ആധുനിക ഫുട്‌ബോളില്‍ പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിരവൈരിയാണെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ ക്രിസ്റ്റ്യാനോ പുറത്തെടുത്ത തകര്‍പ്പന്‍ കളി തന്നെ ഞെട്ടിച്ചുവെന്ന തുറന്നുപറച്ചിലുമായി അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി.
ക്രിസ്റ്റ്യാനോയും യുവന്‍റസും മനോഹരമായാണ് അത്ലറ്റികോ മാഡ്രിഡിനെതിരേ കളിച്ചതെന്ന് മെസി പറഞ്ഞു. ആരെയും അമ്പരപ്പിക്കുന്ന കളിയായിരുന്നു അത്. അങ്ങനെ ഒരു തിരിച്ചടി ഞാന്‍ ചിന്തിച്ചുപോലുമില്ല. കാരണം അത്ലറ്റികോ അത്രത്തോളം ശക്തരായിരുന്നു.
എന്നാല്‍ യുവന്‍റസ് ആ സാഹചര്യത്തെ മറികടന്നു. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഒരു മാന്ത്രിക പ്രകടനം തന്നെയായിരുന്നു” ബാഴ്സലോണയുടെ തട്ടകത്തില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ശേഷം മാര്‍ക്കയോടായിരുന്നു മെസിയുടെ പ്രതികരണം.
ലിയോണിനെതിരെ ഇരട്ടഗോള്‍ നേടിയ മെസി രണ്ട് അസിസ്റ്റുമായി ടീമിന്‍റെ വിജയത്തില്‍ പ്രധാന പങ്കാളിയായിരുന്നു.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ എതിരാളികളെ കുറിച്ചും മെസ്സി പ്രതികരിച്ചു. ചാമ്പ്യന്‍സ് ലീഗിലെ എല്ലാ എതിരാളികളും വെല്ലുവിളി തന്നെയാണ്.
യുവന്‍റസ്, മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം, അജാക്സ്, ലിവര്‍പൂള്‍, പോര്‍ട്ടോ എന്നീ ടീമുകള്‍ മികച്ചവയാണ്. സാധ്യതകള്‍ എല്ലാ ടീമിനും ഒരുപൊലയാണെന്നും മെസി പറഞ്ഞു.
ഇതിനിടെ ചാംപ്യൻസ് ലീഗിലെ ഉജ്വല വിജയത്തിനു പിന്നാലെ യുവന്‍റസിന്‍റെ ഓഹരി മൂല്യത്തിൽ 24 ശതമാനം വർധനവുണ്ടായി.
ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക് മികവില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ തകർത്ത് യുവെ ക്വാർട്ടർ യോഗ്യത നേടിയതിന്‍റെ പിറ്റേന്ന്, ക്ലബിന്‍റെ ഒരോഹരിക്ക് 1.58 യൂറോയാണ് ഇറ്റാലിയൻ വിപണിയിൽ രേഖപ്പെടുത്തിയത്, തലേദിവസത്തെ മൂല്യമായ 1.22 യൂറോയെക്കാൾ 24 ശതമാനം അധികമായിരുന്നു ഇത്.
മൂന്ന് ആഴ്ചകൾക്ക് മുൻപ് ആദ്യപാദ പ്രീ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മഡ്രിഡിനോട് 2–0 തോൽവി വഴങ്ങിയപ്പോഴുള്ള വിലയിടിച്ചിലിനുശേഷമാണ് ഓഹരി വിപണിയിലെ ക്ലബിന്‍റെ കുതിച്ചുകയറ്റം.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യോനോ യുവയിലേക്ക് കൂടുമാറിയ സമയത്തും ക്ലബ് ഓഹരി വിപണിയിൽ കുതിപ്പ് കൈവരിച്ചിരുന്നു. ക്ലബ് ഓഹരിയിൽ 5 ശതമാനം വർധനയാണ് അന്ന് രേഖപ്പെടുത്തിയത്.

Get real time update about this post categories directly on your device, subscribe now.