രാജ്യം തെരഞ്ഞെടുപ്പിലേക്ക്; ആദ്യഘട്ട പോളിംഗ് ഏപ്രില്‍ 11ന്; കേരളത്തില്‍ ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

ദില്ലി: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഏഴു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം 23നും നാലാം ഘട്ടം 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം 12നും ഏഴാം ഘട്ടം 19നും നടക്കും.

കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും.

22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുക. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരളം, മേഘാലയ, മിസോറാം, നാഗാലാന്റ്, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിലവില്‍ വന്നു.

90 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. 8.4 കോടി പുതിയ വോട്ടര്‍മാരുണ്ട്. 11 രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാം. 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് വോട്ടിംഗിനായി സജ്ജമാക്കുക. എല്ലായിടത്തും വിവി പാറ്റുകള്‍ ഉപയോഗിക്കും. പുതിയ വോട്ടര്‍മാരാകാന്‍ ടോള്‍ഫ്രീ നമ്പറായ 1950 നമ്പരില്‍ വിളിക്കാം. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.

വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉള്‍പ്പെടുത്തും. സോഷ്യല്‍മീഡിയയിലെ പരസ്യച്ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും. പരിസ്ഥിതി സൗഹൃദ പ്രചാരണം നടപ്പിലാക്കും. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം പെരുമാറ്റച്ചട്ടത്തിന് വിധേയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ പ്രത്യേക മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇവര്‍ കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രപരസ്യം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത മേഖലകളില്‍ സുരക്ഷാ ശക്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here