വാഗ്ദാനങ്ങളൊക്കെയും കടലാസില്‍; കര്‍ഷക സ്നേഹം കള്ളത്തരം; ആത്മഹത്യാ ഗ്രാഫ് മുകളിലേക്ക്

അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളാണ‌് കാർഷിക കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട‌് പ്രഖ്യാപനങ്ങൾ നടത്തിയത‌്.

വിവിധ പദ്ധതികൾ ഇതിനായി തയ്യാറാക്കി. പക്ഷേ, ഭൂരിപക്ഷം പദ്ധതികളും കടലാസിൽ ഒതുങ്ങി. കർഷക ആത്മഹത്യകളുമായും കാർഷിക കടം എഴുതിത്തള്ളിയതുമായും ബന്ധപ്പെട്ട രേഖകൾ ജനുവരിയിലാണ‌് രാജ്യസഭയിൽ വരുന്നത‌്.

കടാശ്വാസം പ്രഖ്യാപിച്ച ഒരു സംസ്ഥാനത്തുപോലും പദ്ധതികൾ കൃത്യമായി നടപ്പാക്കിയില്ലെന്ന‌് കണക്കുകൾ വ്യക്തമാക്കുന്നു.

അനുവദിച്ച തുക പൂർണമായും വിനിയോഗിച്ചില്ല. കാർഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനങ്ങൾ തുടരുമ്പോഴും കർഷക ആത്മഹത്യയുടെ ഗ്രാഫ‌് മുക‌ളിലേക്കുപോകുന്നു.

ആന്ധ്രപ്രദേ‌ശിൽ 43,000 കോടിയാണ‌് കാർഷിക കടം എഴുതിത്തള്ളാൻ നായിഡു സർക്കാർ പ്രഖ്യാപിച്ചത‌്. എന്നാൽ, അഞ്ചുവർഷത്തിനിടയിൽ എഴുതിത്തള്ളിയത‌് 24,000 കോടി മാത്രം. കർഷകരുടെയും വനിതാ സ്വയംസഹായസംഘങ്ങ‌ളുടെയും വായ‌്പകൾ ഉൾപ്പെടെയായിരുന്നു ഇത‌്.

2017ൽ ഉത്തർപ്രദേശ‌് സർക്കാർ ഒരുലക്ഷം രൂപവരെയുള്ള കാർഷിക വായ‌്പകൾ എഴുതിത്തള്ളുമെന്നാണ‌് പ്രഖ്യാപിച്ചത‌്.

ഏഴുലക്ഷത്തോളം കർഷകർക്ക‌് പ്രയോജനം ലഭിക്കാൻ 36,359 കോടി രൂപയാണ‌് മാറ്റിവച്ചത‌്. വിനിയോഗിച്ചത‌് 24,663 കോടി മാത്രം.

31 ലക്ഷം കർഷകർക്ക‌് പ്രയോജനം ലഭിക്കുന്ന രീതിയിൽ 34,022 കോടിയുടെ കാർഷിക കടം എഴുതിത്തള്ളുന്ന പദ്ധതിയാണ‌് മഹാരാഷ‌്ട്ര സർക്കാർ പ്രഖ്യാപിച്ചത‌്. എന്നാൽ, 16,046 കോടി മാത്രമാണ‌് എഴുതിത്തള്ളിയത‌്.

പഞ്ചാബ‌് സർക്കാർ 10,000 കോടി പ്രഖ്യാപിച്ചപ്പോൾ അനുവദിച്ചത‌് 1818 കോടി മാത്രം. പ്രയോജനം ലഭിച്ച കർഷകർ 18 ശതമാനമായി ഒതുങ്ങി.

കാർഷിക കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട‌് മൂന്ന‌് വ്യത്യസ്ത പദ്ധതിയാണ‌് 2017,- 2018 വർഷങ്ങ‌ളിൽ കർണാടക സർക്കാർ പ്രഖ്യാപിച്ചത‌്.

മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി പ്രഖ്യാപിച്ച 34,000 കോടിയുടെ കാർഷിക കടം എഴുതിത്തള്ളുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ വിനിയോഗിച്ചത‌് 7866 കോടി.

തമിഴ‌്നാട‌്, തെലങ്കാന സംസ്ഥാനങ്ങ‌ളിൽ മാത്രമാണ‌് പ്രഖ്യാപിച്ച തുകയോടടുത്ത‌് കടം എഴുതിത്തള്ളിയത‌്. തമിഴ‌്നാട്ടിൽ ജയല‌ളിതാ സർക്കാരിന്റെ കാലത്ത‌് 5780 കോടി എഴുതിത്തള്ളുമെന്ന‌് പ്രഖ്യാപിച്ചതിൽ 5318 കോടി എഴുതിത്തള്ളി. തെലങ്കാന സർക്കാർ 2014ൽ പ്രഖ്യാപിച്ച 17,000 കോടിയിൽ 16,124 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി.

മഹാരാഷ്ട്രയിൽ 5 വർഷത്തിനിടെ ജീവനൊടുക്കിയത‌് 14,034 കർഷകർ

രാജ്യത്ത‌് ഏറ്റവുമധികം കർഷകർ ആത്മഹത്യ ചെയ്യുന്ന മഹാരാഷ‌്ട്രയിൽ അഞ്ചുവർഷത്തിനിടയിൽ 14,034 കർഷകരാണ‌് ജീവനൊടുക്കിയത‌്.

പ്രതിദിനം 8 കർഷകർ കടബാധ്യതമൂലം ജീവനൊടുക്കുന്നുവെന്നാണ‌് കണക്കുകൾ. മഹാരാഷ‌്ട്ര സർക്കാർ 2017ൽ 34,022 കോടി രൂപയുടെ കടം എഴുതിത്തള്ളുമെന്ന‌് പ്രഖ്യാപിച്ചശേഷം 4500 കർഷകരാണ‌് ആത്മഹത്യ ചെയ്തത‌്. സർക്കാർ കണക്കുകൾ തന്നെയാണ‌് ആത്മഹത്യയുടെ ഭീകരത വെളിപ്പെടുത്തുന്നത‌്.

2017 ജൂണിനും ഡിസംബറിനും ഇടയിൽ 1755 കർഷകർ ജീവനൊടുക്കി. 2018ൽ 2761ൽ എത്തി. 34,022 കോടിയാണ‌് കാർഷിക കടബാധ്യത എഴുതിത്തള്ളാനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസ‌് പ്രഖ്യാപിച്ചത‌്.

ഏകദേശം 89 ലക്ഷം കർഷകർക്ക‌് പ്രയോജനം ലഭിക്കുമെന്നായിരുന്നു അന്ന‌് പറഞ്ഞത‌്. എന്നാൽ, പദ്ധതിയുടെ പ്രയോജനം ലഭിച്ചത‌് 32 ശതമാനം കർഷകർക്ക‌ുമാത്രം.

ദേശീയ മനുഷ്യാവകാശ കമീഷന്റെ കണക്കനുസരിച്ച‌് 2011 ജനുവരി മുതൽ 2014 ഡിസംബർ വരെ 6268 കർഷക ആത്മഹത്യയാണ‌് മഹാരാഷ‌്ട്രയിൽ റിപ്പോർട്ട‌് ചെയ്തത‌്.

അടുത്ത നാലു വർഷമായപ്പോഴേക്കും (2015–-18) മരണസംഖ്യ ഇരട്ടിയായി. 2015ൽ മനുഷ്യാവകാശ കമീഷനയച്ച കത്തിൽ കടബാധ്യത, വിളനാശം, വായ‌്പകൾ തിരിച്ചടയ‌്ക്കാൻ സാധിക്കാതിരിക്കുക, മക്കളുടെ വിവാഹാവശ്യത്തിനും മറ്റും പണമില്ലാതെ വരിക തുടങ്ങിയവയാണ‌് കർഷക ആത്മഹത്യയുടെ പ്രധാന കാരണങ്ങ‌ളായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത‌്.

വാഗ്‌ദാനങ്ങൾ കടലാസിൽ

കർഷകർക്ക‌് നിരവധി ആനുകൂല്യങ്ങൾ നൽകുമെന്നും അഞ്ചു വർഷത്തിനകം കാർഷിക ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും വാഗ‌്ദാനം നൽകിയാണ‌് 2014ൽ ബിജെപി അധികാരത്തിൽ വന്നത‌്. പരിഹാരമാകാതെ അവശേഷിക്കുന്ന കാർഷികപ്രശ‌്നങ്ങൾ മോഡിസർക്കാരിന്റെ ഭരണപരാജയം എത്രത്തോളമാണെന്ന‌് വ്യക്തമാക്കുന്നതാണ‌്.

മോഡി വാഗ‌്ദാനങ്ങ‌ൾ

മോഡിയുടെ ഭരണത്തിന് കീഴിൽ ഒരിക്കൽപോലും കാർഷികമേഖല വളർച്ചയുടെ താളം കണ്ടെത്തിയില്ല. രാജ്യത്തെ കർഷകർ രൂക്ഷ പ്രതിസന്ധിയിലായിരിക്കെ കാർഷിക വളർച്ചനിരക്ക‌് കുത്തനെ ഇടിഞ്ഞു. നടപ്പു സാമ്പത്തികവർഷം കൃഷി അനുബന്ധമേഖലയിലെ വളർച്ച 2.7 ശതമാനമായാണ‌് വിലയിരുത്തൽ.

മൊത്തം ആഭ്യന്തര വളർച്ചനിരക്ക‌് കുറയാനും ഇത‌് ഇടയാക്കി. കഴിഞ്ഞ സാമ്പത്തികവർഷം അഞ്ച‌് ശതമാനമായിരുന്നു വളർച്ച. 17 സംസ്ഥാനങ്ങളിൽ കർഷകരുടെ വാർഷിക വരുമാനം വെറും 20,000 രൂപ ആയി ഇന്നും തുടരുകയാണ്.

ഉൽപ്പാദനച്ചെലവിന്റെ ഇരട്ടിത്തുക താങ്ങുവില

അരി, ചോളം, നിലക്കടല, സോയാബീൻ തുടങ്ങിയ വിളകൾക്ക് ഉൽപ്പാദന ചെലവിന് മുകളിൽ 50 ശതമാനം താങ്ങുവില സർക്കാർ നൽകുമെന്നും പ്രഖ്യാപിച്ചു. എന്നാൽ‌, താങ്ങുവിലയിൽ നാമമാത്ര വർധനമാത്രമാണ് ലഭിച്ചത‌്.

രാജ്യത്ത‌് 6 ശതമാനം കർഷകർക്ക് മാത്രമാണ് താങ്ങുവിലയെ അടിസ്ഥാനപ്പെടുത്തി കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നത്. സർക്കാർതലത്തിലുള്ള സംഭരണം യഥാസമയം ആരംഭിക്കാത്തതിനാൽ വ്യാപാരികൾ നൽകുന്ന തുച്ഛവിലയ്ക്ക് ഉൽപ്പന്നം വിറ്റഴിക്കേണ്ടിവരുന്നു.

സവാള, തക്കാളി, ഉരുളക്കിഴങ്ങ‌് തുടങ്ങിയവ കർഷകർ നശിപ്പിക്കുകയായിരുന്നു. ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഗോതമ്പ‌് എന്നിവയുടെ ഉൽപ്പാദനത്തിലെല്ലാം രാജ്യം പിന്നോട്ടുപോയി.

അറുപത‌് വയസ്സിന‌് മുക‌ളിലുള്ള എല്ലാകർഷകർക്കും ക്ഷേമപദ്ധതികൾ

ഒന്നും നടപ്പായില്ല. ഇടക്കാല ബജറ്റിൽ കർഷകരുടെ അക്കൗണ്ടിലേക്ക‌് 2000 രൂപ നൽകുമെന്ന‌് പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക‌് ഫോണിൽ സന്ദേശം ലഭിച്ച‌് മണിക്കൂറുകൾക്കകം തുക പിൻവലിച്ചതായും അറിയിപ്പ‌ു വന്നു.

വിള ഇൻഷുറൻസ‌്, കാർഷിക വായ‌്പകൾ

റിലയൻസിനെപ്പോലുള്ള സ്വകാര്യ കമ്പനികൾക്കാണ‌് വിള ഇൻഷുറൻസ‌ിന്റെ നേട്ടം ലഭിച്ചത‌്. വൻകിട കർഷകർക്കും സ്വകാര്യ ഇൻഷുറൻസ‌് കമ്പനികൾക്കും പദ്ധതി വൻ നേട്ടമായപ്പോൾ ഇടത്തരം, ചെറുകിട കർഷകർക്ക‌് ഒരു പ്രയോജനവും ലഭിച്ചില്ല.

കൃഷിയിലും ഗ്രാമീണ വികസനത്തിലും പൊതുനിക്ഷേപം വർധിപ്പിക്കും

ഉൽപാദനച്ചെലവ് കുറഞ്ഞ കൃഷിരീതികൾ വഴി 50 ശതമാനം ലാഭം ഉറപ്പാക്കും, വിളവെടുപ്പിനും മറ്റുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കാർഷിക മേഖലയുമായി ബന്ധിപ്പിച്ച‌് കൂടുതൽ പ്രവർത്തനങ്ങൾ നടത്തും തുടങ്ങിയ പ്രഖ്യാപനങ്ങളും പാഴ‌്‌വാക്കായി.

തൊഴിലുറപ്പ‌് പദ്ധതിതന്നെ അട്ടിമറിക്കാനാണ‌് കേന്ദ്രസർക്കാർ ശ്രമിച്ചത‌്. ഭൂരഹിത കർഷകർക്ക‌് സഹായകമാകുന്ന രീതിയിൽ ഭൂപരിഷ‌്കരണം നടപ്പാക്കിയില്ല. പകരം കൃഷിഭൂമി വൻതോതിൽ ഏറ്റെടുത്ത‌് കുത്തകൾക്ക‌് കൈമാറുകയായിരുന്നു. രാസവളത്തിന്റെ വില കുത്തനെ കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News