മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്; എന്‍ഡിഎ മുഖ്യ രാഷ്ട്രീയശക്തിയല്ല : കോടിയേരി ബാലകൃഷ്ണന്‍

മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. എന്‍ഡിഎ മുഖ്യ രാഷ്ട്രീയശക്തിയല്ല കോടിയേരി ബാലകൃഷ്ണന്റെ അവലോകനം.

കോടിയേരിയുടെ ലേഖനം പൂര്‍ണ്ണരൂപത്തില്‍:
ലോക്‌സഭാ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളമൊരുങ്ങിക്കഴിഞ്ഞു. ഇവിടെ മത്സരം മുഖ്യമായി എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സംസ്ഥാനത്ത് പൊതുവില്‍ മുഖ്യ രാഷ്ട്രീയശക്തിയല്ല.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഇതരമുന്നണികളെ അപേക്ഷിച്ച് എല്‍ഡിഎഫ് വളരെ മുന്നിലെത്തിയിരിക്കുകയാണ്. 20 ലോക്‌സഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ബിജെപി സര്‍ക്കാരിനെ പുറത്താക്കി മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണം
പത്ത് കക്ഷികള്‍ ചേര്‍ന്നതാണ് എല്‍ഡിഎഫ്. അതിനു പുറമെ, മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുമുണ്ട്. ഇവരുടെയെല്ലാം പൊതുസ്ഥാനാര്‍ഥികളായാണ് 20 പേരും രംഗത്തുള്ളത്.

ഏതെങ്കിലും ഘടകകക്ഷികളെ പ്രതിനിധാനം ചെയ്യുന്നവരാണ് സ്ഥാനാര്‍ഥികളെങ്കിലും അവരെല്ലാം മുന്നണികളിലെ എല്ലാ കക്ഷികളുടെയും മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുടെയും സ്വന്തം സ്ഥാനാര്‍ഥികളാണ്. എല്‍ഡിഎഫ് നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ പൊതുവില്‍ ട്രേഡ് യൂണിയന്‍, കര്‍ഷകകര്‍ഷകത്തൊഴിലാളി മഹിള യുവജന വിദ്യാര്‍ഥി തുടങ്ങിയ മുന്നണികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്.

എല്ലാ വര്‍ഗ ബഹുജന രംഗങ്ങളിലെയും പ്രാതിനിധ്യമുണ്ട്. മാധ്യമം കലാ സാംസ്‌കാരികം ചലച്ചിത്രം തുടങ്ങിയ മേഖലകളില്‍നിന്നുള്ളവരും സ്ഥാനാര്‍ഥികളാണ്. ഓരോ സ്ഥാനാര്‍ഥിയെയും നാട് ആവേശത്തോടെയും സ്‌നേഹത്തോടെയും ഏറ്റെടുത്തതിന്റെ ദൃശ്യമാണ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനുകളിലെ ജനപങ്കാളിത്തം.

ഈ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ചില പ്രത്യേകതകളുണ്ട്. അത് ദേശീയമായും സംസ്ഥാനാടിസ്ഥാനത്തിലുമുള്ള ചില ഘടകങ്ങളാണ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെ പുറത്താക്കി മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കണം. 2004ല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സാധിച്ചത് അതുകൊണ്ടാണ്. അന്ന് കേരളത്തില്‍ 20ല്‍ 18ലും വിജയിപ്പിച്ചത് ഇടതുപക്ഷത്തെയാണ്.

കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. എന്നാല്‍, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെകൂടി അടിസ്ഥാനത്തില്‍ ബിജെപിയെ അധികാര ഭ്രഷ്ടമാക്കാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും കഴിഞ്ഞു. 2004ലെ ആ ചരിത്രം ഉയര്‍ന്ന രൂപത്തില്‍ ആവര്‍ത്തിക്കാനുള്ള അവസരമായി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേരളഫലത്തെ മാറ്റണം.

എല്‍ഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പിലാണ്. ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തെ നേരിടുന്നതിലും ചെറുക്കുന്നതിലും നവഉദാരവല്‍ക്കരണ സാമ്പത്തികനയത്തെ നിരാകരിക്കുന്നതിലും അചഞ്ചല നിലപാടുള്ളത് എല്‍ഡിഎഫിനാണ്.

എന്നാല്‍, യുഡിഎഫ് വര്‍ഗീയശക്തികളോട് വിട്ടുവീഴ്ച ചെയ്യുകയും കോര്‍പറേറ്റ് വല്‍ക്കരണനയം സ്വീകരിക്കുകയും ചെയ്യുന്നു. യുഡിഎഫിനെയും ആ മുന്നണി നയിക്കുന്ന കോണ്‍ഗ്രസിനെയും ഹിന്ദുവര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാനാകില്ല. ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപി.

കണ്ണടച്ച് തുറക്കുംമുമ്പാണ് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും കാവിയുടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ ഇരുനൂറോളം എംഎല്‍എമാരും എംപിമാരുമാണ് ബിജെപിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ ചൊവ്വാഴ്ച ചേര്‍ന്ന വേളയില്‍ത്തന്നെ ഗുജറാത്തിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറി.

എന്നാല്‍, പണംകൊണ്ട് മൂടിയാലും അധികാര സോപാനങ്ങള്‍ നീട്ടിയാലും കാലിടറാത്തവര്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരായ ജനപ്രതിനിധികളാണ്.

കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഈ വര്‍ഗസ്വഭാവ വ്യത്യാസം ഈ രണ്ട് പാര്‍ടികളും നയിക്കുന്ന മുന്നണികളുടെ കെട്ടുറപ്പിലും രാഷ്ട്രീയത്തിലും കാണാം. അതുകൊണ്ടാണ് എല്‍ഡിഎഫിന് കലാപരഹിതമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും മുന്നണിയെന്ന നിലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും കഴിയുന്നത്.

എന്നാല്‍, യുഡിഎഫും കോണ്‍ഗ്രസും ചരട് പൊട്ടിയ പട്ടംപോലെ ദിശയില്ലാതെ പറക്കുകയാണ്. കേരള കോണ്‍ഗ്രസി (എം)ന്റെ കോട്ടയത്തെ സ്ഥാനാര്‍ഥിയായി കെ എം മാണി ഒരാളെ പ്രഖ്യാപിച്ചപ്പോള്‍, നേരത്തെതന്നെ സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി ജെ ജോസഫ് അതൃപ്തി പരസ്യപ്പെടുത്തി.

ആ പാര്‍ടിയിലെ ശക്തമായ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്താണ്. മാണിയുടെ സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസില്‍ കലാപമായി. കോട്ടയത്ത് ചേര്‍ന്ന കോണ്‍ഗ്രസ് യോഗം അലസിപ്പിരിഞ്ഞു. സീറ്റും സ്ഥാനാര്‍ഥിയും യുഡിഎഫിനെ സംഘര്‍ഷഭരിതമാക്കിയിരിക്കുന്നു. മറ്റൊരു വശത്ത് ബിജെപിക്കും സ്ഥാനാര്‍ഥികളെ യോജിച്ച് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ സംഘടനാപരമായും രാഷ്ട്രീയമായും പ്രതിസന്ധിയിലാണ്.

പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കണം
ആര്‍എസ്എസ് നയിച്ച ബിജെപിയുടെ അഞ്ചുവര്‍ഷത്തെ ഭരണവും എല്‍ഡിഎഫിന്റെ മൂന്നുവര്‍ഷത്തെ ഭരണവും മുന്‍ യുഡിഎഫ് ഭരണവും താരതമ്യപ്പെടുത്തി വോട്ട് തീരുമാനമെടുക്കാനുള്ള അവസരമാണ് കരഗതമായിരിക്കുന്നത്. വോട്ടെടുപ്പ് ആയതോടെ വാഗ്ദാനങ്ങളുടെ പെരുമഴയായിട്ടുണ്ട്.

പക്ഷേ, കഴിഞ്ഞ കാലങ്ങളില്‍ പ്രകടനപത്രികയിലൂടെയും അല്ലാതെയും ജനങ്ങളെ കബളിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്രമോഡിയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം നടപ്പാക്കി എന്നതിന്റെ കണക്കെടുപ്പ് നടത്തിയാല്‍ ജനവഞ്ചനയുടെ എവറസ്റ്റ് കയറിയവരാണ് മോഡിയും കൂട്ടരുമെന്ന് വ്യക്തമാകും.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അധികാരത്തില്‍ വരുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്രത്തോളം നടപ്പാക്കിയെന്ന പരിശോധന നടത്തുന്ന ഔദ്യോഗിക സ്വാതന്ത്ര്യ സംവിധാനങ്ങള്‍ ഇന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ബിജെപിക്കും മോഡിക്കും കോണ്‍ഗ്രസിനും ജനങ്ങളെ വീണ്ടും അഭിമുഖീകരിക്കാന്‍ കഴിയാതെവരുമായിരുന്നു. എന്നാല്‍, കേരളത്തില്‍ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 600 രൂപയായിരുന്ന ക്ഷേമപെന്‍ഷന്‍ 1000 ദിന ഭരണത്തില്‍ 1200 രൂപയായി.

ക്ഷേമപെന്‍ഷന്‍ കിട്ടുന്നവരുടെ എണ്ണം സംസ്ഥാനത്ത് 51 ലക്ഷമായി. നിയമന നിരോധനമില്ലാതാക്കി. സര്‍ക്കാര്‍ സര്‍വീസില്‍ 1,56,000 പേരെ പിഎസ്സി മുഖാന്തരം നിയമിച്ചു. 20,000 പുതിയ തസ്തിക സൃഷ്ടിച്ചു. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, ദേശീയപാത വികസനം എന്നിവ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിച്ചു. പച്ചക്കറി നെല്‍ക്കൃഷി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടി. മാലിന്യം അടിഞ്ഞ നദികള്‍ക്കും ചാലുകള്‍ക്കും പുനര്‍ജനിയുണ്ടായി. 17,182 കീലോമീറ്റര്‍ നദികളും തോടുകളും പുനര്‍നിര്‍മിച്ചു.

കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചയ്ക്കുശേഷവും ഒപി സംവിധാനം വന്നു. ഡോക്ടറെ കാണുംമുമ്പ് ഫ്രീ മെഡിക്കല്‍ ചെക്കപ്പിനും കൗണ്‍സലിങ്ങിനുമുള്ള സൗകര്യമുണ്ടായി. രണ്ട് കൊല്ലത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ 3,41,293 കുട്ടികള്‍ അധികമായെത്തി.

നേഴ്‌സുമാരടക്കം 20ല്‍പ്പരം തൊഴില്‍വിഭാഗങ്ങളുടെ മിനിമംവേതനം പരിഷ്‌കരിച്ചു. ഇതിന്റെയെല്ലാം ഫലമായി കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം സ്വാഭാവികമായി കൂടുകയാണ്. മോഡി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുമ്പോള്‍, പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കും നാടിനുമൊപ്പം നിലകൊള്ളുകയാണ്.

വാഗ്ദാനലംഘനം കാരണം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട മോഡി ഭരണം ദേശരക്ഷയുടെയും മറ്റും പേരുപറഞ്ഞ് ഭരണ പരാജയം മറികടക്കാനുള്ള കൗശലത്തിലാണ്. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണവും അതിന്റെ 12–ാം ദിവസം പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍സേന നടത്തിയ വ്യോമാക്രമണവും തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കാനാണ് സംഘപരിവാര്‍ പരിശ്രമിക്കുന്നത്.

എന്തുകൊണ്ട് ദേവഗൗഡയും വി പി സിങ്ങും ഐ കെ ഗുജ്‌റാളുമെല്ലാം പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ കശ്മീര്‍പ്രശ്‌നം ഇന്നത്തെപ്പോലെ സ്‌ഫോടനാത്മകമാകാതിരുന്നത്, എന്തുകൊണ്ട് അന്ന് പാകിസ്ഥാന്‍ ഇന്ത്യ ബന്ധം ഇന്നത്തെപ്പോലെ വഷളായില്ല എന്നീ ചോദ്യങ്ങള്‍ ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞന്മാര്‍ ഉന്നയിക്കുന്നുണ്ട്. അത്തരം ചോദ്യമുയര്‍ത്തുന്നവര്‍ ദേശവിരുദ്ധരല്ല. ഭീകരരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം യുദ്ധഭ്രാന്ത് വളര്‍ത്താതിരിക്കുകയും വേണം.

ഭരണപരാജയം ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനാണ് യുദ്ധജ്വരം മോഡിയും കൂട്ടരും വളര്‍ത്താന്‍ ശ്രമിക്കുന്നത്. മോഡി തന്റേടമുള്ള ധീരനായ ഭരണാധികാരിയാണെന്നാണ് സൈബര്‍ ലോകത്തിലൂടെ ഹിന്ദുത്വശക്തികള്‍ തെളിയിക്കുന്നത്. എന്നാല്‍, കള്ളപ്പണക്കാരുടെയും തട്ടിപ്പുകാരുടെയും മുന്നില്‍ കവാത്ത് മറക്കുന്നു നരേന്ദ്ര മോഡി.
എല്‍ഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സിപിഐ എം പ്രവര്‍ത്തകരും വര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തകരും എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരും അക്ഷീണമായി രംഗത്തിറങ്ങണം. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സമീപിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ഉത്തരവാദിത്തം നിര്‍വഹിക്കണം

ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിദേശത്തുനിന്നുള്ള കള്ളപ്പണം പിടിച്ചെടുക്കാനും ഓരോ ഇന്ത്യന്‍ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നല്ലോ. പക്ഷേ, കള്ളപ്പണം കണ്ടുകെട്ടിയില്ലെന്നുമാത്രമല്ല, ബാങ്കുകളെ പറ്റിച്ച് രാജ്യസമ്പത്ത് കൊള്ളയടിച്ച് വിദേശത്ത് കടന്ന വിജയ് മല്യ, നീരവ് മോഡി തുടങ്ങിയവര്‍ക്ക് മോഡി ഭരണം തുണയായിരിക്കുകയാണ്.

13,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്ന് മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ലണ്ടനില്‍ അത്യാഡംബര ജീവിതം നയിക്കുന്നത് ലണ്ടനിലെ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടു. ലണ്ടനില്‍ എട്ട് ദശലക്ഷം പൗണ്ടിന്റെ പുതിയ ആഡംബര വില്ല പണിയുകയാണ്. വജ്രവ്യാപാരവും ഈ തട്ടിപ്പുകാരന്‍ തകൃതിയായി നടത്തുന്നു.

ടെലിഗ്രാഫിന്റെ പ്രതിനിധി കാണാന്‍ ചെല്ലുമ്പോള്‍ ഇദ്ദേഹം ധരിച്ചിരിക്കുന്ന കോട്ട് ഒമ്പത് ലക്ഷം രൂപയുടേതാണ്. ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിച്ച് കടന്ന ഈ തട്ടിപ്പുകാരന് സ്വതന്ത്രവിഹാരം നടത്താനുള്ള ലൈസന്‍സാണ് പ്രധാനമന്ത്രി മോഡി നല്‍കിയിരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ കരുത്തനായ ഭരണാധികാരിയെന്ന് വിളിക്കാന്‍ സാമാന്യബോധമുള്ള ഒരാളും തയ്യാറാകില്ല.

ഒരു നട്ടപ്പാതിരയ്ക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചപ്പോള്‍ മോഡി രാജ്യത്തോട് പറഞ്ഞത് ഇതിന്റെ ഗുണം 50 ദിവസത്തിനുള്ളില്‍ കണ്ടില്ലെങ്കില്‍ എന്നെ പച്ചയോടെ കത്തിക്കൂ എന്നാണ്.

മന്ത്രിസഭയെ മറികടന്നും റിസര്‍വ് ബാങ്കിനെ നിരാകരിച്ചും നടപ്പാക്കിയ മണ്ടന്‍ പരിഷ്‌കാരമായ നോട്ട് നിരോധനത്തിന്റെ ആഘാതത്തിലാണ് രാജ്യം ഇന്നും. ഇതിനെല്ലാം പുറമെയാണ് വര്‍ഗീയവിഷം കത്തിച്ചുള്ള ആള്‍ക്കൂട്ട ഗോരക്ഷാ കൊലപാതകങ്ങള്‍. ഭരണഘടനയെയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്ന മോഡിഭരണം അവസാനിപ്പിക്കേണ്ടത് ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

ബിജെപി ഭരണം തൂത്തെറിയാനും പകരം മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തിലേറ്റാനും ഇടതുപക്ഷത്തിന്റെ കരുത്ത് പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കണം. അതിനുവേണ്ടി എല്‍ഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സിപിഐ എം പ്രവര്‍ത്തകരും വര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തകരും എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരും അക്ഷീണമായി രംഗത്തിറങ്ങണം. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സമീപിക്കാനും കാര്യങ്ങള്‍ വിശദമാക്കാനുമുള്ള ഉത്തരവാദിത്തം നിര്‍വഹിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here