രൻ പിള്ള.

എസ് ആർ പിയുടെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം:

മാര്‍ച്ച് 3, 4 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളെപ്പറ്റി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്.

സിപിഐ എം ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടെന്ന് ഒരു മാധ്യമം വാര്‍ത്ത നല്‍കിയപ്പോള്‍ മറ്റൊരു മാധ്യമം സിപിഐ എം ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയെന്നാണ് വിശേഷിപ്പിച്ചത്.

1964ല്‍ നടന്ന സിപിഐ എമ്മിന്റെ രൂപീകരണത്തെയും ഹൈദരാബാദില്‍ നടന്ന ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനത്തെപ്പറ്റിയും തെറ്റിദ്ധാരണകള്‍ പരത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഒരു നുണക്കഥ തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ വായനക്കാരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാകുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. പുതിയ നുണക്കഥകള്‍ പ്രചരിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു.

1964ല്‍ സിപിഐ എമ്മിന്റെ രൂപീകരണസന്ദര്‍ഭത്തില്‍ ചര്‍ച്ചചെയ്ത വിഷയങ്ങളെയും എടുത്ത നിലപാടുകളെപ്പറ്റിയും അബദ്ധപ്രസ്താവനകള്‍ നടത്താനാണ് ‘മലയാള മനോരമ’യുടെ ശ്രമം.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം, ഇന്ത്യന്‍ വിപ്ലവത്തിന്റെ വര്‍ഗസ്വഭാവം, വിപ്ലവ മുന്നണിയില്‍ അണിനിരക്കേണ്ട വര്‍ഗശക്തികള്‍ എന്നീ വിഷയങ്ങളായിരുന്നു അന്ന് ചര്‍ച്ചചെയ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവത്തെ വിലയിരുത്തിയതും ഈ പശ്ചാത്തലത്തിലായിരുന്നു. സംവാദം തെരഞ്ഞെടുപ്പ് അടവുകളെപറ്റിയായിരുന്നില്ല. തികച്ചും വ്യത്യസ്തമായ വിഷയങ്ങള്‍ സമാനസ്വഭാവത്തിലുള്ളവയാണെന്ന നിലയില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം തികച്ചും ദുരുദ്ദേശ്യത്തോടുള്ളതാണ്.

പാര്‍ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകളെയും എടുത്ത തീരുമാനങ്ങളെയുംപറ്റി കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ചില മാധ്യമങ്ങളുടെ പ്രതിപാദനങ്ങളില്‍ കാണാം.

മുമ്പ് അവര്‍ പടച്ചുവിട്ട കള്ളക്കഥകള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന നീക്കങ്ങളും വാര്‍ത്തകളില്‍ പ്രകടമാണ്. പാര്‍ടി കോണ്‍ഗ്രസില്‍ നടന്നതെന്തെന്ന് ചുരുക്കത്തില്‍ പരിശോധിക്കാം.

പാര്‍ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കായി കേന്ദ്രകമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനമനുസരിച്ച് വിതരണംചെയ്ത കരട് രാഷ്ട്രീയപ്രമേയത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമായിരുന്നു.

രാഷ്ട്രീയ ലൈന്‍ (കരട് രാഷ്ട്രീയപ്രമേയം)

2. 115. (1) ഹിന്ദുത്വ വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിനും ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ തിരുത്തുന്നതിനും ബിജെപി ഗവണ്‍മെന്റിനെ പരാജയപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മോഡി ഗവണ്‍മെന്റിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ അനുഭവം വ്യക്തമാക്കുന്നു.

(2) അങ്ങനെ ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തിക്കൊണ്ട് പരാജയപ്പെടുത്തുക എന്നതാണ് മുഖ്യകടമ. പക്ഷേ, ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ടിയുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കിക്കൊണ്ടായിരിക്കരുത്.

(8) പാര്‍ടിയുടെ മേല്‍പ്പറഞ്ഞ രാഷ്ട്രീയ ലൈനിന്റെ അടിസ്ഥാനത്തില്‍ ബിജെപി വിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കാവുന്ന വിധത്തില്‍ ഉചിതമായ തെരഞ്ഞെടുപ്പ് അടവ് രൂപപ്പെടുത്തണം.

ഈ ഭാഗത്തെപ്പറ്റി പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട അഭിപ്രായങ്ങള്‍ ഇവയായിരുന്നു.

1. തെരഞ്ഞെടുപ്പ് അടവുകള്‍ അതത് കാലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി നിശ്ചയിക്കുന്നതായതുകൊണ്ട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടിയുടെ രാഷ്ട്രീനയം മാത്രം വ്യക്തമാക്കിയാല്‍മതി. തെരഞ്ഞെടുപ്പ് ധാരണയെയോ സഖ്യത്തെയോ പറ്റിയുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രമേയത്തില്‍നിന്ന് ഒഴിവാക്കാവുന്നതാണ്.

2. ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പ്രതിപക്ഷകക്ഷികളുമായി പല വിഷയങ്ങളിലും പാര്‍ടി യോജിച്ചനിലപാട് എടുക്കുന്നുണ്ട്. പാര്‍ലമെന്റിനുപുറത്ത് വര്‍ഗീയതയ്‌ക്കെതിരായി ജനങ്ങളെ വിപുലമായി അണിനിരത്തുന്നതിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കാറുണ്ട്. വര്‍ഗ ബഹുജന സംഘടനകളുടെ സംയുക്ത പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഒരു ധാരണയും ഉണ്ടാക്കില്ലെന്ന രണ്ടാം ഉപഖണ്ഡികയിലെ പരാമര്‍ശനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ഇടയുണ്ട്.

3. കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കുകയില്ലെന്ന പ്രഖ്യാപനത്തിനുപകരം ഏതെല്ലാം മേഖലകളില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ കാര്യം തെരഞ്ഞെടുപ്പ് അടവുകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പ്രതിപാദിച്ചാല്‍ മതിയാകും.

മുകളില്‍ വിവരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ടി കോണ്‍ഗ്രസ് ഭേദഗതികള്‍ വരുത്തി. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ ഇപ്രകാരമാണ് രാഷ്ട്രീയ സമീപനം വ്യക്തമാക്കിയിട്ടുള്ളത്.

രാഷ്ട്രീയ ലൈന്‍ (അംഗീകരിച്ച രാഷ്ട്രീയ പ്രമേയം)

2. 116. (i) ഹിന്ദുത്വ വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിനും ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ തിരുത്തുന്നതിനും ബിജെപി ഗവണ്‍മെന്റിനെ പരാജയപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മോഡി ഗവണ്‍മെന്റിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ അനുഭവം വ്യക്തമാക്കുന്നു.

(ii) അങ്ങനെ മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തിക്കൊണ്ട് ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്തുക എന്നതാണ് മുഖ്യകടമ.

(iii) പക്ഷേ, ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കാതെ ആയിരിക്കണം.

(iv) എന്നാല്‍, പാര്‍ലമെന്റില്‍ യോജിപ്പുള്ള പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി ധാരണയാകാം. പാര്‍ലമെന്റിനുപുറത്ത് വര്‍ഗീയതയ്‌ക്കെതിരായി ജനങ്ങളെ വിപുലമായി അണിനിരത്തുന്നതിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായും നാം സഹകരിക്കേണ്ടതാണ്. കോണ്‍ഗ്രസിനെയും മറ്റ് ബൂര്‍ഷ്വാ പാര്‍ടികളെയും അനുകൂലിക്കുന്ന ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ വര്‍ഗബഹുജനസംഘടനകളുടെ സംയുക്തപ്രവര്‍ത്തനം നാം ഊട്ടിവളര്‍ത്തണം.

കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യമില്ലെന്ന് പ്രസ്താവിച്ച രാഷ്ട്രീയപ്രമേയം ഏതെല്ലാം മേഖലകളില്‍ ധാരണകള്‍ ആകാമെന്ന കാര്യവും വ്യക്തമാക്കി. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികളെ വിലയിരുത്തി തെരഞ്ഞെടുപ്പ് അടവുകള്‍ക്ക് രൂപം നല്‍കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാമെന്ന് പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെന്ന മാധ്യമവാര്‍ത്തകള്‍ കളവ് ആവര്‍ത്തിച്ച് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു.

2018 ഒക്ടോബറില്‍ ചേര്‍ന്ന പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയോഗം തെരഞ്ഞെടുപ്പിലെ ലക്ഷ്യങ്ങള്‍ എന്തായിരിക്കണമെന്ന് നിശ്ചയിച്ചു.

1. ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക
2. സിപിഐ എമ്മിന്റെയും ഇടതുപക്ഷങ്ങളുടെയും ലോക്‌സഭയിലെ ശക്തി വര്‍ധിപ്പിക്കുക.
3. ഒരു മതനിരപേക്ഷ ഗവണ്‍മെന്റിനെ അധികാരത്തില്‍ കൊണ്ടുവരിക.

ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഓരോരോ സംസ്ഥാനത്തിലെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനുള്ള അടവുകള്‍ രൂപപ്പെടുത്തണമെന്നും സംസ്ഥാന കമ്മിറ്റികളോട് കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു. ഡിസംബറില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റികള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ വിലയിരുത്തുകയുണ്ടായി. മാര്‍ച്ച് 3, 4 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം തെരഞ്ഞെടുപ്പ് അടവുകള്‍ക്ക് വ്യക്തമായ അന്തിമരൂപം നല്‍കി.

ഇടതുപക്ഷ കക്ഷികളുടെ യോജിപ്പിന് പാര്‍ടി വലിയ പ്രാധാന്യം നല്‍കുന്നു. ഇടതുകക്ഷികളുടെ ശക്തി വര്‍ധിപ്പിക്കേണ്ടത് ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ ആവശ്യമായി പാര്‍ടി കണക്കാക്കുന്നു. ഇടതുകക്ഷികള്‍ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും യോജിച്ച നിലപാടാണ് എടുത്തിട്ടുള്ളത്. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇടതുകക്ഷികളുടെയോ ഇടതുജനാധിപത്യ കക്ഷികളുടെയോ സഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ടിയും ഇടതുകക്ഷികളും ശക്തിയുള്ള ചുരുക്കം നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കും. ഈ നിയോജകമണ്ഡലങ്ങളില്‍ ഒഴിച്ച് മറ്റ് നിയോജകമണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് മറ്റ് കക്ഷികള്‍ക്ക് വോട്ടു ചെയ്യും.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ എതിര്‍ക്കുന്ന പ്രധാനപ്പെട്ട പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ ബിഎസ്പിയും എസ്പിയുമാണ്.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ നിയോജകമണ്ഡലത്തിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ടി വോട്ടുനല്‍കും. തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെയും സഖ്യകക്ഷികളെയും പ്രധാനമായി എതിര്‍ക്കുന്നത് ഡിഎംകെ, ആര്‍ജെഡി, എന്‍സിപി എന്നീ പ്രാദേശിക കക്ഷികളാണ്.

പാര്‍ടി ഈ കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നു. മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ ഈ കക്ഷികള്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റു കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ആന്ധ്രപ്രദേശില്‍ സിപിഐ എം, സിപിഐ കക്ഷികള്‍ സിനിമാനടനായ പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന കക്ഷിയുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കും. തെലങ്കാനയില്‍ സിപിഐ എമ്മും സിപിഐയും മറ്റ് ഇടതുപക്ഷ കക്ഷികളും ഒരുമിച്ച് മത്സരിക്കും. ജനസേനയുമായി സീറ്റ് വിഭജനത്തെപ്പറ്റി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

ഒഡിഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. നിയമസഭയില്‍ ആറോ ഏഴോ സീറ്റുകളില്‍ പാര്‍ടി മത്സരിക്കും. ഇന്ന് പാര്‍ടിക്ക് ഒഡിഷയില്‍ ഒരു എംഎല്‍എ ഉണ്ട്. അദ്ദേഹം ജയിച്ച ബോണാനി സീറ്റ് ബിജെപി വിജയിച്ച സുന്ദര്‍ഖണ്ഡ് പാര്‍ലമെന്ററി നിയോജകമണ്ഡലത്തിലാണ്.

ബിജെപിയെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. നിയമസഭാ സീറ്റില്‍ പാര്‍ടി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയാല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പാര്‍ടി കോണ്‍ഗ്രസിന് പിന്തുണ കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റിലേക്ക് ഭുവനേശ്വറില്‍ പാര്‍ടി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാര്‍ടി ഉണ്ടാക്കിയിട്ടില്ല.

പശ്ചിമബംഗാളില്‍ സംസ്ഥാനഭരണം നടത്തുന്ന ടിഎംസിയെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് പാര്‍ടിയുടെയും ഇടതുകക്ഷികളുടെയും ലക്ഷ്യം. ടിഎംസി, ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനാണ് പാര്‍ടിയും ഇടതുകക്ഷികളും ശ്രമിക്കുന്നത്. ഇടതുകക്ഷികള്‍ക്ക് പുറമെ കോണ്‍ഗ്രസും ബിജെപിയെയും ടിഎംസിയെയും എതിര്‍ക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം 2 സ്ഥാനവും കോണ്‍ഗ്രസ് 4 സ്ഥാനവും നേടി. ടിഎംസി, ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുന്നതിന് ഈ 6 നിയോജക മണ്ഡലത്തിലും പരസ്പരമത്സരം ഒഴിവാക്കണമെന്ന നിര്‍ദേശം പാര്‍ടി പരസ്യമായി ഉന്നയിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ ആകെ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്.

മത്സരം ഒഴിവാക്കണമെന്ന് പാര്‍ടി നിര്‍ദേശിച്ചിട്ടുള്ള 6 സ്ഥാനങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി 36 സ്ഥാനങ്ങളാണുള്ളത്. അവയില്‍ സിപിഐ എമ്മിന്20, സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ക്ക് 3 സീറ്റുവീതവും സിപിഐ എംഎല്ലിന് ഒരു സീറ്റ്, ഡാര്‍ജിലിങ്ങിലെ കക്ഷിക്ക് ഒരു സീറ്റ്, ന്യൂനപക്ഷ രാഷ്ട്രീയകക്ഷിക്ക് ഒന്നോ രണ്ടോ സീറ്റുകള്‍. ബാക്കി ഒന്നോ രണ്ടോ സീറ്റുകള്‍ സ്വതന്ത്രന്മാര്‍ക്ക് എന്ന നിലയിലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കകം അവസാന തീരുമാനം എടുക്കാനാകുമെന്നാണ് പ്രതീക്ഷ. മുകളില്‍ വിവരിച്ച ആറ് സീറ്റില്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും തമ്മില്‍ പരസ്പരമത്സരം ഒഴിവാക്കണമെന്ന് പാര്‍ടി പരസ്യമായി നല്‍കിയ നിര്‍ദേശത്തെയാണ് സിപിഐ എം കോണ്‍ഗ്രസ് സഖ്യമായി ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

കോണ്‍ഗ്രസിനെയും ബിജെപിയെയും പറ്റി പാര്‍ടിക്ക് വ്യക്തമായ ധാരണകളാണുള്ളത്. രാഷ്ട്രീയപ്രമേയത്തിലെ ഖണ്ഡികകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

2.88. നമ്മുടെ രാജ്യത്തെ വന്‍കിട ബൂര്‍ഷ്വാസിയുടെ ഇന്നത്തെ രാഷ്ട്രീയ പ്രതിനിധികള്‍ ബിജെപിയും കോണ്‍ഗ്രസുമാണ്.

നമ്മുടെ പരിപാടിപരമായ ധാരണയുടെ അടിസ്ഥാനത്തില്‍, കോണ്‍ഗ്രസ് പ്രതിനിധാനംചെയ്യുന്നത് വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും താല്‍പ്പര്യങ്ങളും നടപ്പാക്കുന്നത് സാമ്രാജ്യത്വാനുകൂല നയങ്ങളുമാണ്.

അതിനാല്‍ നമുക്ക് അവരെ ഒരു ഐക്യമുന്നണിയിലെ സഖ്യശക്തികളോ പങ്കാളികളോ ആയി കാണുന്ന ഒരു അടവുനയം ഉണ്ടാകുക വയ്യ.

2.89. എന്നാല്‍, ബിജെപിയാണിന്ന് അധികാരത്തില്‍ എന്നതുകൊണ്ടും അതിന് അടിസ്ഥാനപരമായ ബന്ധം ആര്‍എസ്എസുമായി ഉള്ളതുകൊണ്ടും അതാണ് മുഖ്യമായ ഭീഷണി.

അതിനാല്‍ ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ അപകടകാരികളാണെന്ന് കണക്കാക്കിക്കൊണ്ടുള്ള ഒരു നയം സ്വീകരിക്കാനാകില്ല.

പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അടവ് രാഷ്ട്രീയ പ്രമേയത്തിലെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഒന്നാണ്. അതിനെ കോണ്‍ഗ്രസുമായി സഖ്യവും ധാരണയും എന്ന നിലയില്‍ ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമം തികച്ചും ദുരുദ്ദേശ്യത്തോടെയുള്ളതാണ്. ബിജെപിയുടെ പ്രചാരവേലകള്‍ക്ക് കരുത്ത് പകരാന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News