ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പ്രഖ്യാപിക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുക.

അവസാനവട്ട തയ്യാറെടുപ്പുകളിലാണ‌് തെരഞ്ഞെടുപ്പ‌ു കമീഷൻ. ഏപ്രിൽ–-മെയ‌് മാസങ്ങളിൽ ഏഴോ എട്ടോ ഘട്ടമായായിരുക്കും വോട്ടെടുപ്പ‌്. കേരളത്തിൽ ഏപ്രിൽ അവസാനവാരത്തിലോ മെയ‌് ആദ്യമോ വോട്ടെടുപ്പ‌് നടക്കാനാണ‌് സാധ്യത.

ആന്ധ്രപ്രദേശ‌്, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ‌് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.

നിയമസഭ പിരിച്ചുവിട്ട ജമ്മു–-കശ‌്മീരിലും ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക‌് ‌തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട‌്.2014ൽ ഏപ്രിൽ ഏഴ‌ുമുതൽ മെയ്‌ 12 വരെ ഒമ്പത‌് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ‌്-.

നിലവിലുള്ള ലോക‌്സഭയുടെ കാലാവധി ജൂൺ മൂന്നിന‌് അവസാനിക്കും. 2004ൽ ഫെബ്രുവരി 29നും 2009ൽ മാർച്ച‌് രണ്ടിനും 2014ൽ മാർച്ച‌് അഞ്ചിനും തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചു.

ഇക്കുറി തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം നീണ്ടുപോകുന്നത‌് വിമർശനങ്ങൾക്ക‌് ഇടയാക്കി. ഉദ‌്ഘാടനപരിപാടികൾ നടത്താൻ കേന്ദ്രസർക്കാരിനു സമയം നൽകാനാണ‌് വൈകിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട‌്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് മാധ്യമങ്ങളിലൂടെ വൻതോതിൽ പരസ്യം നൽകിവരികയാണ‌് കേന്ദ്രസർക്കാർ.

വോട്ടിങ്ങ‌് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച‌് ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നശേഷം നടക്കുന്ന തെരഞ്ഞെടുപ്പ‌് എന്ന പ്രത്യേകതയും ഇത്തവണയുണ്ട‌്. വോട്ടിങ്‌ മെഷീനിൽ കൃത്രിമം നടത്തിയതായി അവകാശപ്പെട്ട‌് യുവ സാങ്കേതിക വിദഗ‌്ധൻ സയ്യിദ‌് ഷുജ ലണ്ടനിൽ രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പു കമീഷൻ നിഷേധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടിങ്‌ മെഷീനിൽ കൃത്രിമം നടന്നതായി പ്രാദേശിക പാർടികൾ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News