
കെ എം മാണിയുടെ നാടകീയ നീക്കങ്ങളിൽ അടിതെറ്റി അപമാനിതനായി പിജെ ജോസഫ്. ജോസഫിനെ വെട്ടി കോട്ടയം ലോക്സഭാമണ്ഡലത്തിൽ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
പ്രവർത്തകരുടെ വികാരം മാനിച്ചാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് കെ എം മാണി. കേരളാ കോൺഗ്രസ് പിളർപ്പിലേക്ക്. ഉത്തരവാദി കോൺഗ്രസ് തന്നെ.
കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സ്റ്റിയറിങ് കമ്മിറ്റി കെഎം മാണിയെ ചുമതലപ്പെടുത്തിയതിന് ശേഷം പി ജെ ജോസഫിനെ അപമാനിതനാക്കുന്ന നീക്കങ്ങളായിരുന്നു മാണി വിഭാഗത്തിന്റേത്.
ജോസഫിനെതിരെ മാണി വിഭാഗത്തിന്റെ ശക്തി പ്രകടനമായിരുന്നു പാലായിൽ കണ്ടത്. പ്രവർത്തകരുടെ അഭിപ്രായം തേടിയ ശേഷം കെ എം മാണിയും ജോസ് കെ മാണിയും രഹസ്യ കേന്ദ്രത്തിലേക്ക് പോയി.
സ്ഥാനാർത്ഥി പട്ടികയിലിടം പിടിച്ചവരുമായി ഒറ്റക്കൊറ്റയ്ക്ക് സംസാരിച്ചു. ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമമിട്ട് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രവർത്തകരുടെ വികാരം മാനിച്ചാണ് സ്ഥനാർത്ഥിയെ പ്രഖ്യാപനമെന്ന് ചെയർമാൻ കെ എം മാണി വ്യക്തമാക്കി.
പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിന്റെ മത്സരിക്കാനുള്ള ആഗ്രഹത്തെ കെ എം മാണി തന്നെ തുടക്കത്തിൽ നുളളി.
പിന്നാലെ മാണി അനുകൂലികളും ജോസഫിനെതിരെ ആഞ്ഞടിച്ചതോടെ അപമാനിതനായ പി ജെ ജോസഫ് ഇനി കടുത്ത നടപടികളിലേക്ക് നീങ്ങിയാൽ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കെത്തും. ഈ പിളർപ്പിന്റെയും ഉത്തരവാദി കോൺഗ്രസാണെന്നുള്ളത് ചരിത്രത്തിന്റെ തനിയാവർത്തനം മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here