നിലപാടുകളാണ് ഞങ്ങളുടെ കാതല്‍; ഇട്ടുമൂടാന്‍ കോടികള്‍ ഇറക്കിയാലും ഇടതുപക്ഷത്തെ കിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മോഡി ഭരണത്തില്‍ രാജ്യം കണ്ടത്, ജനദ്രോഹവും കര്‍ഷകദ്രോഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തുവെന്നും പിണറായി പറഞ്ഞു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇപ്പോള്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്താക്കള്‍ പരസ്യമായി രംഗത്ത് വന്ന് രാമക്ഷേത്രം ഞങ്ങള്‍ നിര്‍മിക്കുമെന്ന് പറയുന്നു.

രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസം?; പിണറായി ചോദിച്ചു. ഇതു നാം കണക്കിലെടുക്കേണ്ടതാണ്. ബിജെപിയുടെ അതിക്രമത്തിനെതിരെ രാജ്യമാകെ ഒന്നിച്ചണിനിരക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലേക്ക് ചേക്കേറുന്നു.

പ്രധാനികള്‍, മുഖ്യമന്ത്രിമാരായിരുന്നവര്‍, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവരൊക്കെ ബിജെപിയിലേക്ക് പോകുകയാണ്.

ഇപ്പോഴും അത് തുടരുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാസ രൂപമാണ് കര്‍ണാടകയില്‍ നാമിപ്പോള്‍ കാണുന്നത്.

അവിടുത്തെ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് വലിയ തോതില്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയാണ്. ഇതാണോ ഒരു പാര്‍ട്ടിയുടെ സാധാരണ നിലയ്ക്കുണ്ടാകേണ്ട സ്വഭാവം?

ഇടതുപക്ഷത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ളത് പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തന്റെ ഉള്ള ശക്തി ശരിയായി പ്രയോഗിച്ചതുകൊണ്ടാണത്.

അതുകൊണ്ട് കോണ്‍ഗ്രസിനും ഗുണം കിട്ടി. അതോര്‍ക്കണം, ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

തൊഴിലുറപ്പുപദ്ധതി, വനാവകാശ നിയമം എന്നിവയൊക്കെ ഇടതുപക്ഷ സമ്മര്‍ദ്ദം കൊണ്ടാണുണ്ടായത്. നിലവിലെ സഭയിലും എ സമ്പത്തിനെ പോലുള്ള അംഗങ്ങള്‍ വീറുറ്റ പോരാട്ടമാണ് നടത്തിയത്.

അതിനാല്‍ ഇടതുപക്ഷത്തെ അവര്‍ ഭയപ്പെടുന്നു. പലവഴിക്ക് ആളുകളെ ഇക്കാലത്ത് സ്വാധീനിക്കാം. കര്‍ണാകയില്‍ കോടികള്‍ കൊടുക്കുകയാണ് ഓരോ എംഎല്‍എയ്ക്കും.

ഇവിടെ ആളെ മൂടാനുള്ള കോടി കൊണ്ടുവന്നാലും ആരെയും തട്ടിയെടുക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

അതാണ് വിട്ടുവീഴ്ചയില്ലാത്ത സമീപനം.തൊഴിലാളികളുടേയും കര്‍ഷകരുടേയും താല്‍പര്യം സംരക്ഷിക്കുക എന്നതില്‍ വിട്ടുവീഴ്ചയില്ല.

സംസ്ഥാനം കൃത്യമായി നിലപാടുകള്‍ എടുത്തിട്ടുണ്ട്.ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യത്താകെ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ നയമാണ് കേരള സര്‍ക്കാരിനുള്ളത്. ഈ പോരാട്ടം നമ്മെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളതാണ്.

പാര്‍ലമെന്റിന്റെ നിറസാന്നിധ്യമായ എംപിയായിരുന്നു സമ്പത്ത്. വ്യക്തതയോടെ അദ്ദേഹം വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് കഴിഞ്ഞ കാല പ്രവര്‍ത്തനത്തിലൂടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

എതിരാളികള്‍ വലിയ തോതില്‍ പണം ഒഴുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓരോ മണ്ഡലത്തിലും കോടികളാണ് ചെലവിടുന്നത്.

എല്ലാവരും വോട്ടറും ഒപ്പം തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരായും മാറുക എന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News