തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിലൂടെ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചത്.

ജീർണിക്കുന്ന വസ്തുക്കൾ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കുന്നുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

തെരഞ്ഞെടുപ്പിൽ ഫ്ളക്സ് ബോർഡുകളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവന വികാസ കേന്ദ്രം എന്ന സംഘടനയാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വ്യാപകമായി ഫ്ലക്സുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും, ജീർണിക്കാത്ത ഫ്ലക്സുകൾ പരിസ്ഥിതിക്ക് ദോഷകരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

പരിസ്ഥിതി സൗഹൃദമായ പ്രചരണം മാത്രമേ അനുവദിക്കൂ എന്ന് രാഷ്ട്രീയപാർട്ടികളെ അറിയിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.

ഇതിനെ തുടർന്നാണ് ഫ്ലക്സുകളുടെ ഉപയോഗം നിരോധിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജീർണിച്ച പോകാൻ സാധ്യതയില്ലാത്ത ഫ്ലക്സ് പ്ലാസ്റ്റിക്ക് തുടങ്ങിയവ ഒരു കാരണവശാലും പ്രചരണത്തിന് ഉപയോഗിക്കരുത്. പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.