മസൂദ് അസറിനെ മോചിപ്പിച്ചതില്‍ അജിത് ഡോവലിന് പങ്കുണ്ട്: രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അജിത് ഡോവലിന്റെ പങ്ക് വെളിവാക്കുന്ന ചിത്രം ട്വിറ്ററില്‍ മാര്‍ക്ക് ചെയ്താണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. അസറിനെ കൈമാറുന്ന അജിത്ത് ഡോവലിന്റെ ചിത്രം ആണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

40 ജവാന്മാരുടെ ജീവന്‍ കവര്‍ന്ന ഭീകരവാദിയെ ആരാണ് വിട്ടയച്ചതെന്ന് അവരുടെ കുടുംബത്തോട് മോദി പറയണമെന്നും നിങ്ങളുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ് അസറിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ഇടപാട് നടത്തിയ ആളാണെന്നും പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്യുന്നു.

മോദിയോട് ഒരു ചോദ്യം മാത്രം, ആരാണ് സിആര്‍പിഎഫ് ജവാന്മാരെ കൊന്നത്, ആ കൊലയാളികളുടെ നേതാവ് ആരാണ്.

അയാളുടെ പേര് മസൂദ് അസര്‍.നിങ്ങളുടെ സര്‍ക്കാരാണ് അയാളെ പാകിസ്ഥാനിലേക്ക് തിരിച്ച് അയച്ചത്. താങ്കളെപോലയല്ല ഞങ്ങള്‍… ഭീകരവാദത്തിന് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല രാഹുല്‍ ഗാന്ധി പറയുന്നു.

മസൂദ് അസര്‍ എന്ന ഭീകരനെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ ആണ് 1999 ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ നടന്നത്.

കാഠ്മണ്ഡു-ഡല്‍ഹി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി 814 ആണ് ഭീകരര്‍ റാഞ്ചിയത്. ഇവര്‍ 150 ലേറെ യാത്രക്കരെ ബന്ദികളാക്കി. ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസര്‍, ഉപമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചപ്പിക്കണമെന്ന ആവശ്യത്തിന് വാജ്‌പേയ് സര്‍ക്കാര്‍ വഴങ്ങി. ഭീരകരരെ കൈമാറി ബന്ദികളെ മോചിപ്പിച്ചു.

അന്ന് ഇന്ത്യയില്‍ നിന്നും മോചിതനായതിന് ശേഷമാണ് മസൂദ് ജയ്‌ഷേ മുഹമ്മദ് എന്ന സംഘടന രുപീകരിച്ചത്. കശ്മീരില്‍ ആദ്യമായി ചാവേര്‍ ആക്രമണ രീതി ഉപയോഗിച്ചതും ജയ്‌ഷേ മുഹമ്മദ് ആണ്.കശ്മീരി യുവാക്കളെയും സംഘടനയില്‍ ചേര്‍ത്തു.

രണ്ടു ദശകത്തിനിടെ ഇന്ത്യയില്‍ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്‌ഷെ മുഹമ്മദ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News