യുഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ കെ എം മാണി പ്രഖ്യാപിച്ചതിനുപിന്നാലെ കേരള കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും പ്രതിഷേധം കനത്തു. തോമസ് ചാഴിക്കാടനെ നിശ്ചയിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ ബഹളംവച്ചു.

ദുര്‍ബലനായ സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാവില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളോട് പറഞ്ഞു. ഏറ്റുമാനൂരില്‍ ജയിക്കാന്‍ കഴിവില്ലാത്ത സ്ഥാനാര്‍ഥി എങ്ങനെ ലോക്‌സഭയിലേക്ക് ജയിക്കുമെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. വി എന്‍ വാസവനെ നേരിടാന്‍ കരുത്തുള്ള സ്ഥാനാര്‍ഥിയല്ല തോമസ് ചാഴിക്കാടനെന്നും അഭിപ്രായമുയര്‍ന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ട് അനുനയനീക്കം നടത്തുന്നുണ്ടെങ്കിലും ഫലം കാണുമെന്ന വിശ്വാസം ആര്‍ക്കുമില്ല.

ഇതിനിടെ പി ജെ ജൊസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജും രാജിവച്ചു. റോജസിന്റെ ഭാര്യ ബീന റോജസ് അയ്യങ്കുന്ന് പഞ്ചായത്തംഗത്വം രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു വെള്ളിമൂലയും രാജിവെച്ചിട്ടുണ്ട്.
കെ എം മാണിയുടെ തീരുമാനം വേദനയുണ്ടാക്കുന്നതാണെന്ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ‘പാര്‍ലമെന്ററി പാര്‍ടിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും ഒരു സ്ഥാനാര്‍ഥിയുടെ പേരുമാത്രമാണ് വന്നത്. അത് ജോസഫിന്റേതാണ്. പിന്നെ കെ എം മാണിയുടെ വീട്ടില്‍ പ്രവര്‍ത്തകരെത്തി അഭിപ്രായം പറഞ്ഞുവെന്നാണ് പറയുന്നത്. ഇങ്ങനെയൊരു യോഗം ആരും അറിഞ്ഞിട്ടില്ല. ഞങ്ങളാരും പോയിട്ടുമില്ല’– മോന്‍സ് പറഞ്ഞു.
ജോസഫിനെ സ്ഥാനാര്‍ഥിയാക്കാത്തത് ചതിയാണെന്ന് മുന്‍മന്ത്രി ടി യു കുരുവിള. മാണിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഈഘട്ടത്തില്‍ പാര്‍ടി നേതൃത്വം ഏറ്റെടുക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. പാര്‍ടി കമ്മറ്റികളില്‍ ജോസഫിനെ മാത്രമാണ് സ്ഥാനാര്‍ഥിയായി പരിഗണിച്ചതെന്നും കുരുവിള പറഞ്ഞു.
പാര്‍ടിയില്‍ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യ നടപടികളെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിഅംഗം വി സി ചാണ്ടിയുടെ പ്രതികരണം. തീരുമാനങ്ങളെടുക്കുന്നത് ജോസ് കെ മാണിയാണ്. മകന്റെ തടങ്കലിലാണ് മാണിയെന്നും ചാണ്ടി പറഞ്ഞു.
തീരുമാനം മാറ്റുന്ന പ്രശ്‌നമില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസഫിന് സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമാണെങ്കില്‍ ഇടുക്കി നല്‍കട്ടെയെന്ന് മാണി വിഭാഗം പറയുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് നേതൃത്വവുമായി വിഷയം ചര്‍ച്ചചെയ്യുമെന്ന് പി ജെ ജോസഫ് അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ സമാധാനദൂതുമായി കെപിസിസി നിര്‍വാഹക സമിതിയംഗവും ഇടുക്കി മുന്‍ ഡിസിസി പ്രസിഡന്റുമായ റോയ് കെ പൗലോസ് ജോസഫിനെ കാണാനെത്തി.

ജോസഫിനെ അനുനയിപ്പിക്കാനുള്ള മാര്‍ഗമാണ് കോണ്‍ഗ്രസ് തേടുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്ത് ഇടുക്കി സീറ്റ് ദാനംചെയ്യുമോ എന്നും ജോസഫ് ഉറ്റുനോക്കുന്നു. പിളര്‍പ്പുണ്ടായാല്‍പോലും ജോസഫിനെകൂടെ നിര്‍ത്തുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാക്ക്. ഇതില്‍ മാണി പ്രകോപിതനാണ്. ഇതിനിടെ, തോമസ് ചാഴിക്കാടന്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം മുറുകുന്നതിനിടെ കെ സി വേണുഗോപാല്‍ സുരക്ഷിത മണ്ഡലം തേടുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം വിവാദമായി. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, കെ സി വേണുഗോപാല്‍ എന്നിവര്‍ മല്‍സരിക്കണമോ വേണ്ടയോ എന്നതില്‍ കുരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം.

ഇതുസംബന്ധിച്ച് തീരുമാനം എഐസിസി രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. അതിനിടെയാണ് കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍നിന്ന് വയനാടിലേക്ക് മാറാനുള്ള സാധ്യതയിലേക്ക് മുല്ലപ്പള്ളി വിരല്‍ചൂണ്ടിയത്. ‘വേണുഗോപാല്‍ ആലപ്പുഴയില്‍ മല്‍സരിക്കാനില്ലെന്ന് മാത്രമാണ് പറഞ്ഞത്. ഒരിടത്തും മല്‍സരിക്കില്ലെന്ന് അതിനര്‍ഥമില്ല’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴയില്‍ മല്‍സരം കടുക്കുമെന്ന് ഉറപ്പായതിനാല്‍ സുരക്ഷിതമായ വയനാടിലേക്ക് മാറാന്‍ വേണുഗോപാല്‍ കരുക്കള്‍ നീക്കുന്നൂവെന്ന് കോണ്‍ഗ്രസിനുള്ളില്‍ പ്രചാരണം ശക്തമാണ്. ഇത് ശരിവയ്ക്കുന്നതാണ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍.

താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചെന്നായി പിന്നീട് മുല്ലപ്പള്ളി. വേണുഗോപാലിന് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തണമെന്നത് എല്ലാവരുടെയും ആഗ്രഹമെന്നും മുല്ലപ്പള്ളി തിരുത്തി. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത നീരസം അറിയിച്ചതായാണ് വിവരം. വേണുഗോപാല്‍ മുല്ലപ്പള്ളിയെ ടെലിഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. തുടര്‍ന്നാണ് തിരുത്തിയത്.

ഉമ്മന്‍ചാണ്ടിയെ ഇടുക്കിയിലും മുല്ലപ്പള്ളിയെ വടകരയിലും സ്ഥാനാര്‍ഥിയാക്കാനാണ് നിര്‍ദേശം. എന്നാല്‍, ഇരുവരും വിസമ്മതം അറിയിച്ചതിനാലാണ് തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടത്. അഞ്ച് സീറ്റില്‍ മാത്രമാണ് ഇതുവരെ സ്ഥാനാര്‍ഥികളായത്. തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ മത്സരാര്‍ഥികളുടെ വന്‍ നിരയാണുള്ളത്.

എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ സിറ്റിങ് എംപിമാരായ കെ വി തോമസ്, ആന്റോ ആന്റണി എന്നിവരും വെല്ലുവിളി നേരിടുകയാണ്. ഇക്കാര്യത്തിലും അന്തിമതീരുമാനം രാഹുലിന്റേതാണ്. 13, 14 തീയതികളില്‍ രാഹുല്‍ കേരളത്തിലാണ്.

ഇതിനിടയിലെ ഇടവേളകളില്‍ സ്ഥാനാര്‍ഥിച്ചര്‍ച്ച നടക്കാനാണ് സാധ്യത. 15ന് പകല്‍ 11ന് സ്‌ക്രീനിങ് കമ്മിറ്റി ഡല്‍ഹിയില്‍ ചേരും. അവിടെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ചര്‍ച്ച നീളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here