റൊണാള്‍ഡോയ്ക്ക് ഇന്ന് ജയിക്കണം; റെഡ് സോണില്‍ നിന്ന് സേഫ് സോണ്‍ പ്രതീക്ഷയുമായി യുവന്റസും

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മോഹവില നല്‍കി റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് വാങ്ങിയത് ഒരേഒരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്.

രണ്ട് ദശാബ്ദം മുമ്പ് കൈവിട്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം വീണ്ടും ഇറ്റാലിയന്‍ മണ്ണിലെത്തിക്കുക. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റുന്നത് ക്രിസ്റ്റ്യാനോയ്ക്ക് ശീലമാണ്.

റയല്‍ മാഡ്രിഡ് എത്രതവണ അത് കണ്ടിരിക്കുന്നു. റയലിനുവേണ്ടി അഞ്ച് തവണ ചാമ്പ്യന്‍സ് കിരീടം നേടിയ ക്രിസ്റ്റ്യാനോയുടെ ആ മാജിക്ക് ഇക്കുറി തുണയ്ക്കുമെന്നാണ് യുവന്റസിന്റെ പ്രതീക്ഷയും വിശ്വാസവും.

പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ യുവന്റസിനും റൊണാള്‍ഡോയ്ക്കും ഇന്ന് നിര്‍ണായകമാണ്. ക്വാര്‍ട്ടറിലേക്ക് കടക്കണമെങ്കില്‍ യുവയ്ക്ക് കുറഞ്ഞത് മൂന്ന് ഗോളടിക്കണം.

മാത്രവുമല്ല, അത്‌ലറ്റികോ ഗോളടിക്കാതെ നോക്കുകയും വേണം. റൊണാള്‍ഡോയുടെ സാന്നിധ്യവും ടൂറിനിലെ സ്വന്തം അലിയന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം എന്നതുമാണ് ഇറ്റാലിയന്‍ സൂപ്പര്‍ ടീമിന്റെ കൈമുതല്‍. റൊണാള്‍ഡോയ്ക്കും ഇത് നന്നായി അറിയാം.

ആദ്യ പാദത്തിന് ശേഷം ഗ്രൗണ്ട് വിടുമ്പോള്‍ അഞ്ച് കൈവിരലുകള്‍ ഉയര്‍ത്തിക്കാട്ടി തന്റെ അഞ്ച് ചാമ്പ്യന്‍സ് ലീഗ് നേട്ടത്തെ അത്‌ലറ്റികോ ആരാധകരെ റോണോ ഓര്‍മിപ്പിച്ചതും ഈ വിശ്വാസത്തില്‍ തന്നെയാകണം.


ഒന്നാം പാദത്തില്‍ തോറ്റിട്ടും എട്ട് തവണ ഗംഭിര തിരിച്ചുവരവ് നടത്തിയ ചരിത്രമുണ്ട് യുവയ്ക്ക്. 1996ല്‍ റയലിനെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ മിന്നല്‍ പിണറായി മാറിയ യുവന്റസ് തുടര്‍ വിജയങ്ങളുമായി ആ സീസണില്‍ ജേതാക്കളാവുകയും ചെയ്തു.

നാല് വര്‍ഷത്തിനിടെ രണ്ട് തവണ റണ്ണറപ്പായ ചരിത്രവും യുവന്റസിനുണ്ട്. കഴിഞ്ഞ ദിവസം ഫ്രാഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയെ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1ന് കീഴടക്കിയതും യുവയ്ക്ക് പ്രചോദനം നല്‍കുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ 121 ഗോളുകളുടെ റെക്കോഡുള്ള ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമാണ് കോച്ച് മാസിമിലിയാനോ അലെഗ്രിയെ ശുഭാപ്തി വിശ്വാസക്കാരനാക്കുന്നതും.

ഇന്ന് ക്രിസ്റ്റ്യാനോയ്ക്കും കൂട്ടര്‍ക്കും മുന്നിലുള്ള വെല്ലുവിളി ഡീഗോ സിമിയോണിയുടെ താരങ്ങളുടെ കടുത്ത പ്രതിരോധമാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി അത്‌ലറ്റികോ വഴങ്ങിയത് ഒരു ഗോള്‍ മാത്രമാണെന്നതാണ് യുവയുടെ ചങ്കിടിപ്പ് കൂട്ടുന്നതും.

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ഷാല്‍ക്കേ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ആദ്യപാദത്തില്‍ ഷാല്‍ക്കെയെ 3-2 ന് തോല്‍പ്പിച്ച സിറ്റി സേഫ് സോണിലാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News