തിരുവനന്തപുരം: മുസ്ലിം ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ട് വളരെ അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയാണെന്നും പരാജയഭീതിയാണ് ലീഗിനും യുഡിഎഫിനുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ലീഗിന്റെ നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ എസ്ഡിപിഐ ചര്‍ച്ച നടന്നു എന്ന് പരസ്യമാക്കിയിട്ടുണ്ട്. ചര്‍ച്ച നടത്തിയിട്ടും ഇല്ലാ എന്ന് പറയുന്നത് വസ്തുതകള്‍ മറച്ചുവെയ്ക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കമാണ്.

എസ്ഡിപിഐ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കുക എന്നതാണ് എസ്ഡിപിഐയും ലീഗും തമ്മിലുണ്ടാക്കിയ ധാരണ.

ഈ കൂട്ടുകെട്ട് അപകടകരമാണ്. ഈ കൂട്ടുകെട്ടിനെ കുറിച്ച് കോണ്‍ഗ്രസ് നിലപാട് എന്താണെന്ന് കെപിസിസി വ്യക്തമാക്കണം. യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

പരാജയഭീതിയില്‍നിന്ന് ആര്‍എസ്എസുമായി കൂട്ടുകൂടാനും യുഡിഎഫ് ധാരണയുണ്ടാക്കുന്നുണ്ട്. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ആര്‍എസ്എസും ധാരണയുണ്ടാക്കാന്‍ ശ്രമമുണ്ട്. ഇങ്ങനെ വിശാല ഇടതുപക്ഷ വിരുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി മല്‍സരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്ലീം തീവ്രവാദികളേയും ഹിന്ദുത്വ വര്‍ഗീയ ശക്തികളേയും ഏകോപിപ്പിക്കാനുള്ള തുടക്കമാണ് ഈ ചര്‍ച്ച.

മുമ്പും മുസ്ലിം ലീഗ് പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ ഇത്തരം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴുണ്ടായത്. അപകടകരമായ ഈ വര്‍ഗീയ കാര്‍ഡ് കളിക്കെതിരെ മതനിരപേക്ഷ ശക്തികള്‍ രംഗത്ത് വരണം. പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗം രംഗത്ത് വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.