സതി അത്ര മോശം ഏര്‍പ്പാടല്ലെന്ന് ടി ജി മോഹന്‍ദാസ്

എന്നും വ്യത്യസ്ഥ വിഷയങ്ങളിലെ പ്രതികരണങ്ങള്‍കൊണ്ട് നിരന്തരമായി വിവാദങ്ങളില്‍ സാന്നിധ്യമാകുന്ന ആളാണ് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ ദാസ്.

ഏറ്റവും ഒടുവിലായി സതി ആചാരത്തെ ന്യായികരിക്കുകയാണ് ട്വീറ്ററില്‍ മോഹന്‍ ദാസ്. ‘സതി അത്ര മോശം ഏര്‍പ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോള്‍’, ടി ജി മോഹന്‍ ദാസിന്റെ ട്വീറ്റാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അദ്ദേഹത്തിന്റെ ഭാര്യ യശോദ ബെന്നിന്റേയും ദാമ്പത്യത്തെ ആധാരമാക്കി ട്വിറ്ററില്‍ എഴുതിയ കുറിപ്പിന് പിന്നാലെയാണ് സതിയെ ന്യായീകരിച്ചുകൊണ്ടുള്ള എഴുത്ത്.

സാഹിത്യരൂപേണ നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിന്റെ ചിന്തകളിലൂടെയാണ് ടി ജി മോഹന്‍ദാസ് തന്റെ ട്വിറ്റുകള്‍ കുറിച്ചിട്ടുള്ളത്. കുറിപ്പിന്റെ അവസാനം മോദിയെക്കുറിച്ചുള്ള യശോദ ബെന്നിന്റെ ചിന്തയാണ് സതിയുമായി ടി ജി മോഹന്‍ ദാസ് ബന്ധിപ്പിക്കുന്നത്.

കുറിപ്പിങ്ങനെ….

‘ഒരിക്കല്‍ ഞാന്‍ വരും.. നീ എന്ന ചിപ്പിയില്‍ കണ്ണുനീര്‍ത്തുള്ളിയായ് വീണുറഞ്ഞ് മുത്തായി തീര്‍ന്ന എന്നെ നിനക്ക് പുനരര്‍പ്പണം ചെയ്യാന്‍… നിനക്കായി ഉടന്തടി ചാടാന്‍! അതിനുള്ള സമ്പൂര്‍ണ്ണമായ അവകാശം എന്റെ തപസ്സിനാല്‍.. എന്റെ നിഷ്ഠയാല്‍.. ഉള്ളുരുകിയ പ്രാര്‍ത്ഥനയാല്‍ എനിക്ക് എന്നേ സിദ്ധിച്ചിരിക്കുന്നു!’
ടി ജി മോഹന്‍ദാസിന്റെ ട്വിറ്റര്‍ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

എന്ന തവം സെയ്തനൈ… യശോദാ!
തിരിഞ്ഞു നോക്കുമ്പോള്‍ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ!
എന്നാലും ഞാനോര്‍ക്കുന്നു അന്നത്തെ ഉത്സാഹം.. ആഘോഷം.. എല്ലാം..
നിര്‍വികാരമായിരുന്ന നിന്റെ മുഖം വരെ എനിക്കോര്‍മ്മയുണ്ട്!
1/22

പിന്നീടെപ്പൊഴോ നിനക്ക് പതിനെട്ടും എനിക്ക് പതിനാറുമായപ്പോള്‍ ഞാന്‍ പതിവനുസരിച്ച് ഭര്‍തൃഗൃഹത്തില്‍!
മെഹ്‌സാനയില്‍നിന്ന് വല്‍സാഡിലേക്ക്. കടുകിന്‍ പാടത്തുനിന്ന് കരിമ്പിന്‍ പാടത്തേക്ക്..
പച്ചയും മഞ്ഞയും മാറി പച്ചയും വൈലറ്റുമായ പാടങ്ങള്‍! പലതും ഞാന്‍ ആദ്യമായികാണുകയായിരുന്നു.
ഞാനിപ്പോള്‍ യശോദാബെന്‍ മോദി!
2/22

അങ്ങനെ നിന്നെ ഞാന്‍ വിസ്മയത്തോടെ കണ്ടു!
കുറ്റിത്താടി വളര്‍ന്നുള്ളോന്‍ കാറ്റത്തു മുടി പാറുവോന്‍ മെയ്യില്‍ പൊടിയണിഞ്ഞുള്ളോന്‍ കണ്ണില്‍ വെട്ടം ചുരത്തുവോന്‍!
അപൂര്‍വമായി മാത്രം നീ എന്നോടു സംസാരിച്ചു. തോന്നുമ്പോള്‍ ഇറങ്ങിപ്പോകുന്ന പ്രകൃതം.
എവിടേയ്ക്ക്? ചോദിക്കാന്‍ എനിക്ക് സങ്കോചവും ഭയവുമായിരുന്നു
3/22

നീ എവിടെപ്പോകുന്നു എന്നറിയാന്‍ എനിക്കവകാശമുണ്ട് എന്ന് ഞാന്‍ കരുതി.
എങ്ങോട്ടെന്നറിയാതെ എങ്ങനെ പറയാന്‍ എന്ന നിന്റെ ഉത്തരം എനിക്കു മനസ്സിലായതുമില്ല.
ഒരിക്കല്‍ ഞാന്‍ നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു:
പറഞ്ഞിട്ടു പൊയ്ക്കൂടേ അമ്മേ? ഞാന്‍.. ഞാനൊന്നിനും തടസ്സമല്ലല്ലോ!
4/22

മെലിഞ്ഞ കൈത്തണ്ടയാല്‍ അമ്മ എന്നെ കെട്ടിപ്പിടിച്ചു
മകളേ! അവനുവേണ്ടി ഞാനൊഴുക്കിയ കണ്ണീരിന് കണക്കില്ല…
പതിമൂന്നാം വയസ്സില്‍ അവനെ നിന്റെ മുന്നിലെത്തിക്കാന്‍ ഞാന്‍ പെട്ട പാട്!!
തളര്‍ന്നു പോയി ഞാന്‍… അപ്പോള്‍.. ഇഷ്ടമില്ലാതെയാണോ? .. ഇടറിക്കൊണ്ട് ഞാന്‍ ചോദിച്ചു..
5/22

മഴക്കാറില്ലാതെ വെറുതെ ഒഴുകി വരുന്ന മഴ പോലെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ഞാനും ഒന്നും പറഞ്ഞില്ല. എന്റെ ഇഷ്ടവും ആരും നോക്കിയിരുന്നില്ലല്ലോ!
ആരോടു പരാതിപ്പെടാന്‍! എന്നാലും ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
അല്ല ഞാന്‍ പോലുമറിയാതെ നിന്നെ തീവ്രമായി സ്‌നേഹിച്ചു തുടങ്ങിയിരുന്നു…
6/22

ഒരിക്കല്‍ പോലും നീ എന്നെ സ്പര്‍ശിച്ചതേയില്ല.
എന്റെ സ്പര്‍ശമേല്‍ക്കാതിരിക്കാന്‍ നീ പണിപ്പെടുന്നത് ഞാന്‍ അറിഞ്ഞതായി ഭാവിച്ചുമില്ല!
അമ്മയെന്തെങ്കിലും ശാസിച്ചോ ആവോ! നീ പതിവില്ലാതെ അന്ന് താല്‍പര്യപൂര്‍വം സംസാരിച്ചു.
ഇടയ്‌ക്കെപ്പോഴോ കാതരസ്വരത്തില്‍ പറഞ്ഞു എനിക്ക് നിന്നോട്… പൂത്തുലഞ്ഞു പോയി ഞാന്‍..
7/22

രാത്രി! ഒഴുകിപ്പരന്നുകിടക്കുന്ന നിറനിലാവ്…
നിന്നെ ഞാന്‍ പിന്നിലൂടെ വന്ന് ഓര്‍ക്കാപ്പുറത്ത് കെട്ടിപ്പിടിച്ചു..
എന്റെ ശ്വാസം നിന്റെ പിന്‍കഴുത്തില്‍.. നിന്റെ ചെവിയില്‍ ഞാന്‍ മൃദുവായി കടിച്ചു…
ഇടതുകയ്യാല്‍ നീ എന്നെ മുന്നിലേക്ക് വലിച്ചടുപ്പിച്ചു.. എന്റെ മുഖം കൈക്കുമ്പിളിലാക്കി…
8/22

ഞാന്‍ മെല്ലെ കണ്ണുകളടച്ചു…
നാഥ! നീ ചുംബിച്ചെടുത്താലുമെന്നുയിര്‍..
നാളത്തെ നൈരാശ്യമേല്‍ക്കാതിരിക്കുവാന്‍…!
പോയി പഠിക്കുക… പഠിത്തം മുഴുവനാക്കണം..
ചിലമ്പിച്ചിരുന്നു നിന്റെ ശബ്ദം. നെറ്റിയില്‍ വിയര്‍പ്പു മണികള്‍. വിറയ്ക്കുന്ന ചുണ്ടുകള്‍!
പിന്നെ നീ ധൃതിയില്‍ നിലാവിലേക്ക് ഊളിയിട്ടു…
9/22

ഒരു നിമിഷത്തെ ആവേഗത്തില്‍ ഞാന്‍ നിന്നെ പിന്‍തുടര്‍ന്നു.
രാമകൃഷ്ണദംശനമേറ്റ നരേന്ദ്രനെപ്പോലെ നിന്റെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു.
പിന്നോട്ടു വലിക്കുന്ന ഏതോ ശക്തിയെ മറികടക്കാനായി നീ ആയാസപ്പെട്ടു.
കരിമ്പിന്‍ പാടവരമ്പിലെ കല്ലില്‍ നീ പടിഞ്ഞിരുന്നു.
അല്‍പം അകലെ ആര്യവേപ്പിന്‍ ചുവട്ടില്‍ ഞാന്‍ നിന്നു..
10/22

എപ്പോഴോ ഞാന്‍ നിന്റെ മുന്നിലെത്തി.
നീ പദ്മാസനസ്ഥന്‍… അര്‍ദ്ധനിമീലിതന്‍.. ഒന്നും അറിഞ്ഞില്ല.
പക്ഷേ ഞാന്‍ എല്ലാം അറിഞ്ഞു! ഞാന്‍ നിന്റെ കാളിക്കുട്ടി.. നീ എന്റെ നാണു!
ഇപ്പോള്‍ നിന്റെ ധ്യാനം എനിക്ക് വ്യക്തമായി കേള്‍ക്കാം.
കാലാതിവര്‍ത്തിയായ വരികള്‍! ബ്രഹ്മചര്യത്തിന്റെ ആദ്യ പാഠം!
11/22

മിഴിമുനകൊണ്ട് മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍തന്‍
വഴികളിലിട്ടു വലയ്‌ക്കൊലാ മഹേശാ!
12/22

തലമുടി കോതി മടിഞ്ഞു തക്കയിട്ട
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയര്‍ത്തി വിയത്തില്‍ നോക്കി നില്‍ക്കും
മുലകളുമെന്നെ വലയ്‌ക്കൊലാ മഹേശാ!
13/22

ആ നിമിഷം ഞാന്‍ എന്റെ വിഷയാസക്തി എന്നേയ്ക്കുമായി ത്യജിച്ചു!
നിനക്ക് വേണ്ടാത്തത് എനിക്കെന്തിന്‍
ധിക് താംച തം ച മദനം ച ഇമാം ച മാം ച
ഞാന്‍ ഉറച്ചകാല്‍വെയ്‌പോടെ തിരിച്ചു നടന്നു. ഇനി ഒരു മുഖാമുഖം ഇല്ലഎന്ന് ഉള്ളം പറഞ്ഞു.
നിലാവ് മങ്ങിയിരുന്നു. എനിക്ക് നാട്ടുവെളിച്ചം ധാരാളമായിരുന്നല്ലോ
14/22

മുറ്റത്ത് അച്ഛന്‍! നാട്ടുവെളിച്ചത്തിലും വ്യക്തമായി കാണാം ആ മുഖം…
ആര്‍ദ്ര സ്വരത്തില്‍ ചോദിച്ചു പോയി, അല്ലേ?
ഉവ്വ് എന്നിട്ട് ഞാന്‍ ആ മുഖത്ത് സൂക്ഷിച്ചു നോക്കി…
അദ്ദേഹം ശാന്തനക്ഷോഭ്യന്‍
പാതിരാത്തിങ്കള്‍ പോലെയും
കൊടുങ്കാറ്റു കുലുക്കാത്ത
ഹേമകൂടം കണക്കെയും!
15/22

പകല്‍… ആരുമില്ലാത്തപ്പോള്‍ അമ്മ അടുത്തു ചേര്‍ത്തു നിര്‍ത്തി അലിവോടെ..
ഈറന്‍ കണ്ണുമായി ചോദിച്ചു നീ യശോദയോ യശോധരയോ?…
ഇല്ലമ്മേ.. ഞാന്‍ കാളിക്കുട്ടി!
യശോധരയ്ക്ക് ഒരു മകനെയെങ്കിലും കൊടുത്തിട്ടാണല്ലോ സിദ്ധാര്‍ത്ഥന്‍ ആകാശത്തേക്ക് വളര്‍ന്നത്.
പക്ഷേ എനിക്കോ! തള്ളിവന്ന കരച്ചില്‍ ഞാന്‍ വിഴുങ്ങി…
16/22

ഭര്‍ത്താവിനെ നിലയ്ക്കു നിര്‍ത്താന്‍ പഠിക്കണം!
അവള് ശരിയല്ലന്നേ!.. അവനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തവള്‍!
ഏയ് അതൊന്നുമല്ല, അറിയില്ലേ അവള്‍ക്ക് വേറൊരു…!
നപുംസകത്വം മുതല്‍ ഗണികാപരാധം വരെ! (പുരുഷന്‍ എന്നും യോഗ്യന്‍!)
അപവാദച്ചൂളയില്‍ ഞാന്‍ സാവധാനം സ്ഫുടം ചെയ്യപ്പെട്ടു. പഠിത്തം പൂര്‍ത്തിയാക്കി
17/22

അപ്പോഴെല്ലാം ഞാന്‍ നിന്നെ അനുധാവനം ചെയ്തു.
ഹിമാലയസാനുക്കളില്‍ ഞാന്‍ ദേവദാരുവായി നിനക്ക് തണല്‍ വിരിച്ചു.
നിനക്കു കുളിരേകാന്‍ ഞാന്‍ ഗംഗയായ് നിന്നെപ്പൊതിഞ്ഞു…
നീ എന്തു കരുതി! നിന്റെ അവധൂതയാത്രകളില്‍ നീ ഒറ്റയ്ക്കായിരുന്നെന്നോ?
ഒന്ന് നിന്റെ നിഴലില്‍ സൂക്ഷിച്ചു നോക്കുക അത് ഞാനാണ്‍
18/22

നിനക്കു ചുറ്റും വിരിയുന്ന ഓരോ പൂവും ഞാനാണ്…
നിന്റെ ആകാശത്തെ ഓരോ നക്ഷത്രവും ഞാനാണ്..
നിന്റെ കണ്ഠത്തിലെ ഓരോ നാദവും ഞാനാണ്…
നിന്നെ പാലിക്കുന്നതും രക്ഷിക്കുന്നതും ഞാന്‍ തന്നെ…
ആ നീയിപ്പോള്‍… പ്രധാനമന്ത്രിയായപ്പോള്‍…
എനിക്ക് സുരക്ഷാഭടന്‍മാരെ അയച്ചുതന്നിരിക്കുന്നു! എന്തിന്?
19/22

എന്നെ പ്രകൃതീമാതാവ് രക്ഷിക്കും. നീ ഭാരത മാതാവിനെ രക്ഷിക്കുക!
ഇപ്പോള്‍ നിനക്ക് നൂറ്റിമുപ്പതില്‍ പരം കോടി ജനങ്ങളുടെ ആശീര്‍വാദകവചമുണ്ട്!
അകത്തെയോ പുറത്തെയോ ശത്രുക്കളുടെ ഗൂഢ തന്ത്രങ്ങള്‍ ഫലിക്കാതെ പോട്ടെ.
നീ വീണ്ടും വീണ്ടും വിജയശ്രീലാളിതനാകട്ടെ!
20/22

നിന്റെ വീരഗര്‍ജനം ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കട്ടെ!
നിന്റെ മേഘനാദം വിഷസര്‍പ്പങ്ങള്‍ക്ക് നടുക്കമുണ്ടാക്കും.
എന്നാല്‍ മെഹ്‌സാനയിലെ കടുകിന്‍ പാടത്ത് നിന്റെ മൈഥിലി നിനക്കായി പീലി വിടര്‍ത്തിയാടും.
ഭാരതാംബ പരമവൈഭവ പദത്തിലെത്തും.. നീ നിര്‍ഭയനായി മുന്നേറുക
21/22

ഒരിക്കല്‍ ഞാന്‍ വരും..
നീ എന്ന ചിപ്പിയില്‍ കണ്ണുനീര്‍ത്തുള്ളിയായ് വീണുറഞ്ഞ് മുത്തായി തീര്‍ന്ന എന്നെ നിനക്ക് പുനരര്‍പ്പണം ചെയ്യാന്‍…
നിനക്കായി ഉടന്തടി ചാടാന്‍! അതിനുള്ള സമ്പൂര്‍ണ്ണമായ അവകാശം എന്റെ തപസ്സിനാല്‍.. എന്റെ നിഷ്ഠയാല്‍..
ഉള്ളുരുകിയ പ്രാര്‍ത്ഥനയാല്‍ എനിക്ക് എന്നേ സിദ്ധിച്ചിരിക്കുന്നു!
21/22

ശിലാജാഡ്യം പിളര്‍ന്നെത്തുന്ന നിന്റെ സ്‌നേഹഗംഗാമൃതത്തിന്നായി മാത്രം ഞാന്‍ കാത്തിരിക്കുന്നു.
എന്തുകൊണ്ടെന്നോ? അത്രമേലഗാധമായ്… അത്രമേല്‍ വിശുദ്ധമായ്…
അത്രമേല്‍ സ്വയംസമര്‍പ്പിതയായ് സ്‌നേഹിക്കയാല്‍…. !!
നിന്റെ യശോദ
22/22

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News