കരമന കൊലപാതകം: അഞ്ചുപേര് അറസ്റ്റിൽ; കേസിൽ ആകെ 13 പ്രതികളെന്നും പൊലീസ്

കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ 13 പ്രതികൾ ഉള്ളതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ്കുമാർ അറിയിച്ചു. പ്രതികൾക്ക് മയക്ക്മരുന്ന് പശ്ചാത്തലമുള്ളതായും പൊലീസ് കണ്ടെത്തി. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷണർ വ്യക്തമാക്കി.

കിരൺ കൃഷ്ണൻ എന്ന ബാലു , മുഹമ്മദ് റോഷൻ എന്നിവർക്ക് പുറമെ അരുൺ ബാബു, അഭിലാഷ്, രാം കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. എട്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ സഞ്ജയ്കുമാർ പറഞ്ഞു പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളുമാണ്.

കൊഞ്ചറവിള ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉൾപ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നതടക്കമുള്ള നിര്‍ണ്ണായക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം പ്രതികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം കാടിനുള്ളിലെ രഹസ്യ കേന്ദ്രത്തിൽ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നതായാണ് വിവരം.

പിറന്നാൾ ആഘോഷത്തിനിടയ്ക്കാണ് തൊട്ട് മുൻപത്തെ ദിവസം നടന്ന അടിപിടി കേസിൽ പ്രതികാരം ചെയ്യാൻ പ്രതികൾ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇതിന് ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് വരുന്നതും അതിക്രൂരമായി കൊല ചെയ്യുന്നതും എന്നും പൊലീസ് പറയുന്നു.

കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണർ വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News