നായയെ കണ്ട് ഭയന്നോടി നീലകണ്ഠന്‍; പരിഭ്രാന്തി സൃഷ്ടിച്ച ആന വരുത്തിവെച്ചത് വന്‍ നാശനഷ്ടം

മദംപൊട്ടിയ ആനയെ കണ്ട് പേടിച്ചോടുന്നവരാണ് നമ്മളിലെല്ലാവരും. എന്നാല്‍ എന്തെങ്കിലും കണ്ട് പേടിച്ചോടുന്ന ആനയെ ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല എന്നതാണ് സത്യം. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലുണ്ടായത്.

ഉത്സവം കഴിഞ്ഞ് തിരികെ തളയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് വെണ്മണി നീലകണ്ഠന്‍ എന്ന ആന നായയെ കണ്ട് ഭയന്ന് ഓടിയത്. പത്തനംതിട്ട-പന്തളം റോഡില്‍ നരിയാപുരം മുതല്‍ തുമ്പമണ്‍ മുട്ടം വരെ അഞ്ച് കിലോ മീറ്ററോളം ദൂരമാണ് ആന വിരണ്ടോടിയത്.

ഭയന്നോടുന്നതിനിടെ ആന വഴിയിലുള്ള മതിലും കാറും വൈദ്യുതിപോസ്റ്റും തകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ നാലിന് റോഡിലൂടെ നടക്കുമ്പോള്‍ കുറുകെ ചാടിയ നായയെ കണ്ട ഭയന്ന് ആന ഓടുകയായിരുന്നു. പുലര്‍ച്ചെയിരുന്നു ആനയെ തൃശ്ശൂരിലുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ശേഷം നരിയാപുരത്ത് എത്തിച്ചത്.

തുടര്‍ന്ന് ആനയെ ലോറിയില്‍ നിന്ന് ഇറക്കി തളയ്ക്കാനായി കൊണ്ടു പോകുന്ന വേളയിലാണ് സംഭവമുണ്ടായത്. മൂന്നു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ ഒടുവില്‍ റോഡിന് സമീപത്തുള്ള റബ്ബര്‍തോട്ടത്തില്‍ തളയ്ക്കുകയായിരുന്നു.

വൈദ്യുതിപോസ്റ്റും ഇടമാലി ജ്യോതിഭവനില്‍ യശോധരന്റെ മതിലും തകര്‍ത്ത ശേഷം ആന കെ.എസ്.ആര്‍.ടി.സി. ബസില്‍ കുത്തുകയും ചെയ്തിരുന്നു. കൂടാതെ നരിയാപുരം പെരുമ്പ്രാല്‍ വടക്കേതില്‍ അഖിലിന്റെ കാറും വിരണ്ടോടിയ ആന തകര്‍ത്തത്.

വിരണ്ടോടിയ ആനയെ പാപ്പാന്മാരും ആനയുടെ മാനേജര്‍ അഖിലും ചേര്‍ന്ന് പിന്തുടര്‍ന്നെങ്കിലും മൂന്ന് മണിക്കൂറിന് ശേഷമാണ് ആനയെ തളയ്ക്കാനായത്. അതേസമയം ആനയ്ക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here