സീറ്റ് വിഭജനത്തിന്റെ പേരില്‍ കര്‍ണാടകത്തിലെ ജനതാദള്‍, കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. ഏറെ നാളത്തെ ചര്‍ച്ചയ്ക്കുശേഷവും സീറ്റ് വിഭജനം കീറാമുട്ടിയായപ്പോള്‍ ദേവഗൗഡയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയെങ്കിലും സംസ്ഥാന നേതാക്കള്‍ ഇത് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല.

ജെഡിഎസിന് ഒമ്പത് സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും എന്നായിരുന്നു ഡല്‍ഹിയിലെ ധാരണ. എന്നാല്‍, കര്‍ണാടക പിസിസി ഏഴ് സീറ്റില്‍ അപ്പുറം നല്‍കില്ലെന്ന നിലപാട് തുടരുകയാണ്.

ജെഡിഎസ് ആവശ്യപ്പെട്ട മൈസൂരു, ഹസന്‍ സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

സഖ്യത്തിന്റെ കോ ഓര്‍ഡിനേറ്ററായ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ ഡല്‍ഹിയിലെ ധാരണയ്‌ക്കെതിരെ നിലകൊള്ളുകയാണ്. മൈസൂരു സീറ്റ് നല്‍കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ജെഡിഎസിന്റെ സഹായമില്ലെങ്കില്‍ കഴിഞ്ഞതവണ ലഭിച്ച ഒമ്പത് സീറ്റുപോലും കോണ്‍ഗ്രസിന് നിലനിര്‍ത്താനാകില്ല.

അതിനിടെ ജെഡിഎസിന് നല്‍കാന്‍ തീരുമാനിച്ച മാണ്ഡ്യ, ഹസന്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ റിബലുകളെന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ്. പിസിസി നേതൃത്വത്തിന്റെ ഒത്താശയോടെ പ്രാദേശിക നേതാക്കളാണ് റിബലുകളെ രംഗത്തിറക്കുന്നത്.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡ മത്സരിക്കുന്ന മാണ്ഡ്യയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അംബരീഷിന്റെ ഭാര്യ സുമലതയെയാണ് സ്വതന്ത്ര വേഷത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മുഴുവന്‍ ഇവര്‍ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കയാണ്. സുമലത പ്രചാരണരംഗത്തും സജീവമായി. കഴിഞ്ഞദിവസം സുമലത കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗവും വിളിച്ചിരുന്നു. മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് ലഭിച്ചാല്‍ 24 മണിക്കൂറിനകം കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ.

നിലവില്‍ സംസ്ഥാനത്തെ 28 സീറ്റില്‍ 16 സീറ്റുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ 22 സീറ്റില്‍ ബിജെപിയെ വിജയിപ്പിച്ചാല്‍ 24 മണിക്കൂറിനകം നിലവിലെ സര്‍ക്കാരിനെ മാറ്റി ബിജെപി അധികാരമേല്‍ക്കും. കോണ്‍ഗ്രസിലെ 20 എംഎല്‍എമാര്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
ദേവഗഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഹസനില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ മഞ്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തോട് വിയോജിപ്പുള്ള മഞ്ചു മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതിനെതിരെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

മഞ്ചുവും ബിജെപിയുമായുള്ള ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ല. 1999ല്‍ ബിജെപി ടിക്കറ്റിലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2008നും 2018നും ഇടയില്‍ രണ്ടുതവണ കോണ്‍ഗ്രസിന്റെ എംഎല്‍എയായി.

സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പൊന്നുമില്ലെന്നും യെദ്യൂരപ്പ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മഞ്ചു പറഞ്ഞു.
അതിനിടെ പ്രജ്വല്‍ രേവണ്ണ ഹസനില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ദേവഗൗഡ ബുധനാഴ്ച്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ എംപിയായ താന്‍ ഇവിടെ മത്സരിക്കാനില്ലെന്നും പ്രജ്വല്‍ രേവണ്ണയെ ആശീര്‍വദിക്കണമെന്നും വികാരനിര്‍ഭരനായി വേദഗൗഡ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ണാടകയിലെ കൈനോട്ടക്കാരും ജോത്സ്യന്‍മാരും. കൈപ്പത്തിയുടെ ചിത്രമാണ് ഇവര്‍ പരസ്യ ബോര്‍ഡുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തിയോടുള്ള സാമ്യത പ്രശ്‌നമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളിലെത്തി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളിലെ കൈപ്പത്തിയുടെ ചിത്രങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയാണ്. നിരവധി ബോര്‍ുഡകള്‍ ഉദ്യോഗസ്ഥര്‍ മാറ്റി. മാണ്ഡ്യയിലാണ് കൂടുതല്‍ ബോര്‍ഡുകള്‍ മാറ്റിയത്. കര്‍ണാടകയില്‍ സ്ഥാനാര്‍ഥികളും നേതാക്കളും ജ്യോത്സ്യന്‍മാരെ തേടി പോവുക പതിവാണ്.