മുംബൈ മലയാളി യുവാവിന് ടിക് ടോക് ഡാന്‍സിന് ലൈക്കടിച്ചു ദൂരദര്‍ശനും

പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥിയായ വൈശാഖ് നായര്‍ ഒരു നേരമ്പോക്കിനായി ടിക് ടോക്കില്‍ ചെയ്ത വീഡിയോയാണ് ഇന്ന് രാജ്യമാകെ തരംഗമായി മാറിയത്.

ദൂരദര്‍ശനിലെ ഏറെ പോപ്പുലറായ ആ പഴയ അവതരണ സംഗീതത്തിന് പുതു ജീവന്‍ നല്‍കിയിരിക്കയാണ് ഈ മലയാളി യുവാവ്.

രാജ്യത്തെ ആദ്യ ടെലിവിഷന്‍ പ്രക്ഷേപണത്തിന്റെ പഴയ അവതരണ സംഗീതത്തിന് ബ്രേക്ക് ഡാന്‍സിലൂടെ ദൃശ്യാവിഷ്‌കാരം നല്‍കിയതോടെ സംഗതി ഏറ്റെടുക്കാന്‍ നിരവധി സമൂഹ മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ദൂരദര്‍ശന്‍ അധികൃതര്‍ വരെ അഭിനന്ദങ്ങളുമായെത്തി.

സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ ചാനലുകളും പയ്യന്‍സിന്റെ ദൂരദര്‍ശന്‍ സംഗീതത്തിനോടൊപ്പമുള്ള നൃത്ത ചലനങ്ങള്‍ ആഘോഷിക്കുകയാണ്.

മുംബൈ മലയാളിയായ വൈശാഖ് നായര്‍ എന്ന ചെറുപ്പക്കാരനാണ് വിസ്മയിപ്പിക്കുന്ന കൃത്യതയും ശരീര ചലനങ്ങളുമായി കാണികളെ അമ്പരിപ്പിക്കുന്നത്.

തങ്ങളുടെ അവതരണ ഗാനത്തിന്റെ ഈ നൂതനവിഷ്‌കാരം ദൂരദര്‍ശന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടാകാനിടയില്ലെന്ന സ്റ്റാറ്റസോടെയാണ് വീഡിയോ ട്വിറ്ററില്‍ ആരോ പങ്കു വച്ചത്. ഇതോടെയാണ് സംഗതി കത്തി പടര്‍ന്നത്.

വീഡിയോ പുറത്തു വന്ന് ശ്രദ്ധിക്കപ്പെട്ടതോടെ പയ്യന്‍സിനെ പലരും തിരയാന്‍ തുടങ്ങി. വൈറല്‍ ആയ ഡാന്‍സിന്റെ പുറകില്‍ തങ്ങളുടെ സഹപാഠിയാണെന്ന അവകാശവാദവുമായി പഴയ സ്‌കൂള്‍ സുഹൃത്തുക്കള്‍ റീട്വീറ്റ് ചെയ്തു രംഗത്തെത്തിയതോടെ വീഡിയയോടൊപ്പം വൈശാഖും താരമായി.

ട്വിറ്ററിലൂടെ വീഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളും റീട്വീറ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി മാറുകയായിരുന്നുവെന്നും വൈശാഖ് പറയുന്നു. ആദ്യ ദിവസങ്ങളില്‍ തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നാണ് നിനച്ചിരിക്കാതെ ലഭിച്ച സെലിബ്രിറ്റി സ്റ്റാറ്റസിന്റെ സന്തോഷത്തില്‍ വൈശാഖ് നായര്‍ പറയുന്നത്.

വിരാറില്‍ താമസിക്കുന്ന തിരുവന്തപുരം സ്വദേശി ബാലകൃഷ്ണനെയും ചങ്ങനാശ്ശേരി സ്വദേശി സീമ നായരുടെയും ഏക മകനാണ് ഈ കൊച്ചു മിടുക്കന്‍.

ചടുല നൃത്ത ചുവടുകളുമായി ശ്രദ്ധ നേടിയ ബോളിവുഡ് താരം ഗോവിന്ദയും വിരാറില്‍ നിന്നാണെന്നത് തികച്ചും യാദൃശ്ചികം. വിരാര്‍ കാ ചോക്കര എന്നാണ് ഗോവിന്ദ മാധ്യമങ്ങളില്‍ അറിയപ്പെടുന്നതും. ഇപ്പോഴിതാ ഗോവിന്ദയുടെ പിന്‍ഗാമിയായി വിരാറില്‍ നിന്നും മറ്റൊരു നൃത്ത തരംഗം രംഗത്തെത്തിയിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here