ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദില്‍ നിന്നും അഹമ്മദാബാദില്‍ നിന്നുമുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സ്ഥിരീകരണം. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിവെപ്പില്‍ കാണാതായവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നുണ്ട്. അന്‍സി കരിപ്പാക്കുളം ആലിബാബ എന്ന 25 വയസുകാരിയെ ആണ് കാണാതായിരിക്കുന്നത്.

അതേസമയം ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്റണ്‍ ടാരന്റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആസ്‌ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്റണ്‍ ടാരന്റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്.