ഫാസിസത്തിനെ ചെറുക്കാന്‍ യുവ ഗവേഷകസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

യുക്തിചിന്തയും ശാസ്ത്രബോധവും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനുള്ള ഫാസിസത്തിന്റെ ശ്രമത്തെ ചെറുക്കാന്‍ യുവ ഗവേഷകസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശാസ്ത്രബോധവും യുക്തിബോധവും ഇല്ലാതാകുന്ന സമൂഹത്തിലേ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുവെന്നാണ് ഫാസിസ്റ്റ് ശക്തികളുടെ ധാരണ. അതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മോഡി ഇന്ത്യയാണ്, ഇന്ത്യ മോഡിയാണ് എന്ന ആശയമാണ് പ്രചരിപ്പിക്കുന്നത്.

സാക്ഷി മഹാരാജിന്റെ പ്രസംഗം ഇതിലേക്കുള്ള ചൂണ്ടുവഴിയാണ്. യങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ജനാധിപത്യം നിലനില്‍ക്കാനുള്ള പോരാട്ടമാണ് പണ്ഡിതന്മാരും ചിന്തകരും ഗവേഷകരും ഏറ്റെടുക്കേണ്ടത്. പ്രതിലോമശക്തികളെ യുവത്വം ചോദ്യംചെയ്യണം. ജാതിമേധാവിത്വം നിലനിന്ന നാടാണ് നമ്മുടേത്.

ഇപ്പോഴും ഒരുകൂട്ടര്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ക്കുകയാണ്. അനാചാരങ്ങളാണെന്ന് ബോധ്യപ്പെട്ടിട്ടും ചില ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും തിരുത്താനുള്ള സമൂഹത്തിന്റെ ശ്രമങ്ങളെ എതിര്‍ക്കുകയാണ് ചിലര്‍.

സമൂഹത്തെ പിന്നോട്ടുനടത്താനാണ് ഇക്കൂട്ടരുടെ ശ്രമം. കേരളത്തിലും ഈ പ്രവണത വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണം. സാമൂഹ്യ ഇടപെടലിലൂടെ മാറ്റിമറിച്ച കേരളത്തെ വീണ്ടും ജാതീയതയിലേക്ക് നടത്താനുള്ള നീക്കങ്ങള്‍ ആശങ്കാജനകമാണ്.

സ്ത്രീപദവി ഉയര്‍ത്താനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നതും ഇതിന്റെ ഭാഗമാണ്. ലിംഗനീതിയും ചോദ്യം ചെയ്യുന്നു. പട്ടികവിഭാഗങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും അകറ്റിനിര്‍ത്താന്‍ ശ്രമിച്ച ആരാധനാലയങ്ങളില്‍ ഇന്ന് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു.

വിജ്ഞാനമെന്നത് ഏകശിലാ വിഗ്രഹമല്ലെന്ന തിരിച്ചറിവ് വ്യാപകമാകുകയാണ്. പഴയ ധാരണകളെ പുതിയ അറിവുകള്‍ മാറ്റിമറിക്കുന്നു. ഗവേഷണ ഫലങ്ങളെ അട്ടിമറിക്കാന്‍ ഭരണവര്‍ഗം ശ്രമിക്കുന്നു. അറിവിനെ അന്ധകാരമാക്കാനാണ് ഒരുകൂട്ടര്‍ ആഗ്രഹിക്കുന്നത്.

കപടവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ ഇതിനായി പരസ്യമായി രംഗത്തെത്തുന്നു. യുവാക്കളാണ് ലോകചരിത്രത്തിലെ ഗതിമാറ്റിയ ഇടപെടലുകള്‍ നടത്തിയത്.

സാമൂഹ്യശാസ്ത്രജ്ഞരുടെ ബഹുഭൂരിപക്ഷം സംഭാവനകളും യൗവ്വനകാലത്താണ് രൂപപ്പെട്ടത്. ഇതെല്ലാം ലോകചരിത്രത്തിന്റെ ഗതി മാറ്റിമറിച്ചു. ഇത്തരം മാറ്റങ്ങളുടെ കാരണങ്ങള്‍ യുവത തിരിച്ചറിയണം.

ക്രിയാത്മകത, തീഷ്ണത, അന്വേഷണപരത തുടങ്ങിയ യുവഗവേഷകരില്‍ നിറയണം. ധൈഷണികതയുടെ ഉത്സവത്തെ എന്നും നിലനിര്‍ത്താന്‍ യുവത മുന്നിട്ടിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News