
ക്രിക്കറ്റിലെ ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണെന്ന് മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ എം എസ് ധോണി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്‍റെ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സ് ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തെ കുറിച്ച് മനസ് തുറന്നപ്പോഴാണ് ധോണി ഇങ്ങനെ പ്രതികരിച്ചത്.
പുതിയ സീസണിന് മുന്നോടിയായി ഹോട്ട്‌സ്റ്റാര്‍ പുറത്തിറക്കുന്ന ‘റോര്‍ ഓഫ് ദ് ലയണ്‍’ എന്ന ഡോക്യുമെന്‍ററിയുടെ ട്രെയ് ലറിലാണ് ധോണി മനസ് തുറന്നത്.
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിന് ഐ.പി.എല്ലില്‍ രണ്ടു സീസണില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിലക്കിന് ശേഷം കളിച്ച ടൂര്‍ണമെന്‍റില്‍ ജേതാക്കളായിട്ടായിരുന്നു സൂപ്പര്‍കിങ്‌സിന്‍റെ തിരിച്ചുവരവ്. തലയെന്ന് ചെന്നൈയില്‍ വിളിപ്പേരുള്ള ധോണിയെ കൂടാതെ സൂപ്പര്‍കിങ്‌സ് താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഷെയ്ന്‍ വാട്സന്‍ എന്നിവരും ട്രെയിലറിന്‍റെ ഭാഗമായിട്ടുണ്ട്
”ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യം കൊലപാതകമല്ല, ഒത്തുകളിയാണ്. എന്‍റെ ടീം ഒത്തുകളിയില്‍ പങ്കാളികളായെന്ന് വാര്‍ത്ത വന്നു.
എന്‍റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഏറെ പ്രയാസമേറിയ സമയമായിരുന്നു അത്. ഞങ്ങളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ നടപടി അല്‍പം കടന്നുപോയെന്ന് ആരാധകര്‍ക്ക് പോലും തോന്നി.
അതുകൊണ്ടുതന്നെ തിരിച്ചുവരവ് അല്‍പം വൈകാരികമായിരുന്നു. വാശിയുമുണ്ടായിരുന്നു. ഇത്തരം തിരിച്ചടികള്‍ ഞങ്ങളെ കൂടുതല്‍ കരുത്തരാക്കിയിട്ടേയുള്ളൂ” – ഡോക്യുമെന്‍ററിയില്‍ ധോണി പറയുന്നു.
ഐ.പി.എല്ലില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here