തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഔദ്യോഗിക തുടക്കമായി.

തൃശൂര്‍ ടൌണ്‍ ഹാളില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച എല്‍ഡിഎഫ് സ്ഥാനര്‍ത്തി രാജാജി മാത്യു തോമസ് മണ്ഡലത്തിലെ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മണ്ഡലത്തിലെ ഔദ്യോഗിക പ്രചാരണങ്ങള്‍ക്ക് എല്‍ഡിഎഫ് തുടക്കം കുറിച്ചു.

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്.

വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്കും ഒരേ സ്വരമാണെന്നും ശബരിമലയുടെ പേരില്‍ സമരത്തിനിറങ്ങിയ ബിജെപിയോടൊപ്പമായിരുന്നു കോണ്‍ഗ്രസും യുഡിഎഫും ആയതിനാല്‍ ഈ സാഹചര്യത്തില്‍ മതേതരത്വം സംരക്ഷിക്കാനും നിലനിര്‍ത്താനും ഇടതുപക്ഷ അംഗങ്ങളുടെ സ്വാധീനം ലോക്‌സഭയില്‍ വര്‍ധിക്കേണ്ടത് അനിവാര്യതയാണെന്നും അദ്ധേഹം പറഞ്ഞു.

രാജ്യത്തെ ജനം മുഴുവന്‍ ഒരു വശത്തു നിന്ന് മോഡി സര്‍ക്കാരിരെതിരെ നടത്തുന്ന പ്രതിഷേധമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കാനം പറഞ്ഞു

എന്നാല്‍ ഇപ്പോഴും കലാപം തുടരുന്ന കോണ്‍ഗ്രസില്‍ തൃശൂരില്‍ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല,ബിജെപി യിലും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കാരണം ഇനിയും സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല.

സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ സി എന്‍ ജയദേവന്‍ , മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ്, സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍,സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍, സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ പി രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.