തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം 14ഓടെ രൂപീകരിക്കും. 17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപീകരണം പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കണ്ടുള്ള പ്രചരണങ്ങള്‍ ഇന്നലെത്തന്നെ തുടങ്ങിക്കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.

ആദ്യഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. എന്‍ഡിഎയ്ക്കും യുഡിഎഫിനും സ്ഥാനാര്‍ഥികളെപ്പോലും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് മുന്നണികളും ആശയ കുഴപ്പത്തിലും അന്തര്‍ സംഘര്‍ഷത്തിലുമാണെന്നും കോടിയേരി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എതിരാളികളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ലെന്നും കോടിയേരി ആവശ്യപ്പെട്ടു.