പുന:പ്രതിഷ്ഠയെന്ന ഹോളോകോസ്റ്റ്; അതിജീവിക്കാനാവാതെ തെയ്യക്കാവുകള്‍

കാവ് തീണ്ടരുത് മക്കളേ കുടിവെള്ളം മുട്ടുമെന്നാണ് ചൊല്ല്. വടക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരവും പരിസ്ഥിതി പ്രാധാന്യവുമുള്ള കാവുകളെ നശിപ്പിക്കുന്നത് ഇന്ന് ചില വഴിവിട്ട ആചാരങ്ങളാണ്. പ്രത്യേകിച്ചും പുനപ്രതിഷ്ഠയും ബ്രഹ്മ കലശവും പോലുള്ള പുതിയ ആചാരങ്ങള്‍ കാവുകളുടെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് എഴുതുന്നു വി കെ അനില്‍കുമാര്‍.

വി കെ അനില്‍കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം:

‘യാതൊരു വൈകരികവിക്ഷോഭവും കൂടാതെ എഴുതണമെന്നാണ് ആഗ്രഹം…
ഏറ്റവും പ്രിയപ്പെട്ടൊരാള്‍ മരണപ്പെട്ടു എന്ന് അറിയുമ്പോള്‍ ആ വാര്‍ത്ത ശരിയായിരിക്കരുതേ എന്ന് ആയിരം വട്ടം ഉള്ളുരുകുമല്ലോ.
അത് പോലെ പച്ചക്കാട്ടിലച്ചിയിരിക്കുന്ന നീലിയാര്‍ കോട്ടവും മരിച്ചു പോകരുതേ എന്നാഗ്രഹിച്ചു പോകുന്നു…..

പുനപ്രതിഷ്ഠ ബ്രഹ്മകലശമെന്നാല്‍ ആര്യന്മാരുടെ ഹോളോകോസ്റ്റാണ്.
തെയ്യക്കാവുകളെന്ന ഗോത്രസംസ്‌കൃതിയുടെ വംശപരമ്പരയെ ഇല്ലാതാക്കുക എന്നതാണ്.
ഹിറ്റ്‌ലറുടെ ഗസ്റ്റപോകളെ പോലെ അവശേഷിക്കുന്ന കാന്താരദേഹങ്ങളെ ക്ഷേത്രവല്‍ക്കരണത്തിന്റെ ഗ്യാസ്‌ചേമ്പറുകളില്‍ കയറ്റി കൊന്ന് തള്ളും…
രഹസ്യമപ്പാലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിപ്പോര് നടത്തിയ ഗൊറില്ലകള്‍ പിടിക്കപ്പെടുകയാണ്……
കമ്മാടം കാവ് , തെയ്യോട്ട്കാവ്, തവിടിശ്ശേരി കാവ് , കാട്കയറിയ പോരാളികളില്‍ ചിലത് മാത്രം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്…..

ഇത് വടക്കന്‍കേരളത്തിലെ കാവുകളുടെ വിധിയാണ്….
ഒരു കാവിനും ഇതില്‍ നിന്നും രക്ഷയില്ല.
പക്ഷേ ഒരു തവണ ഒരൊറ്റത്തവണ നീലിയാര്‍ ഭഗവതിയെ വന്ന് കണ്ടവര്‍ ആരും പറയില്ല പച്ചക്കാട്ടിലച്ചിയെ പച്ചക്ക് കത്തിക്കണമെന്ന്.
നീലിയാര്‍ കോട്ടത്തമ്മയെന്ന അന്തീ പകലീശ്വരിതന്നെ സംസാരിക്കട്ടെ…

‘ ആര്‍ഭാടമില്ല .ആധുനിക രീതിയില്ല. നാല് വള്ളിത്തണ്ടും നാല് സര്‍പ്പത്താന്മാരും മുട്ടോളം ചപ്പും നിറഞ്ഞിരിക്കുന്ന ഈ സ്ഥലം കണ്ട് കൊതിച്ചു.
ചെമ്പടിച്ച ശ്രീകോവിലോ ഓടിട്ട മാടമൊ ഒന്നും കാണുന്നില്ലല്ലോ എന്ന പരാതി വേണ്ട.
ഞാന്‍ സര്‍വ്വ ദുരിത പ്രക്ഷാളിനി.
വൈകി വന്ന വസന്തം .പൂക്കാത്ത പുഷ്പത്തെ പൂപ്പിക്കും കായ്ക്കാത്ത വൃക്ഷത്തെ കായ്പിക്കും…..
ഉക്കലിലെടുത്ത് മാറോടണച്ച് ചുംബിക്കാനൊരു മഹാധനം
എടക്ക്ന്ന് പറിച്ച് കളയാതെ ദീര്‍ഘായുസ്സോടെ ഞാന്‍ തരും.
നനയുന്ന നേത്രം തൊടക്കാനുള്ള കരുത്തുള്ള അമ്മയാണ് ഞാന്‍.
നിന്റെ നേത്രത്തിലെ ജലം പതിക്കുന്നത് എന്റെ നെഞ്ചത്താണ്.
നരിയും പശുവും ഒരുമിച്ചിരിക്കുന്ന എന്റെ കാട്..
ഇൃഹടെ ബന്ധുവും ശത്രുമില്ല.
ഈരേഴ് പതിനാല് ലോകവും എനിക്കീ പച്ചക്കടാണ്.
എന്റെ കാടിഷ്ടമായൊ.
ഇതാണെന്റെ വൃന്ദാവനം.
വിശ്വസിപ്പാന്‍ മതിപോരുന്നോരപൂര്‍വ്വ സന്നിധാനം പച്ചക്കാട്ട്ന്ന് കിട്ടിയ നിധിയാണ് ഞാനെന്ന ഓര്‍മ്മ വേണം നിങ്ങള്‍ക്ക്….. ‘ ‘

ദാരികാന്തകയായ കാളിയെന്ന് തെയ്യത്തെ പറയുന്നത് ശരിയാണെന്നന്ന് തോന്നുന്നു.
ദാരികന്മാര്‍ തെയ്യത്തോട് പക തീര്‍ത്ത് പ്രതികാരം ചെയ്യുന്ന കാലമാണിത്.
നവലോകത്തെ ദാരികപ്പടയാളികള്‍ കാവധി കാരികളും പ്രശ്‌ന ചിന്ത നടത്തുന്ന ജ്യോതിഷിയും പുനപ്രതിഷ്ഠയുടെ കരിങ്കല്‍ മൊത്തവ്യാപാരിയായ തന്ത്രി പ്രമുഖനുമല്ലാതെ മറ്റാരുമല്ല.
തങ്ങളുടെ ശീലങ്ങള്‍ക്ക് ബദലായ പച്ചക്കാടിനെ , അകം കാണാ ക്കാട്ടിലകപ്പെട്ട തെയ്യത്തെ കഴുത്തറുത്ത് കൊല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.
കാവിലെ മരങ്ങള്‍ മുറിച്ച് മാറ്റി മല്‍ക്കൂര ലോഹത്തകിട് കൊണ്ട് പൊതിഞ്ഞ് മുറ്റം ഇന്റര്‍ലോക്ക് പതിപ്പിക്കാന്‍ ഫത്ത് വാ പുറപ്പെടുവിക്കുന്ന ജ്യോതിഷ രത്‌നം തന്നെ ഇനി തെയ്യവും കെട്ടിയാല്‍ മതി.
കോലം തികഞ്ഞ സ്ഥലം നല്ല നീലിയാര്‍ കോട്ടമെന്ന് പേര് കേട്ട ഈ കാവകക്കുളിര്‍ ഏതൊരു തെയ്യപ്രേമിയുടെയും സ്വകാര്യ
അഹങ്കാരമാണ്.
നീലിയാര്‍കോട്ടമെന്ന മാങ്ങാട്ട് പറമ്പിന്റെ ശ്വാസകോശത്തിനാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്. കീമോ തുടങ്ങിക്കഴിഞ്ഞു…
പച്ചക്കാട്ടിലച്ചിയുടെ മുടി കൊഴിയാന്‍ ഇനി എത്ര നാള്‍….’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News