വയനാട്ടില്‍ വനിതയോട് താല്‍പര്യമില്ലാതെ എ ഗ്രൂപ്പ്; വടകര മണ്ഡലത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് വെട്ടി

കോണ്‍ഗ്രസില്‍ വയനാട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. ഇതു കാരണം വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലും തീരുമാനം നീളുകയാണ്.

ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കളോട് അവിടെ തുടരാന്‍ കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചു. കേരളത്തിലുള്ള ഉമ്മന്‍ചാണ്ടി വീണ്ടും ഡല്‍ഹിക്കുതിരിച്ചു. വയനാട് സീറ്റിനായി എ–ഐ ഗ്രൂപ്പുകള്‍ കൊമ്പുകോര്‍ത്ത സാഹചര്യത്തിലാണ് നാലു സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമായി നീളുന്നത്.

നാലു സീറ്റുകളില്‍ ഞായറാഴ്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുകയാണ്.

വയനാട്ടില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുന്നു. എന്നാല്‍, സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന വാശിയിലാണ് ഐ ഗ്രൂപ്പ്. ഷാനിമോള്‍ ഉസ്മാനെയാണ് വയനാട്ടിലേക്ക് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, വനിത സ്ഥാനാര്‍ഥിയാകുന്നത് ഗുണം ചെയ്യില്ലെന്ന് എ ഗ്രൂപ്പ് വാദിക്കുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഷാനിമോള്‍ക്ക് പുറമെ മറ്റുചില പേരുകള്‍ കൂടി ഐ ഗ്രൂപ്പ് മുന്നോട്ടുവച്ചു. ഈ നാല് മണ്ഡലങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ സിദ്ദിഖ് ഒഴികെ മറ്റെല്ലാവരും ഐ ഗ്രൂപ്പാണെന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

സിദ്ദിഖിനെ വയനാട്ടില്‍ത്തന്നെ നിര്‍ത്തി ഷാനിമോളെ ആലപ്പുഴയിലേക്ക് മാറ്റാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ പേരും വയനാട്ടിലേക്ക് പരിഗണിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടി എത്തിയശേഷം വയനാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നെങ്കിലും ഡല്‍ഹിയിലെ പ്രതിസന്ധി വിലങ്ങുതടിയായി. മറ്റ് പേരുകളൊന്നും ആറ്റിങ്ങലിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നില്ല.

വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഇനിയും സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല. സ്‌ക്രീനിങ് കമ്മിറ്റിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന വിദ്യ ബാലകൃഷ്ണന്റെ പേര് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വെട്ടി.

വടകരയടക്കം തീരുമാനമായെന്ന തരത്തിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, വിജയസാധ്യതയില്ലാത്തതിനാല്‍ വിദ്യയെ ഒഴിവാക്കിയതായും മറ്റേതെങ്കിലും പേര് നിര്‍ദേശിക്കാനും കേന്ദ്രനേതൃത്വം പിന്നീട് സംസ്ഥാന നേതാക്കളെ വിളിച്ചറിയിച്ചു.

ചുരുക്കത്തില്‍ നിലവില്‍ വടകരയിലേക്ക് ഒരു പേര് നിര്‍ദേശിക്കാനാകാതെ കുഴങ്ങുകയാണ് സംസ്ഥാനനേതൃത്വം. സിദ്ദിഖിനെ വടകരയിലേക്ക് മാറ്റാമെന്ന് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും എ ഗ്രൂപ്പ് വഴങ്ങിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News