ജനങ്ങളെ അധികകാലം വിഡ്ഢികളാക്കാമെന്ന് കരുതരുതെന്ന് ബിജെപിയോട് ശിവസേന; 2014ലെ വാഗ്ദാനങ്ങളെക്കുറിച്ച് മറുപടി പറയണമെന്നും സേന

മുംബൈ: 2014ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബിജെപി തയ്യാറാകണമെന്ന് മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന.

ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം. ജനങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ട്. അതിന് ഉത്തരംലഭിച്ചില്ലെങ്കില്‍ ബാലറ്റ് ബോക്സിലൂടെ അവര്‍ ഉത്തരം കണ്ടെത്തുമെന്നും മുഖപത്രമായ സാംമ്‌നയിലൂടെ ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്നു.

കശ്മീര്‍ താഴ്വര, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വരും. അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയാണ്.

ഇതിനൊക്കെ മറുപടി പറയാന്‍ ബിജെപി ബാധ്യസ്ഥരാണ്. മെയ് 23-ന് ജനങ്ങളുടെ മന്‍കി ബാത്ത് പുറത്ത് വരുമെന്നത് മറക്കേണ്ടന്നും ശിവസേന മുഖപ്രസംഗത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

രാമക്ഷേത്രം,കശ്മീര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിറവേറ്റിയില്ലെന്ന വിമര്‍ശനവുമായി നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.

ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇതിന് മറുപടി പറയേണ്ടി വരും. ദേശീയത എന്നത് ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ലെന്നും താക്കറെ അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രി മോദിയെയും ബിജെപിയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ശിവസേന പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടികളെ പുകഴ്ത്തുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ സഖ്യം വേണ്ടെന്നുവെച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറായ ശിവസേനയുടെ ആവശ്യങ്ങളൊക്കെ അംഗീകരിച്ചാണ് സഖ്യത്തിലെത്താന്‍ ബിജെപി തയ്യാറായത്. തെരഞ്ഞെടുപ്പടുത്തിട്ടും ബിജെപിക്കെതിരായ വിമര്‍ശനങ്ങള്‍ ശിവസേന കുടത്ത ഭാഷയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News