കോയമ്പത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ‌്നാട്ടിൽ സിപിഐ എം മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് സു വെങ്കിടേശനും മൽസരിക്കും.
തമിഴ‌്നാട‌് മുർപോക്ക‌് എഴുത്താളർ കലൈഞ്ജർകൾ സംഘത്തിന്റെ പ്രസിഡന്റാണ‌് സു വെിങ്കിടേശൻ. സിപിഐ എം തമിഴ‌്നാട‌് സംസ്ഥാന സെക്രട്ടറി എം ബാലകൃഷ‌്ണനും പൊളിറ്റ‌് ബ്യൂറോ അംഗം ജി രാമകൃഷ‌്ണനും ചെന്നൈയിലാണ‌് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത‌്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗമാണ‌് അറുപത്തെട്ടുകാരനായ പി ആർ നടരാജൻ. ഡിവൈഎഫ‌്ഐ കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ‌്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
1968ൽ സിപിഐ എമ്മിൽ അംഗമായി. കോയമ്പത്തൂർ മുനിസിപ്പൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009 മുതൽ 2014വരെ കോയമ്പത്തൂരിൽനിന്നുള്ള എം പിയായിരുന്നു.
തമിഴ‌്നാട്ടിലെ പ്രശസ‌്തനായ എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ഏറെ പരിചിതനാണ‌് സു വെങ്കിടേശൻ.
2011ൽ എഴുതിയ കാവൽകോട്ടം നോവലിന‌് സാഹിത്യ അക്കാദമി അവാർഡ‌് ലഭിച്ചു. പിന്നീട‌് ഇത‌് സിനിമയായി. നാല‌് കവിതാസമാഹാരങ്ങൾ, 16 ലേഖനസമാഹാരങ്ങൾ.
അഭിപ്രായ സ്വാതന്ത്ര്യം, ജല്ലിക്കെട്ട‌് നടത്താനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ സമൂഹം നേരിടുന്ന വിവിധ പ്രശ‌്നങ്ങളുയർത്തിയുള്ള സമരങ്ങളുടെ നേതൃനിരയിലുണ്ടായി. മധുര തിരുപ്പറംകുൺട്രം സ്വദേശിയാണ‌്.

Get real time update about this post categories directly on your device, subscribe now.