സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ കെ സുരേന്ദ്രനും പിഎസ് ശ്രീധരന്‍പിള്ളയും തമ്മില്‍ വടംവലി തുടരുകയാണ്.

കുമ്മനം മത്സരിക്കുന്ന തിരുവനനന്തപുരം ഒഴികെ ഒരു സീറ്റിലും കൃത്യമായ സ്ഥാനാര്‍ത്ഥി ചിത്രം ഇല്ല. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുത്തേക്കും. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

സംസ്ഥാനത്ത് ചലനമുണ്ടാക്കാനുള്ള സാധ്യത കാണുന്നില്ലെങ്കിലും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനാകുന്ന സ്ഥാനാര്‍ത്ഥികളെയെങ്കിലും കണ്ടെത്താനുള്ള ഓട്ടത്തിലാണ് ബിജെപി. ഓരോ മണ്ഡലത്തിലും പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക സംസ്ഥാന കോര്‍കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാകും ചര്‍ച്ചകള്‍. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. എന്നാല്‍ പത്തനംതിട്ടയിലും,തൃശ്ശൂരിലും അനിശ്ചിതത്വം തുടരുകയാണ്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്.

ശ്രീധരന്‍പിള്ളയെ വെട്ടാന്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ വി മുരളീധരന്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കും. അതേസമയം പത്തനംതിട്ട കിട്ടിയിലെങ്കില്‍ മത്സരിക്കാനേ ഇല്ലെന്ന നിലപാടിലാണ് ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കും.

അങ്ങനെയെങ്കില്‍ കെ സുരേന്ദ്രനാണ് ഒന്നാം പരിഗണന. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കനെ കേന്ദ്രനേതൃത്വം തൃശ്ശൂരിലോ ചാലക്കുടിയിലോ കെട്ടിയിറക്കുമോ എന്ന ഭീതി സംസ്ഥാന നേതാക്കള്‍ക്കുണ്ട്.

തൃശ്ശൂരിന് പകരം ബിഡിജെഎസിന് മറ്റൊരു സീറ്റ് നല്‍കിയാല്‍ പട്ടികയില്‍ ചെറിയ മാറ്റങ്ങളുണ്ടാകും. പി ജയരാജനെതിരെ വടകരയില്‍ വോട്ട് മറിക്കാന്‍ നീക്കമുണ്ട്്. ഇതിന് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

സംസ്ഥാന നേതൃത്വത്തിലെ മറ്റ് പ്രമുഖരെല്ലാം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പട്ടികയിലെ വനിതാ പ്രാതിനിധ്യം ശോഭാ സുരേന്ദ്രനില്‍ ഒതുങ്ങും. സമിതിയില്‍ കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News