ആനയിടച്ചിലും മുന്‍കരുതലും; പ്രശസ്ത മാർഷൽ സി.രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് വൈറലാകുന്നു

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആനയിടച്ചിലുകൾക്കുള്ള മുൻകരുതലുകളെ കുറിച്ചും ആനകൾക്ക് നൽകേണ്ട സംരക്ഷണത്തെ കുറിച്ചും പ്രശസ്ത മാർഷൽ സി.രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഭാരതത്തിന്റെ പൈതൃക മൃഗമായ ആന, കേരളത്തിന്റെ സംസ്ഥാന മൃഗമായ ആന മലയാളികൾ എന്നും സ്നേഹിക്കുകയും ആരാധിക്കുകയും ചെയുന്ന ഒരു അത്ഭുത ജീവിയാണ്. ലോകത്താകമാനമുള്ള 40,000 ത്തോളം ഏഷ്യൻ ആനകളിൽ ഭൂരിഭാഗവും ഇന്ത്യ,ശ്രീലങ്ക,മ്യാന്മാർ,തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണുള്ളത്.അവയിൽ 50 ശതമാനത്തോളം ഇന്ത്യയിലും

കേരള വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ നാട്ടാന സെൻസസ് പ്രകാരം സംസ്ഥാനത്ത് ഇന്ന് 519 നാട്ടാനകൾ ആണുള്ളത്. അതിൽ 400 കൊമ്പനും ,97 പിടിയാനകളും, 22 മോഴകളും (കൊമ്പില്ലാത്ത ആണാന) ഉൾകൊള്ളുന്നു.ഇതിൽ ഏറ്റവും കൂടുതൽ ആനകൾ തൃശ്ശൂർ ജില്ലയിലാണുള്ളത് .

ഉത്സവങ്ങളുടെയും ആനകളുടെയും നാടായ കേരളത്തിൽ ഇന്ന് വർദ്ധിച്ച് വരുന്ന ആനയിടച്ചിലുകൾ തികച്ചും ഖേദകരവും ആശങ്കയുണർത്തുന്നതുമായ വസ്തുതയാണ് .ഇതിന് ഒരു വിരാമമിടാൻ കൂട്ടായ പ്രവർത്തനവും സഹകരണവും അത്യാവശ്യമാണ്.ആനകൾ ഇടയാൻ കാരണങ്ങൾ പലതാണ്. ഉത്സവം/പള്ളിപെരുന്നാൾ/നേർച്ച എന്നിവയോടനുബന്ധിച്ച് വിശ്രമരഹിതമായ ജോലിയും,കൃത്യതയില്ലാത്ത ഭക്ഷണം രീതിയും, അടിക്കടി ചട്ടക്കാരൻ മാറുന്നതും,പരിചയ സമ്പന്നരല്ലാത്ത ആനക്കാരും ഉടമകളും,പൊതുജനങ്ങളുടെ അശ്രദ്ധയും പീഡനവും,മദകാലവും,കാലാവസ്ഥ വ്യതിയാനവും എല്ലാം ആനകളെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തുന്നു.

എന്നാൽ ഈയിടെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ആനകൾ ഇടയുന്നതിനും പരിഭ്രാന്തി സൃഷിക്കുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്.രാത്രിയിലെ തണുപ്പും പകൽ സമയങ്ങളിലെ ഉയർന്ന ചൂടും ആനകളെ ശാരീരികമായും മാനസികമായും സമ്മർദ്ദത്തിലാഴ്ത്തുന്നു.നാം അറിയേണ്ട ഒരു വസ്തുത ആനകളുടെ തൊലിയിൽ സ്വേദഗ്രന്ഥികൾ കുറവാണ് എന്നതാണ് .ആകയാൽ ആനയുടെ ശരീരത്തിൽ വിയർപ്പ് പൊടിയാറില്ല.ആനകൾ അവയുടെ ശരീര താപനില ക്രമീകരിക്കുന്നത് പ്രധാനമായും അവയുടെ ചെവികൾ ആട്ടിയാണ് .ആനയുടെ ചെവികളിൽ ധാരാളം രക്തധമനികൾ ഉണ്ട്.അവിടെ എത്തുന്ന ചുടുരക്തം ആട്ടിതണുപ്പിച്ചു തിരികെ ശരീരത്തിലേക്കു പ്രവേശിപ്പിക്കുന്നു. മറ്റു മൃഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ആനയുടെ ശരീര താപനില കുറവാണ് .ആനകളുടെ ശരീര ഊഷ്മാവ് 96.6°F (35.9°C) ആണ്. ആയതിനാൽ സ്വതവേ ആനകൾക്ക് ചൂട് അസഹനീയമാണ്.കൂടാതെ ഒരാനക്ക് 200 മുതൽ 250 ലിറ്റർ വരെ വെള്ളം ചുരുങ്ങിയത് ഒരു ദിവസം കുടിക്കാൻ ആവശ്യമായി വരും.ഇത്തരം പ്രത്യേകതകൾ എല്ലാം മനസ്സിലാക്കി ഉത്സവപ്പറമ്പുകളിൽ ആനകളുടെ പ്രാഥമിക ആവശ്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം.

ആഘോഷങ്ങൾക്കായി ആനകളെ ഉപയോഗിക്കുമ്പോൾ ആനകൾക്ക് ആവശ്യമായ ഭക്ഷണം, സുലഭമായി കുടിക്കാനുള്ള വെള്ളം, ജലാംശം കൂടുതലായി ലഭിക്കുന്ന തണ്ണിമത്തൻ,വെള്ളരിക്ക,കുക്കുമ്പർ,വാഴപ്പിണ്ടി എന്നിവ ശ്രദ്ധയോടെ നൽകാൻ ശ്രമിക്കുക. ചുട്ടുപൊള്ളുന്ന ടാറിട്ട റോഡുകൾ, കോൺക്രീറ്റ് പ്രതലങ്ങളിൽ ആനകളെ നിർത്താതെ ശ്രദ്ധിക്കണം. നിർത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മുന്നേ വെള്ളം ഒഴിച്ച് തണുപ്പിക്കുകയോ, നനഞ്ഞ ചാക്ക് ഇട്ടു നൽകുകയോ ചെയ്യണം.ചൂടു കൂടിയ സാഹചര്യത്തിൽ പരമാവധി ആനകളെ തണലിൽ നിർത്താൻ ആനക്കാരും,സംഘാടകരും,ഉടമകളും ശ്രദ്ധിക്കണം.ഇതിനായി പന്തലുകൾ മറ്റു തണൽ സംവിധാനങ്ങൾ ഒരുക്കാവുന്നതാണ്.ഒഴിവു സമങ്ങളിൽ ആനകൾക്ക് വിശ്രമവും ശരീരം തണുപ്പിക്കാനുള്ള ജലസൗകര്യവും ഒരുക്കണം.
ഉയർന്ന ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും ആനകൾ ഇടയാൻ കാരണമായതായി 2007-2008 കാലയളവിൽ ഞങ്ങൾ നടത്തിയ ഗവേഷണപഠനത്തിൽ കണ്ടെത്തിയിരുന്നു . രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ആനകളുടെ യാത്രയും വഴിനടത്തവും പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഒരു വന്യജീവിയുടെ സ്വഭാവം ഉള്ളിൽ സൂക്ഷിക്കുന്ന ആനയെ സമീപിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. തന്റെ വിശ്വസ്തനും സംരക്ഷകനുമായ ആനകാരന്റെ (പാപ്പാൻ ) അനുവാദം കൂടാതെയോ അസാന്നിധ്യത്തിലോ ആനയെ സ്പർശിക്കുകയോ,കൊമ്പിലോ വാലിലോ പിടിക്കാൻ ശ്രമിക്കുകയോ,ഭക്ഷണപദാർത്ഥങ്ങൾ നൽകുകയോ ചെയ്യരുത്.ആനയുമായി എപ്പോഴും ഒരു നിശ്ചിത അകലം പാലിക്കാൻ പൊതുജനം വളരെയധികം ശ്രദ്ധിക്കണം. ഉത്സവങ്ങളും ആന എഴുന്നള്ളിപ്പുകളും നിർത്തലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആനകളെ മനപ്പൂർവം ഓടിക്കാൻ ശ്രമം നടത്തുന്ന സാമൂഹ്യവിരുദ്ധരും ഉണ്ടെന്ന വാർത്ത ഞെട്ടലുളവാക്കുന്നതതാണ്.

ശരീരത്തിന് ചുറ്റും ആന സുരക്ഷിത മേഖലയായി (Critical Distance) കണക്കാക്കിയിരുന്നിടത്തേക്ക് അപരിചിതർ കടന്നു കയറുമ്പോൾ അത് ആനയെ പ്രകോപിതനാകുകയും മാനസിക സംഘർഷത്തിലാക്കുകയും ചെയുന്നു.ഇത്തരം സന്ദർഭങ്ങൾ അനാവശ്യ ആനയിടച്ചിലുകൾക്ക് വഴി തെളിച്ചതായി ഞങ്ങൾ നടത്തിയ ഗവേഷണങ്ങളിൽ കണ്ടെത്താനായിട്ടുണ്ട് .

ഈയിടെ ആനയുടെ താലപ്പൊക്ക മത്സരത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങാത്ത ആനപ്പാപ്പാനെ ഒരു കൂട്ടം സംഘാടകർ കയ്യേറ്റം ചെയ്തതും, ഉത്സവലഹരിയിൽ ആനപാപ്പാനെ തള്ളിയിട്ടു ആന വിരണ്ടോടാൻ കാരണമായതുമെല്ലാം ആനകേരളത്തിന് അപമാനകാരവും ഖേദകരവുമായ വാർത്തകളായിരുന്നു.തികച്ചും സാഹസികമായ ഈ തൊഴിലിൽ ഏർപ്പെടുന്ന ആനപാപ്പാന്മാർക്ക് ഈ തൊഴിൽ ആനകളോടുള്ള അതിരു കവിഞ്ഞ ഒരു വികാരവും (ഇഷ്ടം) അതിലുപരി ഉപജീവമാർഗ്ഗവുമാണെന്ന് നാം മനസ്സിലാക്കണം.സുരക്ഷിതമായി അവരുടെ തൊഴിൽ ചെയ്യാൻ അനുവദിച്ചാലേ ആനയുടെയും,ആനക്കാരുടെയും,പൊതുജനത്തിന്റെയും സുരക്ഷ നമുക്ക് ഉറപ്പിക്കാനാകൂ.

ആനകളുടെ അടുത്ത് നിന്നു ആർപ്പു വിളിക്കുന്നത്,വിസിലുകൾ/ഹോൺ മുഴക്കുന്നത്,അപ്രതീക്ഷിതമായി പടക്കം പൊട്ടിക്കുന്നത്,കണ്ണിന് സമീപം തോർത്തു /വടി ബലൂണുകൾ വീശുന്നത്,കളർ ഫ്യൂം ,പോപ്പ് അപ്പ്‌ പൊട്ടിക്കുന്നത് എല്ലാം ആനയെ ഭയപ്പെടുത്തുവാനും,പ്രകോപിതരാക്കുവാനും കാരണമാകുന്നതായി കൂടുതൽ ആനക്കാരും പരാതി പറയുന്നു.ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ ഉത്സവ/പെരുന്നാൾ/ നേർച്ച സംഘാടകർ ശ്രദ്ധിക്കേണ്ടതാണ്.അനിയന്ത്രിതമായ അവസരങ്ങളിൽ പോലീസ്,ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാവണമെന്നും ആനക്കാരും ആനയുടമകളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.

ആന എന്ന അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിൽ നമ്മൾ ഓരോരുത്തരും തുല്യ ഉത്തരവാദികളാണ്. ഗജസംരക്ഷണം സർക്കാർ ഉൾപ്പെടെ ആന ഉടമകൾ ,പാപ്പാന്മാർ, ഉത്സവസംഘാടകർ, ജന്തക്ഷേമ ഉദ്യോഗസ്ഥർ, ക്രമസമാധാനപാലകർ, ചികിത്സകർ, ഗവേഷകർ, ആനപ്പുറം കയറുന്നവർ, ആനപ്രേമികൾ, പൊതുസമൂഹം തുടങ്ങി എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്. ഓരോരുത്തരും അവരവരുടെ ചുമതലകൾ എന്തെന്നറിഞ്ഞ് ഉത്തരവാദിത്വത്തോടെ നിർവ്വഹിച്ചാൽ ഉത്സവപ്പറമ്പുകളിലെയും പൊതുസ്ഥലങ്ങളിലെയും ആനയിടച്ചിലുകൾക്ക് വിരാമമിടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News