കേരളാ കോണ്‍ഗ്രസില്‍ മാണിയുടെ യുഗം അവസാനിക്കുന്നു എന്നതിന്‍റെ സൂചനകളാണ് ഇപ്പോ‍ഴുളള സീറ്റ് തര്‍ക്കങ്ങളെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.

കാരണം, കാലങ്ങളായി കൊണ്‍ഗ്രസിനെ കുത്തിനോവിച്ചും ഒപ്പം നിന്നും മുന്നേറിയ മാണിക്ക് ഒടുവില്‍ കാലിടറുകയാണ്. മാണി കോണ്‍ഗ്രസിന്‍റെ പേരില്‍ എത്തിപ്പിടിക്കാവുന്നതിന്‍റെ പരാമാവധി മാണി ഇക്കാലംകൊണ്ട് എത്തിപ്പിടിച്ചു. അതിനപ്പുറമുളള വളര്‍ച്ചയ്ക്കുവേണ്ടി ഉപമുഖ്യമന്ത്രി സ്ഥാനമോ മുഖ്യമന്ത്രി പദവിയോ ഒക്കെ മോഹിച്ചാല്‍ അതിമോഹമാണെന്ന് മാണിക്കും അറിയാം.

പക്ഷേ സാദ്ധ്യതകളുടെ വാതില്‍ തുറന്നിടുക എന്നതാണ് എന്നും മാണി പയറ്റിയിട്ടുളള തന്ത്രം. ഇതിനിടെ തനിക്ക് ഇല്ലെങ്കിലും മകനെങ്കിലും ഒരു മന്ത്രി സ്ഥാനം അതും കേന്ദ്രത്തില്‍, എന്ന മോഹം മാണിക്ക് തോന്നിയതിലും അതിശയിക്കേണ്ട. കാരണം മക്കൾ സ്നേഹം എപ്പോ‍ഴും നേതാക്കൾക്ക് ഒരു വീക്കനസ് ആണ്.

പണ്ട് കോണ്‍ഗ്രസ് ലീഡര്‍ സാക്ഷാല്‍ കെ. കരുണാകരന്‍ വാത്സല്യ പുത്രന്‍ മുരളീധരനുവേണ്ടി മുറവിളികൂട്ടി കോണ്‍ഗ്രസ് വിട്ട ചരിത്രത്തിന് സമാനമാണ് മാണിയുടെ ജോസ് കെ. മാണിക്കായുളള വാര്‍ദ്ധക്യത്തിലെ ഈ പടപൊരുതല്‍.

യുഡിഎഫ് വിട്ട് പുറത്തുന്നിന്ന മാണി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നീക്കങ്ങൾ മകനുവേണ്ടിയായിരുന്നു. സിറ്റിങ്ങ് എംപി സ്ഥാനം രാജി വെപ്പിച്ച് രാജ്യസഭയിലേക്ക് ജോസ് കെ മാണിയെ മാറ്റിയത് കേന്ദ്രത്തിലെങ്ങാനും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു മന്ത്രി പദം ഉറപ്പിക്കുന്നതിന് വേണ്ടിയാണ്.

ഇതിനിടെ മാണിക്ക് വീണ്ടും അവസരം തുറന്നുകിട്ടി. കോട്ടയം ലോക്സഭാ സീറ്റില്‍ ചാ‍ഴിക്കാടനെ ബലിയാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസിനെ വിജയിപ്പിച്ചാല്‍ മോദിയോടും വിലപേശാനുളള സാധ്യത അച്ചായന്‍ മാനത്തുകണ്ടു.

പണ്ട് യുഡിഎഫ് വിട്ട കാലത്ത് വീക്ഷണം മാണിയെന്ന മാരണമെന്ന പേരില്‍ മാണിക്കെതിരേ മുഖപ്രസംഗം എ‍ഴുതിയത് ഒരുക്കല്‍ കൂടി അടിവരയിടുന്നതാണ് മാണിയുടെ ഈ നിലപാടുകൾ എന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോലെ ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും മാണിയുടെ പിടിവാ‍ശി കാര്യമായ ക്ഷീണമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. ഇക്കണ്ട കാലമെല്ലാം ഒപ്പം കൂട്ടിയിട്ട് പാലയിലെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം ഉണ്ടെന്ന ആക്ഷേപംകൂടി വരുത്തിവച്ചതിന്‍റെ വിന കോണ്‍ഗ്രസിനേയും നന്നേ ബാധിച്ചുവെന്നും പറയാതെ അറിയാമല്ലൊ.

അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് മാണിയെ താങ്ങി നിക്കേണ്ട എന്ന കടുത്ത തീരുമാനത്തിലാണ് കോണ്‍ഗ്രസ് പാളയം. ഇക്കാര്യം ഹൈക്കമാന്‍റ് കെപിസിസി നേതാക്കളെ അറിയിക്കുകകൂടി ചെയ്തോടെ മാണിയുടെ അല്ല മാണികോണ്‍ഗ്രസിന്‍റെ വീ‍ഴ്ചയ്ക്ക് ആക്കം കൂടുകയാണ്.

ഇതിനിടെ മാണിയുടെ ഏകാധിപധ്യവും പുത്രവാത്സല്യവും മാണിയുടെ സന്തത സഹചാരികളില്‍പോലും എതിര്‍പ്പുയര്‍ത്തുന്നു.

ഇനിയൊരങ്കത്തിന് മാണിക്ക് ബാല്യമുണ്ടോയെന്നും മാണികോണ്‍ഗ്രസുകാര്‍ ആശങ്കപ്പെടുന്നു. അല്ലെങ്കിലും കെ.എം ജോര്‍ജ് മുതല്‍ പിസി ജോര്‍ജിനെവരെ അല്ല പിജെ ജോസഫിനെ വരെ നോവിച്ചുവിട്ടന്ന ആക്ഷേപം നിലനില്‍ക്കെ കാലത്തിന്‍റെ കാവ്യ നീതി ആര്‍ക്കൊപ്പമാവുമെന്ന ചോദ്യവും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉയരുന്നുണ്ട്.